തിരുവനന്തപുരം . സംസ്ഥാനത്ത് മദ്യനയം മാറ്റാൻ പോകുന്നുവെന്ന റിപ്പോർട്ട് തള്ളി ചീഫ് സെക്രട്ടറി വി വേണു. പലതലങ്ങളിലും യോഗം ചേർന്നെങ്കിലും അന്തിമ തീരുമാനമായിട്ടില്ലെന്നും ചീഫ് സെക്രട്ടറിയുടെ വാർത്താക്കുറിപ്പ്. എന്നാൽ ബാർകോഴയില്ലെന്നാണ് സംഘടനാ നേതാവ് അനിമോൻ ക്രൈംബ്രാഞ്ചിനു നൽകിയ മൊഴി. ശബ്ദ സന്ദേശം അയച്ചത് കെട്ടിടം വാങ്ങാൻ പ്രസിഡന്റ് സമ്മർദ്ദം ചെലുത്തിയപ്പോഴെന്നും മൊഴിയിലുണ്ട്..അതേസമയം കെട്ടിട വാങ്ങാനെന്ന നേതാവിന്റെ വാദം പൊളിക്കുന്ന രേഖകളും പുറത്തായി.
സംസ്ഥാനത്ത് ഡ്രൈ ഡേ ഒഴിവാക്കാൻ മദ്യനയത്തിൽ മാറ്റം വരുത്താൻ പോകുന്നുവെന്ന പ്രചാരണം അടിസ്ഥാനമില്ലാത്തതെന്നാണ് ചീഫ് സെക്രട്ടറി വ്യക്തമാക്കുന്നത്.സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതിന് നടപടികൾ ആലോചിക്കാൻ ചീഫ് സെക്രട്ടറിയുടെ നിർദേശ പ്രകാരം നടന്ന ചർച്ചകളെ ദുര്‍വ്യാഖ്യാനിച്ചാണ് പ്രചാരണം നടക്കുന്നതെന്നും ഡോക്ടർ വി വേണു വാർത്താക്കുറിപ്പിൽ കുറ്റപ്പെടുത്തി. അതേസമയം ബാർ അസോസിയേഷൻ സംഘടനാ നേതാവ് അനിമോൻ ക്രൈംബ്രാഞ്ചിനു നൽകിയ മൊഴിയിൽ സംസ്ഥാന പ്രസിഡന്റ് വിമർശിച്ച ദേഷ്യത്തിലാണ് ശബ്ദ സന്ദേശം അയച്ചതെന്ന് പറഞ്ഞു.സർക്കാരിന് കോഴ നൽകിയിട്ടില്ലെന്നും കെട്ടിടഫണ്ട് പിരിക്കാൻ സമ്മർദം ഉണ്ടായിരുന്നുവെന്നും അനിമോൻ കൂട്ടിച്ചേർത്തു.എന്നാൽ ഒരു ലക്ഷം രൂപയാണ് കെട്ടിട നിർമ്മാണ പിരിവെന്ന് അസോസിയേഷൻതന്നെ പുറത്തിറക്കിയ പോസ്റ്ററിൽ നിന്ന് വ്യക്തം.ആസ്ഥാന മന്ദിരത്തിനായുള്ള പിരിവ് നേരത്തെ തന്നെ ബാറുടമകളുടെ അസോസിയേഷന്‍ ആരംഭിച്ചിരുന്നെന്നാണ് വിവരം. മദ്യനയത്തിന്റെ കാര്യത്തിൽ ടൂറിസം വകുപ്പ് അമിതമായി ഇടപെടുകയാണെന്നാണ് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍റെ ആരോപണം.
ബാർകോഴ ഇടപാടിൽ മുഖ്യമന്ത്രിക്കും അറിവുണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. വിവാദത്തിലേക്ക് തന്നെ വലിച്ചിഴയ്ക്കുകയാണെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസിന്റെ പ്രതികരണം.
ആരോപണങ്ങളിൽ പ്രതികരിക്കാനില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വ്യക്തമാക്കി. വിഷയത്തിൽ തനിക്ക് ഒരുപരാതിയും ലഭിച്ചിട്ടില്ല എന്നും ഗവർണർ പറഞ്ഞു.