കൊച്ചി: അങ്കമാലിയിൽ ഗുണ്ടാ നേതാവിൻ്റെ വീട്ടിൽ പോലീസുകാർക്ക് വിരുന്ന്. കാപ്പ ലിസ്റ്റിൽ ഉൾപ്പെട്ട ഗുണ്ടാ നേതാവ് തമ്മനം ഫൈസലിൻ്റെ വീട്ടിലൊരുക്കിയ വിരുന്നിൽ ആലപ്പുഴ ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പിയടക്കം നാല് പോലീസുകാർ പങ്കെടുത്തെന്നാണ് വിവരം. പുളിയനത്ത് ഞായറാഴ്‌ച വൈകീട്ട് ആറിന് അങ്കമാലി പോലീസ് നടത്തിയ റെയ്‌ഡിലാണ് ഡിവൈഎസ്‌പിയും സംഘവും കുടുങ്ങിയത്.
ഗുണ്ടാ നേതാക്കളുടെ വീട്ടിൽ നടത്തുന്ന ‘ഓപ്പറേഷൻ ആഗ്’ പരിശോധനയുടെ ഭാഗമായാണ് അങ്കമാലി പോലീസ് തമ്മനം ഫൈസലിൻ്റെ വീട്ടിൽ എത്തിയത്. എന്നാൽ, ഡിവൈഎസ്‌പിക്കും പോലീസുകാർക്കുമുള്ള വിരുന്നാണ് നടക്കുന്നതെന്ന് പിന്നീടാണ് വ്യക്തമായത്. റെയ്‌ഡിനെത്തിയ അങ്കമാലി എസ്.ഐയെ കണ്ടതോടെ ഡിവൈഎസ്പി അടക്കമുള്ള പോലീസുകാർ രക്ഷപ്പെടാൻ ശ്രമിച്ചു.
ശുചിമുറിയിൽ കയറിയാണ് ഡിവൈഎസ്പി ഒളിച്ചത്. അങ്കമാലി പോലീസ് വിവരം പിന്നീട് ഉന്നത പോലീസ് ഉദ്യോഗസ്ഥരെ അറിയിച്ചു. റെയ്ഡിൽ കണ്ടെത്തിയ പോലീസുകാരെ അങ്കമാലി പോലീസ് സ്റ്റേഷനിലെത്തിച്ച് വിവരങ്ങൾ ശേഖരിച്ചു. ഡിവൈഎസ്പിയെ കണ്ടെത്തിയതായി പോലീസ് റിപ്പോർട്ടിലില്ല.
ഗുണ്ടയുടെ വീട്ടിൽ നിന്ന് ഡിവൈഎസ്പി രക്ഷപ്പെട്ടത് എസ്ഐയെ വിരട്ടിയാണ്. തന്നെ പിടിക്കാൻ എസ്ഐക്ക് അധികാരമില്ലെന്ന് ഡിവൈഎസ്പി ക്ഷോഭിച്ചു.കൂടെയുള്ളത് തന്നെ സുഹൃത്തുക്കളൊന്നും ഡിവൈഎസ്പി പറഞ്ഞു. പോലീസുകാരാണ് കൂടെയുള്ളതെന്ന് വിവരം ഡിവൈഎസ്പി മറച്ചുവെച്ചു. എന്തെങ്കിലും ചെയ്യാൻ ഉണ്ടെങ്കിൽ ചെയ്തോളാൻ പറഞ്ഞാണ് ഡിവൈഎസ്പി ഗുണ്ടയുടെ വീട്ടിൽ നിന്നും മടങ്ങിയത്. ഡിവൈഎസ്പി പെൻഷൻ ആകാൻ ബാക്കിയുള്ളത് മൂന്ന് ദിവസം
പെൻഷൻ അടക്കം തടയപ്പെടും എന്നുള്ളതിനാലാണ് ഡിവൈഎസ്പിയെ രക്ഷിക്കാൻ എസ്ഐയുടെ മലക്കം മറിച്ചിൽ എന്നാണ് സൂചന. എംജി സാബുവിനെതിരെ മുൻപും പരാതികൾ ഉണ്ടായിരുന്നു. സിപിഐഎം നേതാവ് ഷാനവാസ് പ്രതിയായ ലഹരിക്കടത്ത് കേസിൽ അന്ന് സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പി ആയിരുന്നു. ഷാനവാസിന് അനുകൂലമായി റിപ്പോർട്ട് നൽകിയെന്ന് ആക്ഷേപം ഉയർന്നിരുന്നു. സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് ചോർന്നതും വിവാദമായിരുന്നു.
ഇതിനിടെ ഡിവൈഎസ്പിക്ക് ഒപ്പം വിരുന്ന് പോയ രണ്ട് പോലീസുകാർക്ക് സസ്പെൻഷൻ എന്ന വിവരമുണ്ട്. ഒരു സിപിഒക്കും പോലീസ് ഡ്രൈവർക്കുമാണ് സസ്പെൻഷൻ. ഡിവൈഎസ്പിയുടെ സന്ദർശനത്തെ സംബന്ധിച്ച് എറണാകുളം റൂറൽ അന്വേഷണം ഉണ്ടാകും
അവധിക്കുപോയി തിരിച്ചു വരുമ്പോഴാണ് ഡിവൈഎസ്പിയും സംഘവും ഗുണ്ടാ നേതാവിന്റെ വീട്ടിൽ കയറിയതെന്ന് ആലപ്പുഴ ജില്ലാ പോലീസ് മേധാവി ചൈത്ര തെരേസ ജോൺ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.