പത്രക്കാര്‍ കാടുകയറരുത്, റൂബിന്‍റെ അവസ്ഥ കണ്ടോ, വനം വകുപ്പ് നല്‍കുന്ന മുന്നറിയിപ്പ്

Advertisement

ചാലക്കുടി. വനംവകുപ്പിന്റെ പരാതിയില്‍ ട്വന്റിഫോര്‍ അതിരപ്പള്ളി പ്രാദേശിക ലേഖകന്‍ റൂബിന്‍ ലാലിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ അര്‍ധരാത്രി വീട് വളഞ്ഞായിരുന്നു അറസ്റ്റ്.

ഇന്നലെ കാട്ടുപന്നി വാഹനം ഇടിച്ചു കിടക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിക്കുന്നതിനിടെ റൂബിന്‍ ലാലിനെ വനം ഉദ്യോഗസ്ഥര്‍ കയ്യേറ്റം ചെയ്തിരുന്നു. തുടര്‍ന്ന് റൂബിന്‍ ലാല്‍ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയെയെന്ന് ആരോപിച്ചായിരുന്നു അറസ്റ്റ്.

അതേസമയം തന്നെ അതിരപ്പിള്ളി സിഐ സ്റ്റേഷനില്‍ വച്ച് മര്‍ദിച്ചെന്ന് റൂബിന്‍ പറഞ്ഞു. രാത്രി മുതല്‍ റൂബിനെ അടിവസ്ത്രത്തിലാണ് നിര്‍ത്തിയത്. വനിതാ പൊലീസുകാരടക്കം ഡ്യൂട്ടി ചെയ്യുമ്പോഴും വസ്ത്രം നല്‍കിയില്ല. പിന്നീട് ഉന്നത പൊലീസുദ്യോഗസ്ഥര്‍ ഇടപെട്ടതോടെയാണ് വസ്ത്രം പോലീസ് നല്‍കിയതെന്നും റൂബിന്‍ പറഞ്ഞു

അതിരപ്പിള്ളി മേഖലയിലെ വിവിധ ഊരുകളിൽ കഴിയുന്ന ആദിവാസി വിഭാഗത്തിൽപ്പെട്ട ജനങ്ങളുടെ ദുരിതങ്ങൾ പുറത്തു കൊണ്ടുവന്ന വ്യക്തിയാണ് റൂബിൻ ലാൽ. വനംവകുപ്പിന്റെ തെറ്റുകൾക്കെതിരെ അഹോരാത്രം പോരാടിയ മാധ്യമപ്രവർത്തകൻ കൂടിയാണ്.


അതിരപ്പിള്ളി വെള്ളച്ചാട്ടത്തിനു കീഴെയുള്ള വെറ്റിലപ്പാറ സ്വദേശി. സിപിഐഎം നേതാവും സാക്ഷരത പ്രചാരകനും പരിസ്ഥിതി രംഗത്ത് സജീവമായിരുന്ന പിതാവ് മണിലാലിൻ്റെ കൈപിടിച്ച് നടന്നാണ് ഉശ്യനങ്ങളിലെ പൊള്ളുന്ന ആദിവാസി ജീവിതങ്ങളെ തൊട്ടറിഞ്ഞത്. പിന്നീട് പാരിസ്ഥിതിക വിഷയങ്ങളിൽ അടക്കം സജീവമായി ഇടപെട്ട റൂബിൻ അതിരപ്പള്ളി പുഴ സംരക്ഷണ സമിതിയുടെ പ്രവർത്തകനായി.അതിരപ്പിള്ളി അണക്കെട്ടിനെതിരായ സമരമുഖങ്ങളിൽ സജീവ സാന്നിധ്യം.

ട്രീ ക്ലിയർ ഫെല്ലിംഗിൻ്റെ മറവിൽ ആനത്താരകളിലെയും പുഴയോര കാട്ടിലെയും മരം മുറിക്കെതിരെ പരാതികൾ നൽകി. വിവരാവകാശ നിയമം ഉപയോഗിച്ചുകൊണ്ട് നടത്തിയ ഇടപെടലുകളിൽ വനംവകുപ്പ് ഉദ്യോഗസ്ഥർ റൂബിൻ ലാലിനോട് ശത്രുത മനോഭാവമാണ് കാട്ടിയത്. വന സംരക്ഷണ സമിതിയുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേടുകൾ സംബന്ധിച്ച പല വിഷയങ്ങളും വിവരാവകാശ രേഖകൾ വഴി സമാഹരിച്ചു. ഗോത്ര മേഖലയിലെ പ്രശ്നങ്ങളിൽ സജീവമായി ഇടപെടൽ നടത്തി. അനധികൃത റിസോർട്ടുകൾക്കെതിരെയും റിസോർട്ടുകളിൽ നിന്നും ചാലക്കുടിപ്പുഴയിലേക്കുള്ള മാലിന്യം തള്ളുന്ന നടപടിക്കെതിരെയും നിലപാട് എടുക്കുകയും വാർത്തയാക്കുകയും ചെയ്തു. ഇതുവഴി വനവകുപ്പ് ഉദ്യോഗസ്ഥരും പോലീസും റിസോർട്ട് മാഫിയയും റൂബിൻ ലാലിനോട് ശത്രുതാ മനോഭാവമാണ് വച്ചുപുലർത്തിയത് എന്ന് സഹപ്രവര്‍ത്തകര്‍ പറയുന്നു. റൂബിന്‍റെ അറസ്റ്റില്‍ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. റൂബിൻ ലാലിൻറെ ജാമ്യ അപേക്ഷ ഇന്നു പരിഗണിക്കും. കേസിൽ ഇന്നലെ കോടതിയിൽ ഹാജരാക്കിയ റൂബിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു

Advertisement