ബാർ കോഴ ആരോപണത്തിൽ സർക്കാർ വീണ്ടും പ്രതിരോധത്തിൽ,നോട്ടെണ്ണൽ യന്ത്രവുമായി യൂത്ത് കോൺഗ്രസ് മാർച്ച് നടത്തി

Advertisement

തിരുവനന്തപുരം . രണ്ടാം ബാർ കോഴ ആരോപണത്തിൽ സർക്കാർ വീണ്ടും പ്രതിരോധത്തിൽ. ടൂറിസം ഡയറക്ടർ വിളിച്ച യോഗത്തിന്റെ രേഖകൾ ചോർന്നതാണ് സർക്കാറിന് മുന്നിലെ പുതിയ പ്രതിസന്ധി. എന്നാൽ യോഗം വിളിച്ചത് മദ്യനയത്തെക്കുറിച്ച് ചർച്ച ചെയ്യാനല്ലെന്നാണ് ടൂറിസം വകുപ്പിന്റെ വിശദീകരണം. വിഷയത്തിൽ പ്രതികരിക്കാൻ ഇതുവരെ പാർട്ടിയോ മന്ത്രിയോ തയ്യാറായിട്ടില്ല. ബാർ ഉടമ അനിമോന്റെ ശബ്ദരേഖയിൽ സർക്കാർ നിർദ്ദേശപ്രകാരം
എക്സൈസ് വിജിലൻസും ക്രൈംബ്രാഞ്ചും നടത്തുന്ന അന്വേഷണം പുരോഗമിക്കുകയാണ്. സഭാ സമ്മേളനം അടുക്കുന്ന സാഹചര്യത്തിൽ വിഷയം ഉയർത്തിപ്പിടിച്ച് പ്രതിഷേധം കടുപ്പിക്കാനാണ് പ്രതിപക്ഷ തീരുമാനം. അതേ സമയം മന്ത്രി എം ബി രാജേഷിന്റെ വീട്ടിലേക്ക് യൂത്ത് കോൺഗ്രസ് മാർച്ച് നടത്തി.

നോട്ടെണ്ണൽ യന്ത്രവുമായിട്ടായിരുന്നു പ്രതിഷേധം. വീടിനുമുന്നിൽ പ്രവർത്തകരെ പോലീസ് ബാരിക്കേഡ് വച്ച് തടഞ്ഞു.
യൂത്ത് കോൺഗ്രസ് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധ മാർച്ച്.


എന്നാൽ മന്ത്രി സ്വകാര്യ സന്ദർശനത്തിന്റെ ഭാഗമായി ഓസ്ട്രിയയിലാണ്. ജൂൺ രണ്ടിനാണ് തിരിച്ചെത്തുക. വരുംദിവസങ്ങളിലും പ്രതിഷേധം കടുപ്പിക്കാനാണ് യൂത്ത് കോൺഗ്രസ് ആലോചിക്കുന്നത്. നിയമസഭാ സമ്മേളനം ആരംഭിക്കുമ്പോൾ വൻ പങ്കാളിത്തത്തോടെ സഭയിലേക്ക് മാർച്ച്‌ നടത്താനും ആലോചനയുണ്ട്.