ബാർ കോഴ ,ഭരണ പ്രതിപക്ഷ നേതാക്കള്‍ ഏറ്റുമുട്ടല്‍ തുടരുന്നു,ചര്‍ച്ചയുടെ തെളിവ് പുറത്ത്

Advertisement

തിരുവനന്തപുരം.ബാർ കോഴ പ്രശ്നത്തില്‍ ഇന്നും ഭരണ പ്രതിപക്ഷ നേതാക്കള്‍ ഏറ്റുമുട്ടല്‍ തുടരുന്നു. വിഷയത്തില്‍ മന്ത്രിമാരെ മാറ്റി നിർത്തി ജുഡിഷ്യൽ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ ആവശ്യപ്പെട്ടു. ആരോപണത്തിൽ സഭയ്ക്കകത്തും പുറത്തും യുഡിഎഫ് പ്രതിഷേധം സംഘടിപ്പിക്കുമെന്ന് കെ മുരളീധരനും മുഖ്യമന്ത്രി അറിഞ്ഞുകൊണ്ടുള്ള തട്ടിപ്പാണ് നടന്നതെന്ന് കേന്ദ്രമന്ത്രി വി.മുരളീധരനും ആരോപിച്ചു. അതേസമയം മദ്യനയത്തിൽ മന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്നും വിഷയത്തിൽ പ്രതിപക്ഷത്തിന് ആദ്യത്തെ ആവേശം ഇല്ലെന്നും മന്ത്രി പി.രാജീവ് പരിഹസിച്ചു.

മദ്യനയത്തില്‍ വിവാദ വെളിപ്പെടുത്തല്‍ വന്ന അന്ന് തുടങ്ങിയ ആരോപണ പ്രത്യാരോപണങ്ങള്‍ക്ക് ഇനിയും ശമനമായിട്ടില്ല. മദ്യനയവുമായി ബന്ധപ്പെട്ട് ബാറുടമകളുമായി ചർച്ച നടന്നില്ല എന്ന മന്ത്രിമാരുടെ അവകാശവാദം പച്ചക്കള്ളമാണെന്നും ഇവരെ മാറ്റി നിർത്തി ജുഡിഷ്യൽ അന്വേഷണം വേണമെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ ആവശ്യപ്പെട്ടു.

ആരോപണത്തിൽ സഭയ്ക്ക് അകത്തും പുറത്തും യുഡിഎഫ് പ്രതിഷേധം സംഘടിപ്പിക്കുമെന്ന് പറഞ്ഞ കെ മുരളീധരന്‍ ബാർ ഉടമ അനിമോന്റെ മലക്കം മറിച്ചിൽ ദുരൂഹത വർദ്ധിപ്പിക്കുന്നതായും ചൂണ്ടിക്കാട്ടി.

മുഖ്യമന്ത്രി അറിഞ്ഞുകൊണ്ടുള്ള തട്ടിപ്പാണ് നടന്നതെന്നും എക്സൈസ് മന്ത്രിയുടെ വിദേശ യാത്രയിൽ ദുരൂഹതയുണ്ടെന്നും കേന്ദ്രമന്ത്രി വി.മുരളീധരന്‍ ആരോപിച്ചു. അതേസമയം മദ്യനയത്തിൽ മന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്നും വിഷയത്തിൽ പ്രതിപക്ഷത്തിന് ആദ്യത്തെ ആവേശം ഇല്ലെന്നുമാണ് പി.രാജീവിന്റെ പരിഹാസം.

അതേസമയം പുതിയ മദ്യനയത്തെ കുറിച്ച് ഒരു ചർച്ചയും നടത്തിയിട്ടില്ലെന്ന സർക്കാർ വാദം നുണയെന്ന് വ്യക്തമാക്കുന്ന തെളിവുകൾ പുറത്ത്.മദ്യനയത്തിലെ മാറ്റം അജണ്ടയാക്കി ടൂറിസം വകുപ്പ് ഈ മാസം 21 നു യോഗം വിളിച്ചിരുന്നു.ബാറുടമകൾ ഉൾപ്പടെ പങ്കെടുത്ത യോഗത്തിൽ ഡ്രൈ ഡേയ് ഒഴിവാക്കുന്നതുൾപ്പടെയുള്ള
വിഷയങ്ങൾ ചർച്ചയായി.അതേ സമയം പുതിയ ബാർ കോഴ വിവാദത്തിനു തുടക്കം കുറിച്ച ബാർ ഉടമ
അനിമോന്റെ ശബ്ദരേഖയിൽ എക്സൈസ് ഇന്റലിജൻസും അന്വേഷണം ആരംഭിച്ചു.മന്ത്രിയുടെ പരാതിയിൽ ക്രൈം ബ്രാഞ്ച് അന്വേഷണം നാളെ മുതൽ ആരംഭിക്കും.

Advertisement