വാർത്താ നോട്ടം

Advertisement

2024 മെയ് 28 ചൊവ്വ

”🌴 കേരളീയം 🌴

🙏 അങ്കമാലിയില്‍ ഗുണ്ടാനേതാവ് തമ്മനം ഫൈസലിന്റെ വീട്ടിലെ പാര്‍ട്ടിയില്‍ പങ്കെടുത്ത ആലപ്പുഴ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എംജി സാബുവിനെ സസ്പെന്‍ഡ് ചെയ്തു. ഗുണ്ടാ നേതാവിന്റെ വീട്ടിലെ വിരുന്നില്‍ ഡി.വൈ.എസ്.പിക്കൊപ്പം പങ്കെടുത്ത പോലീസ് ഉദ്യോഗസ്ഥരും സസ്പെന്‍ഷനിലായി.

🙏 കാലവര്‍ഷം സാധാരണയേക്കാള്‍ കടുക്കുമെന്ന് റിപ്പോര്‍ട്ട്. ദക്ഷിണേന്ത്യയിലും മധ്യേന്ത്യയിലും കാലവര്‍ഷം കനക്കും. ജൂണിലും സാധാരണയേക്കാള്‍ കൂടുതല്‍ മഴയ്ക്ക് സാധ്യത. വെള്ളിയാഴ്ചയോടെ കാലവര്‍ഷം കേരളത്തില്‍ എത്തിച്ചേര്‍ന്നേക്കുo. രാജ്യമൊട്ടാകെ 106 ശതമാനം മഴ ലഭിക്കുമെന്നാണ് വിലയിരുത്തല്‍

🙏 പ്രാക്ടിക്കല്‍ പരീക്ഷ കഴിഞ്ഞ് രണ്ടാംദിനം പരീക്ഷാഫലം പ്രസിദ്ധീകരിച്ച കേരള സര്‍വകലാശാലയുടേത് ചരിത്ര നേട്ടമെന്ന് മന്ത്രി ഡോ.ആര്‍ ബിന്ദു . വെള്ളിയാഴ്ച പ്രാക്ടിക്കല്‍ പരീക്ഷ അവസാനിച്ച ആറാം സെമസ്റ്റര്‍ ബി.എസ്.സി പരീക്ഷകളുടെ റിസള്‍ട്ടാണ് സര്‍വകലാശാല ഞായറാഴ്ച തന്നെ പ്രസിദ്ധീകരിച്ചത്.

🙏 എസ്.എസ്.എല്‍.സി പരീക്ഷയുടെ ഉത്തരക്കടലാസുകളുടെ പുനര്‍മൂല്യനിര്‍ണയം, സ്‌ക്രൂട്ടിണി ഫലം പ്രസിദ്ധീകരിച്ചു. പരീക്ഷാഫലങ്ങള്‍ ഔദ്യോഗിക വെബ്സൈറ്റായ https://sslcexam.kerala.gov.inല്‍ ലഭ്യമാണ്. മേയ് എട്ടാം തീയ്യതിയാണ് ഈ വര്‍ഷത്തെ പരീക്ഷാ ഫലങ്ങള്‍ പ്രഖ്യാപിച്ചത്.

🙏 റോഡിലെ മരം, സമീപത്തെ കെട്ടിടത്തിന് അപകട ഭീഷണി ഉയര്‍ത്തുന്നെന്നും, മുറിച്ച് മാറ്റണമെന്നും ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി തള്ളി കേരള ഹൈക്കോടതി. സുഗതകുമാരിയുടെ കവിത പരാമര്‍ശിച്ചാണ് ഹര്‍ജി ജസ്റ്റിസ് പി വി ഉണ്ണികൃഷ്ണന്‍ തള്ളിയത്. പട്ടാമ്പി വഴിയുള്ള പാലക്കാട് – പൊന്നാനി റോഡിലുള്ള മരം മുറിയ്ക്കണമെന്നായിരുന്നു ഹര്‍ജിക്കാരുടെ ആവശ്യം.

🙏 കേരളത്തിലെ മൂന്ന് രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ജൂണ്‍ 25 ന് നടക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ . ബിനോയ് വിശ്വം, എളമരം കരീം, ജോസ് കെ മാണി എന്നിവരുടെ കാലാവധി ജൂലൈ ഒന്നിന് അവസാനിക്കുന്ന സാഹചര്യത്തില്‍ ഈ ഒഴിവുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.

🙏 അതിഥിത്തൊഴിലാ

ളിയുടെ പ്രായപൂര്‍ത്തിയാകാത്ത മകളെ കാണാതായ സംഭവത്തില്‍ പശ്ചിമ ബംഗാള്‍ സ്വദേശി മാണിക്കിനെ (18) ആണ് ആലുവ പൊലീസ് അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിയെ വിവാഹം കഴിക്കണമെന്ന ഉദ്ദേശ്യത്തോടെ ഇയാള്‍ കൂടെ കൊണ്ടുപോയെന്നാണ് മൊഴി. ഫോണിലൂടെയും നേരിട്ടും പിന്തുടര്‍ന്ന് സൗഹൃദം സ്ഥാപിച്ചിരുന്നുവെന്നും രണ്ട് വര്‍ഷമായി പ്രണയത്തിലായിരുന്നുവെന്നും ഇയാള്‍ മൊഴി നല്‍കി.

🙏 സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസിന്റെവിചാരണ ജൂണ്‍ 17 ലേക്ക് മാറ്റി.കുറ്റപത്രത്തോടൊപ്പം സമര്‍പ്പിച്ച മുഴുവന്‍ രേഖകളും അന്വേഷണ സംഘം പ്രതിഭാഗത്തിന് നല്‍കാത്തതാണ് കാരണം.

.

🙏 നടുക്കടലില്‍ കുടുങ്ങിയ മത്സ്യത്തൊഴിലാളികളെ മറൈന്‍ എന്‍ഫോഴ്‌സ്മെന്റ് രക്ഷിച്ചു. കോഴിക്കോട് ഹാര്‍ബറില്‍ നിന്നും മത്സ്യബന്ധനത്തിന് പോയ ബോട്ട് എഞ്ചിന്‍ തകരാറിലായാണ് 14 നോട്ടിക്കല്‍ മൈല്‍ അകലെ പത്ത് മത്സ്യത്തൊഴിലാളികളുമായാണ് കടലില്‍ കുടുങ്ങിയത്. ഇന്നലെ പുലര്‍ച്ചെയോടെ ബോട്ടും, മത്സ്യത്തൊഴിലാളികളെയും സുരക്ഷിതമായി ഹാര്‍ബറില്‍ തിരിച്ചെത്തിച്ചു.

🙏 കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഡപ്യൂട്ടി ഡയറക്ടറായി മുന്‍ മന്ത്രി അനൂപ് ജേക്കബ് എംഎല്‍എയുടെ ഭാര്യ, അനില മേരി ഗീവര്‍ഗീസിനെ നിയമിച്ചതില്‍ അഴിമതി ആരോപിച്ച് സുപ്രീംകോടതിയില്‍ ഹര്‍ജി. തിരുവനന്തപുരം സ്വദേശി മണിമേഖലയാണ് ഹര്‍ജി സമര്‍പ്പിച്ചത്.

🙏 പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസില്‍ പ്രതിയുടെ അമ്മയും സഹോദരിയും നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതി ഇന്ന് വിധി പറയും. കേസില്‍ പൊലീസ് ഇന്നലെ കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. രാഹുലിന്റെ അമ്മ ഉഷാ കുമാരി, സഹോദരി കാര്‍ത്തിക എന്നിവര്‍ക്കെതിരെ സ്ത്രീധന പീഡന കുറ്റം ചുമത്തിയെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് മുന്‍കൂര്‍ ജാമ്യം തേടിയത്.

🙏 പാലക്കാട് പേവിഷ ബാധയെ തുടര്‍ന്ന് ഹോമിയോ ഡോക്ടര്‍ മരിച്ചു. മണ്ണാര്‍ക്കാട് പള്ളിക്കുന്ന് ചേരിങ്ങല്‍ ഉസ്മാന്റെ ഭാര്യ റംലത്താണ് മരിച്ചത്. 42 വയസായിരുന്നു. രണ്ട് മാസം മുന്‍പ് വീട്ടിലെ വളര്‍ത്തു നായയുടെ നഖം തട്ടി റംലത്തിന് മുറിവേറ്റിരുന്നു. വളര്‍ത്തു നായ ആയതിനാല്‍ റംലത്ത് ചികിത്സ തേടിയിരുന്നില്ല. പിന്നീട് ദിവസങ്ങള്‍ക്ക് ശേഷം നായ ചത്തിരുന്നു.

🇳🇪 ദേശീയം 🇳🇪

🙏 മാവോയിസ്റ്റുകളുടെ ഭീഷണിയെ തുടര്‍ന്ന് പദ്മശ്രീ പുരസ്‌ക്കാരം തിരികെ നല്‍കാന്‍ പാരമ്പര്യ വൈദ്യനായ ഹേംചന്ദ് മാഞ്ചി. ഈ വര്‍ഷമാണ് മാഞ്ചിക്ക് പത്മശ്രീ ലഭിക്കുന്നത്. മാവോയിസ്റ്റുകള്‍ ഇന്നലെ രാത്രിയില്‍ നാരായണ്‍പൂരിലെ ചമേലി ഗ്രാമത്തില്‍ മൊബൈല്‍ ടവറിന് തീയിട്ട ശേഷം മാഞ്ചിക്കെതിരെ പോസ്റ്ററുകള്‍ പതിച്ചിരുന്നു.

🙏 ഹരിയാനയിലും പഞ്ചാബിലും കര്‍ഷക പ്രക്ഷോഭം കനപ്പിക്കാന്‍ സംയുക്ത കിസാന്‍ മോര്‍ച്ച. ഇന്ന് പഞ്ചാബില്‍ 16 ബിജെപി സ്ഥാനാര്‍ത്ഥികളുടെ വീടും, ഹരിയാനയില്‍ മന്ത്രിമാരുടെ വീടുകള്‍ വളയാനും തീരുമാനിച്ചതായി സംയുക്ത കിസാന്‍ മോര്‍ച്ച അറിയിച്ചു.രാവിലെ 12 മുതല്‍ വൈകീട്ട് 4 വരെയാണ് ധര്‍ണ. വളരെ സമാധാനപരമായ ധര്‍ണയായിരിക്കും നടക്കുകയെന്നും സംയുക്ത കിസാന്‍ മോര്‍ച്ച അറിയിച്ചിട്ടുണ്ട്.

🙏 ജൂണ്‍ ഒന്നിന് ഇന്ത്യ സഖ്യകക്ഷികളുടെ യോഗം വിളിച്ചുചേര്‍ത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. യോഗത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പങ്കെടുത്തേക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. അവസാനഘട്ട വോട്ടെടുപ്പ് നടക്കുന്നത് ചൂണ്ടിക്കാട്ടിയാണ് തൃണമൂല്‍ വിട്ടുനില്‍ക്കുന്നത്.

🙏 മുന്‍ കര്‍ണാടക മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പയ്ക്കെതിരെ ലൈംഗികാതിക്രമ പരാതി നല്‍കിയ സ്ത്രീ മരണപ്പെട്ടു. യെദ്യൂരപ്പയുടെ ഡോളേഴ്സ് കോളനിയിലെ വീട്ടില്‍വെച്ച് പ്രായപൂര്‍ത്തിയാകാത്ത തന്റെ മകളെ പീഡിപ്പിച്ചതായി പരാതി നല്‍കിയ 53-കാരിയാണ് ബെംഗളൂരു ഹൂളിമാവിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് മരിച്ചത്.

🙏 ബിഹാറില്‍ രാഹുല്‍ ഗാന്ധി പങ്കെടുത്ത തെരഞ്ഞെടുപ്പ് പ്രചാരണ വേദി ഭാഗികമായി തകര്‍ന്നു. ആര്‍ജെഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവിന്റെ മകള്‍ മിസ ഭാരതിക്ക് വോട്ടുചോദിച്ച് എത്തിയതായിരുന്നു രാഹുല്‍ ഗാന്ധി. തേജസ്വി യാദവ് അടക്കമുള്ള ഇന്ത്യ സഖ്യ നേതാക്കള്‍ വേദിയിലേക്കെത്തിയതോടെയാണ് വേദിയുടെ ഒരു ഭാഗം തകര്‍ന്ന് താഴേക്ക് പോയത്.

🙏 പഞ്ചാബിലെ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ബല്‍ക്കര്‍ സിംഗ് ജോലിക്കായി സമീപിച്ച 21കാരിയെ വീഡിയോ കോളിലൂടെ അശ്ലീല ചേഷ്ടകള്‍ കാണിച്ചു എന്ന് ആരോപണം. ബിജെപി യുവനേതാവ് തജ്ജിന്ദര്‍ ബാഗ സാമൂഹിക മാധ്യമമായ എക്സില്‍ ബല്‍ക്കര്‍ സിംഗിന്റേതെന്ന് ആരോപിച്ചുള്ള വിഡിയോ പോസ്റ്റ് ചെയ്തതോടെയാണ് വിവാദം ഉയരുന്നത്.

🏏 കായികം 🏏

🙏 ഇതിഹാസ താരം റാഫേല്‍ നദാലിന് ഫ്രഞ്ച് ഓപ്പണിന്റെ ആദ്യ റൗണ്ടില്‍ തോല്‍വി. ജര്‍മന്‍ താരം അലക്‌സാണ്ടര്‍ സ്വാരേവിനെതിരെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോറ്റാണ് പുറത്തായത്. നദാലിന്റെ അവസാന ഫ്രഞ്ച് ഓപ്പണ്‍ ടൂര്‍ണമെന്റായിരിക്കുമിതെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.