തൃശൂരിൽ ഹോട്ടലിൽ നിന്ന് കുഴിമന്തി കഴിച്ച് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

Advertisement

തൃശൂർ:
ഹോട്ടലില്‍ നിന്ന് കുഴിമന്തി കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ് തൃശൂർ മുളങ്കുന്നത്ത്കാവ് മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന പെരിഞ്ഞനം സ്വദേശി ഉസൈബ (56) മരിച്ചു.ഇന്ന് പുലർച്ചെ 3 മണിയോടെയാണ് ഇവർ മരിച്ചത്. വയറിളക്കവും ഛര്‍ദിയും അടക്കമുള്ള ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് 178പേര്‍ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. കൊടുങ്ങല്ലൂര്‍ പെരിഞ്ഞനത്ത് സെയിൻസ് ഹോട്ടലിൽ നിന്ന് ശനിയാഴ്ച രാത്രി എട്ടരയോടെയാണ് ഇവർ കുഴിമന്തി കഴിച്ചത്.
ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചവര്‍ക്കാണ് ശാരീരിക പ്രശ്നങ്ങള്‍ ഉണ്ടായത്. പാഴ്സല്‍ വാങ്ങി കഴിച്ചവര്‍ക്കും അസ്വസ്ഥത ഉണ്ടായി. പെരിഞ്ഞനം കയ്പമംഗലം സ്വദേശികള്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. കൊടുങ്ങല്ലൂര്‍, ഇരിങ്ങാലക്കുട എന്നിവിടങ്ങളിലെ വിവിധ ആശുപത്രികളിലാണ് എല്ലാവരെയും പ്രവേശിപ്പിച്ചത്.
ആരോഗ്യവകുപ്പും പൊലീസും പഞ്ചായത്തിലെ ഭക്ഷ്യസുരക്ഷാ ജീവനക്കാരും ചേര്‍ന്ന് ഹോട്ടലില്‍ പരിശോധന നടത്തിയിരുന്നു. വൃത്തിഹീനമായ സാഹചര്യത്തിലായിരുന്നു ഹോട്ടൽ പ്രവർത്തിച്ചിരുന്നത് എന്നായിരുന്നു റിപ്പോര്‍ട്ട് .

Advertisement