സാമ്പത്തിക ഞെരുക്കത്തില്‍ സര്‍ക്കാര്‍ എല്‍പി, യുപി സ്‌കൂളുകളിലെ മുന്നൊരുക്കങ്ങള്‍ പ്രതിസന്ധിയില്‍

Advertisement

തിരുവനന്തപുരം. സംസ്ഥാനത്തെ സാമ്പത്തിക ഞെരുക്കത്തില്‍ സര്‍ക്കാര്‍ എല്‍.പി, യു.പി സ്‌കൂളുകളിലെ മുന്നൊരുക്കങ്ങള്‍ പ്രതിസന്ധിയില്‍. സ്‌കൂള്‍ തുറക്കലിന് മുന്നോടിയായി അറ്റകുറ്റപ്പണികള്‍ നടത്താന്‍ നിര്‍ദ്ദേശം നല്‍കിയ സര്‍ക്കാര്‍ പക്ഷേ തുക അനുവദിച്ചില്ല. ഗ്രാന്റ് ഇനത്തില്‍ കഴിഞ്ഞ വര്‍ഷം അനുവദിച്ച അയ്യായിരം രൂപയുടെ ബാക്കി തുക ഒരു വര്‍ഷം കഴിഞ്ഞിട്ടും സ്‌കൂളുകള്‍ക്ക് ലഭിച്ചിട്ടില്ല.

പുതിയ അധ്യയന വര്‍ഷം തുടങ്ങുന്നതിന് മുമ്പ് സ്‌കൂളുകളില്‍ നടത്തേണ്ട മുന്നൊരുക്കങ്ങള്‍ അനവധിയാണ്. ഇലക്ട്രിക്കല്‍, പ്ലബിംഗ് ഉള്‍പ്പെടെ സ്‌കൂള്‍ പെയിന്റടിക്കല്‍, അപകടകരമായ മരങ്ങള്‍ മുറിച്ചുമാറ്റല്‍ തുടങ്ങിയവയെല്ലാം സ്‌കൂള്‍ തുറക്കുന്നതിന് മുന്നോടിയായി നടത്തേണ്ടതുണ്ട്. സര്‍ക്കാര്‍ ഈ വര്‍ഷവും ഇക്കാര്യങ്ങള്‍ ചെയ്യണമെന്നാവശ്യപ്പെട്ട് ഹെഡ്മാസ്റ്റര്‍മാര്‍ക്ക് പെര്‍ഫോമ നല്‍കി. എന്നാല്‍ ഇതിനുള്ള തുക എവിടെ നിന്ന് കണ്ടെത്തണമെന്ന് വ്യക്തമാക്കിയിട്ടില്ല. ഓരോ വര്‍ഷവും മെയിന്റനന്‍സ് ഗ്രാന്റ്, സ്‌കുള്‍ ഗ്രാന്റ് എന്നീ ഇനങ്ങളില്‍ എല്ലാ എല്‍.പി, യു.പി സ്‌കൂളുകള്‍ക്ക് സര്‍ക്കാര്‍ തുക നല്‍കുന്നുണ്ട്. കുട്ടികളുടെ എണ്ണം അനുസരിച്ച് 12500 മുതല്‍ ഒരു ലക്ഷം രൂപ വരെയാണ് ഗ്രാന്റ്. കഴിഞ്ഞ വര്‍ഷം 5000 രൂപ അഡ്വാന്‍സായി നല്‍കി. ബാക്കി തുക ഉടന്‍ നല്‍കാമെന്നായിരുന്നു ഉറപ്പ്. എന്നാല്‍ അതുണ്ടായില്ല. ഇത്തവണ ഒരു രൂപ പോലും നല്‍കിയിട്ടില്ല.

കമ്പ്യൂട്ടര്‍ മെയിന്റന്‍സ്, ഇകല്ട്രിക് മെയിന്റനന്‍സ്, ടോയ്‌ലറ്റ്, കിണര്‍ വൃത്തിയാക്കല്‍, ബഞ്ചും ഡെസ്‌കും അറ്റകുറ്റപ്പണി, ഉച്ചഭക്ഷണ പദ്ധതിയുടെ ഗ്യാസ് അടുപ്പുകള്‍, കുടിവെള്ള ടാങ്കിന്റെ ക്ലീനിംഗ്, സ്‌കൂള്‍ ശുചീകരണം, പഠനോപകരണങ്ങള്‍, വൈറ്റ് ബോര്‍ഡുകള്‍, മാര്‍ക്കറുകള്‍, പേപ്പര്‍ തുടങ്ങിയവയെല്ലാം വാങ്ങേണ്ടത് ഈ ഗ്രാന്റില്‍ നിന്നാണ്.
സര്‍ക്കാര്‍ തുക നല്‍കാതിരുന്നതോടെ ഇത്തവണ പലയിടത്തും മുന്നൊരുക്കങ്ങള്‍ മുടങ്ങി. സ്‌കൂള്‍ പെയിന്റ് ചെയ്യാന്‍ പോലും പലയിടത്തും പണമില്ലാത്ത അവസ്ഥയാണ്. പിറ്റിഎയുടെ നേതൃത്വത്തില്‍ ചുറ്റുപാടുകള്‍ വൃത്തിയാക്കുന്നത് മാത്രമാണ് മിക്കയിടത്തും നടക്കുന്നത്.

Advertisement