സ്മാർട്ട് സിറ്റി റോഡുകളുടെ നിർമ്മാണം നീണ്ടുപോകുന്നതിനെതിരെ കോർപറേഷൻ ബിജെപി കൗൺസിലർമാരുടെ കുഴിമൂടി പ്രതിഷേധം

Advertisement

തിരുവനന്തപുരം. സ്മാർട്ട് സിറ്റി റോഡുകളുടെ നിർമ്മാണം നീണ്ടുപോകുന്നതിനെതിരെ കോർപറേഷൻ ബിജെപി കൗൺസിലർമാരുടെ വേറിട്ട പ്രതിഷേധം. നിർമ്മാണത്തിനായി കുഴിച്ച കുഴികൾ മുടിയായിരുന്നു പ്രതിഷേധം. പ്രതിഷേധത്തിന്റെ ഭാഗമായ കൗൺസിലർമാരെ പൊലീസ് അറസ്റ്റ് ചെയ്തു ജാമ്യത്തിൽ വിട്ടയച്ചു. കുഴികൾ മൂടിക്കൊണ്ടുള്ള സമരം തുടരുമെന്ന് കൗൺസിലർമാർ പറഞ്ഞു. അതെ സമയം കുഴി മൂടിയത് റോഡ് നിർമ്മാണം വൈകാൻ കാരണമായേക്കും.

വഴുതക്കാട് ശ്രീമൂലം ക്ലബ്ബിനു മുന്നിലെ കുഴി മൂടിയാണ് തിരുവനന്തപുരം കോർപറേഷനിലെ ബിജെപി അംഗങ്ങൾ പ്രതിഷേധിച്ചത്.റോഡ് നിർമ്മാണത്തിന് എത്തിച്ച മണ്ണും, കല്ലും ഇട്ടാണ് ഒരു ഭാഗത്തെ കുഴി മൂടിയത്. കൂടുതൽ കുഴികൾ മണ്ണിട്ട് മൂടാൻ തുടങ്ങിയതോടെ പൊലീസ് ഇടപെട്ടു.

നിർമ്മാണം തടസ്സപ്പെടുത്തി കുഴികൾ മൂടി എന്നാണു പൊലീസ് പറയുന്നത്. അതെ സമയം നിർമ്മാണം തടസപ്പെടുത്തിയില്ലെന്നും റോഡ് സഞ്ചാരയോഗ്യമാക്കുകയാണ് തങ്ങൾ ചെയ്തതെന്നും കൗൺസിലർമാർ വിശദീകരിക്കുന്നു. അറസ്റ്റിലായ 23 കൗൺസിലർമാരെ വൈകിട്ടോടെ ജാമ്യത്തിൽ വിട്ടു. കുഴി മൂടിയുള്ള പ്രതിഷേധം തുടരാൻ തന്നെയാണ് തീരുമാനമെന്ന് BJP ജില്ല അധ്യക്ഷൻ വിവി രാജേഷ്.

മെയ് 31 നുള്ളിൽ റോഡുകളുടെ നിർമ്മാണം പൂർത്തിയാക്കും എന്നാണു നഗരസഭ ആദ്യം അറിയിച്ചിരുന്നത്. ഇപ്പോൾ ജൂൺ 15നകം പൂർത്തിയാക്കും എന്നാണ് നഗരസഭാ അധികൃതർ പറയുന്നത്. കുഴി മൂടിയത് നിർമ്മാണം വൈകിക്കും എന്നാണ് അതികൃതർ പറയുന്നത്. മഴയും നിർമാണത്തിന് തടസ്സം ആയേക്കും.

Advertisement