കുത്തനെയുള്ള ഇറക്കവും കൊടും വളവുകളും,ഗ്യാപ്പ് റോഡിൽ അപകടങ്ങൾ തുടർക്കഥ

Advertisement

ഇടുക്കി.കാഴ്ചഭംഗികൊണ്ട് വാര്‍ത്തകളില്‍ നിറഞ്ഞ ചെമ്മണ്ണാർ ഗ്യാപ്പ് റോഡിൽ അപകടങ്ങൾ തുടർക്കഥയാകുന്നു. മൂന്നു മാസത്തിനിടെ അഞ്ചു പേരാണ് വാഹനാപകടത്തിൽ മരിച്ചത്. റോഡിൻറെ അശാസ്ത്രീയ നിർമ്മാണമാണ് അപകടത്തിന് കാരണമെന്നാണ് നാട്ടുകാരുടെ ആക്ഷേപം.


മൂന്നാർ ഗ്യാപ്പ് റോഡ് മുതൽ കാക്കാക്കട വരെയുള്ള 7 കിലോമീറ്റർ ദൂരമാണ് അപകട കെണി ഒരുക്കുന്നത്. കുത്തനെയുള്ള ഇറക്കവും കൊടും വളവുകളും അപകട കാരണമാകുന്നു. ശാസ്ത്രീയമായ യാതൊരു പഠനവും നടത്താതെയാണ് ഈ റോഡ് പണിതതെന്നാണ് ആരോപണം. സാങ്കേതികത ഒട്ടും പരിശോധിക്കാതെ ലഭിച്ച ഡിപി ആറിനനുസരിച്ച് റോഡിൻറെ നിർമ്മാണം പൂർത്തിയാക്കി എന്നും നാട്ടുകാർ പറയുന്നു. രണ്ടുദിവസം മുമ്പാണ് ഇവിടെ ട്രാവലർ അപകടത്തിൽ കർണാടക സ്വദേശി മരിച്ചത്.

ചെങ്കുത്തായ പ്രദേശത്ത് അപകട സാധ്യത കുറയ്ക്കാന്‍ ചുരം മാതൃകയില്‍ പാത ഒരുക്കേണ്ടതിന് പകരം, പല ഭാഗവും കുത്തനെയാണ് നിര്‍മ്മിച്ചിരിയ്ക്കുന്നത്. ഗൂഗിൾ മാപ്പ് നോക്കി എത്തുന്ന വിനോദസഞ്ചാരികൾക്കാണ് ഈ വഴി ഏറെ ദുരിത പൂർണ്ണമാകുന്നത്. അപകടങ്ങൾ കുറയ്ക്കുന്നതിന് ശാശ്വതമായ പരിഹാരം കാണണമെന്നാണ് ആവശ്യം.