ഷാര്‍ണൂര്‍.വീണ്ടുംട്രെയിനിൽ പാമ്പുകടിയേറ്റതായി സംശയം . യാത്രക്കാരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലമ്പൂർ – ഷൊർണൂർ പാസഞ്ചറിലാണ് , ആയുർവേദ ഡോക്ടറായ ഗായത്രി എന്ന യുവതിയെ പാമ്പ് കടിച്ചതായി സംശയമുള്ളത്. അതേസമയം ട്രെയിൻ പരിശോധിച്ചെങ്കിലും പാമ്പിനെ കണ്ടെത്തിയില്ല . എലി കടിച്ചതാകാനാണ് സാധ്യതയെന്നും ആർ പി എഫ് പറഞ്ഞു.ഇന്ന് രാവിലെ 8 മണിക്ക് വല്ലപ്പുഴയിലാണ് സംഭവം . നിലമ്പൂർ – ഷൊർണൂർ പാസഞ്ചറിലെ മുൻവശത്തെ കമ്പാർട്ട്മെൻ്റിലാണ് ഗായത്രി യാത്ര ചെയ്തത് . ഇതിനിടെയാണ് ഗായത്രിക്ക് കടിയേറ്റത് . ഇതോടെ ഇത് പാമ്പായിരിക്കും എന്ന സംശയം ഉയർന്നു .
ഉടൻ ട്രെയിൻ ഷൊർണൂരിൽ എത്തിച്ച് ഗായത്രിയെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി . തുടർന്ന് ട്രെയിൻ നിലമ്പൂരിലേക്ക് കൊണ്ടുപോയി . അവിടെയെത്തി ആർ പി ഫിന്റെ നേതൃത്വത്തിൽ പരിശോധിച്ചെങ്കിലും പാമ്പിനെ കണ്ടെത്താനായില്ല . അതേസമയം കടിയേറ്റ പാട് പരിശോധിച്ച ഡോക്ടർമാർ ഇത് എലി ആയിരിക്കാം എന്ന നിഗമനത്തിലാണ്. സാമ്പിൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട് . ഇതിൻറെ ഫലം വന്നതിനു ശേഷമായിരിക്കും സ്ഥിരീകരണം . അതേസമയം ബർത്തിൽ പാമ്പിനെ കണ്ടെന്ന് യാത്രക്കാർ പരാതിപ്പെട്ടു . നേരത്തെ ഏറ്റുമാനൂരിൽ യാത്രക്കാരന് ട്രെയിനിൽ പാമ്പുകടിയേറ്റിരുന്നു . ദിവസങ്ങൾക്ക് മുൻപ് മറ്റൊരു ട്രെയിനിൽ പാമ്പിനെ കണ്ടെന്ന് സംശയത്തെ തുടർന്ന് പാലക്കാട് ഒലവക്കോട് ജംഗ്ഷനിൽ വെച്ചും ട്രെയിൻ പരിശോധിച്ചിരുന്നു . ഇത്തരം തുടർച്ചയായ സംഭവങ്ങൾ യാത്രക്കാരിൽ വലിയ ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്