വാർത്താനോട്ടം

Advertisement

2024 മെയ് 29 ബുധൻ

🌴കേരളീയം🌴

🙏നിപ പ്രതിരോധത്തിന് പ്രത്യേക പ്രവര്‍ത്തന കലണ്ടര്‍ തയ്യാറാക്കുന്നതായി മന്ത്രി വീണാ ജോര്‍ജ്. വര്‍ഷം മുഴുവന്‍ ചെയ്യേണ്ട പ്രവര്‍ത്തനങ്ങളും, മേയ് മുതല്‍ സെപ്റ്റംബര്‍ വരെയുള്ള പ്രവര്‍ത്തനങ്ങളും ഉള്‍ക്കൊള്ളിച്ചാണ് കലണ്ടര്‍ തയ്യാറാക്കുന്നത്.

🙏 കോഴിക്കോട് മഞ്ഞപ്പിത്തം ബാധിച്ച് ആരോഗ്യ പ്രവര്‍ത്തക മരിച്ചു. തീക്കുനി സ്വദേശിനി മേഘ്ന (23)യാണ് മരിച്ചത്. കുറ്റ്യാടി താലൂക്ക് ആശുപത്രിയിലെ അനസ്തേഷ്യ വിഭാഗത്തിലെ താത്കാലിക ജീവനക്കാരിയാണ് മേഘ്‌ന.

🙏 സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം. തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലാണ് മഴമൂലമുള്ള ദുരിതം രൂക്ഷമായത്. ഇന്നലെ നിരവധി ഇടങ്ങളില്‍ മണ്ണിടിച്ചിലും ഗതാഗത തടസ്സവും ഉണ്ടായി.

🙏 മേഘവിസ്ഫോടനം കൊണ്ടാണ് കളമശ്ശേരിയില്‍ കുറഞ്ഞ സമയത്തിനുള്ളില്‍ ഇത്രയധികം മഴ പെയ്തതെന്ന് കുസാറ്റിലെ ശാസ്ത്രജ്ഞര്‍. കൊച്ചിയില്‍ ഒന്നര മണിക്കൂറിനുള്ളില്‍ പെയ്തത് 98 മില്ലീമീറ്റര്‍ മഴയാണ്.

🙏 കനത്ത മഴയില്‍ കളമശ്ശേരിയില്‍ ഏകദേശം 400 ഓളം വീടുകളില്‍ വെള്ളം കയറി. ഇതേ തുടര്‍ന്ന് കളമശ്ശേരി ഗവണ്‍മെന്റ് സ്‌കൂളിലും, എച്ച്എംടി സ്‌കൂളിലുമായി രണ്ട് ദുരിതാശ്വാസക്യാമ്പുകള്‍ ആരംഭിച്ചു.

🙏 കോട്ടയത്ത് ഭരണങ്ങാനം വില്ലേജില്‍ ഇടമറുക് ചൊക്കല്ല് ഭാഗത്ത് ഉരുള്‍പൊട്ടലുണ്ടായി. പ്രദേശത്ത് ഏഴ് വീടുകള്‍ ഉരുള്‍പ്പൊട്ടലില്‍ തകര്‍ന്നു. കോട്ടയത്ത് തലനാട് മണ്ണിടിച്ചിലില്‍ രണ്ട് വീടുകള്‍ തകര്‍ന്നു. കാഞ്ഞിരപ്പള്ളി ഈരാറ്റുപേട്ട റോഡില്‍ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടു. ഈരാറ്റുപേട്ട നടക്കലില്‍ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിലായി.

🙏 കോട്ടയം ജില്ലയില്‍ മഴ കനത്തതുമൂലം ഭരണകൂടം ജാഗ്രത നിര്‍ദ്ദേശം ശക്തമാക്കി. അതിതീവ്ര മഴയെത്തുടര്‍ന്ന് മീനച്ചിലാറില്‍ ജലനിരപ്പ് ഉയര്‍ന്നു. മീനച്ചിലാറിന്റെ ഇരുകരകളിലുമുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

🙏 കനത്തമഴയെ തുടര്‍ന്ന് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങാനെത്തിയ നാല് വിമാനങ്ങള്‍ കൊച്ചിയിലേക്ക് വഴി തിരിച്ചുവിട്ടു. കനത്ത മഴയില്‍ പൈലറ്റുമാര്‍ക്ക് റണ്‍വേ കാണാനാകാത്തതിനെ തുടര്‍ന്നാണ് വിമാനങ്ങള്‍ തിരുവനന്തപുരത്ത് നിന്ന് നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് തിരിച്ചുവിട്ടത്.

🙏 എയര്‍ ഇന്ത്യ എക്സ് പ്രസ് ജീവനക്കാരും മാനേജ്മെന്റും തമ്മിലുള്ള ചര്‍ച്ച പൂര്‍ത്തിയായി. ശമ്പള വര്‍ധനവ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിഗണിക്കാമെന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് മാനേജ്മെന്റ് തൊഴിലാളികള്‍ക്ക് ഉറപ്പ് നല്‍കി.

🙏 മൂന്നാര്‍ ഭൂമി കേസുകളില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. മൂന്നാറിലെ ഭൂമി കയ്യേറ്റ കേസില്‍ സര്‍ക്കാരിന് അലംഭാവമാണെന്ന് വിമര്‍ശിച്ച ഹൈക്കോടതി, അന്വേഷണം സിബിഐയെ ഏല്‍പ്പിക്കേണ്ടി വരുമെന്നും പറഞ്ഞു.

🙏 സംവിധായകന്‍ ഒമര്‍ ലുലുവിനെതിരെ ബലാത്സംഗ കേസ്. സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് നിരവധി തവണ തന്നെ ബലാത്സംഗം ചെയ്തതെന്ന യുവ നടിയുടെ പരാതിയിലാണ് കേസ് എടുത്തിരിക്കുന്നത്.

🙏 ഒന്നാം വര്‍ഷ ഹയര്‍സെക്കന്‍ഡറി പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു. ഹയര്‍സെക്കന്‍ഡറി വകുപ്പിന്റെ https://keralaresults.nic.in എന്ന വെബ്സൈറ്റിലാണ് പ്ലസ് വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചത്. മാര്‍ച്ച് 1 മുതല്‍ 26 വരെ സംസ്ഥാനത്ത് നടന്ന പ്ലസ് വണ്‍ പരീക്ഷ 4,14,159 വിദ്യാര്‍ത്ഥികളാണ് എഴുതിയത്.

🙏 ക്ഷേത്രങ്ങളുടെ ജീര്‍ണ്ണോദ്ധാരണ പ്രവര്‍ത്തനങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ തീരുമാനം. ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന അഞ്ച് ദേവസ്വം ബോര്‍ഡ് ഭാരവാഹികളുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് ഈ തീരുമാനം.

🇳🇪 ദേശീയം 🇳🇪

🙏 കന്യാകുമാരിയിലെ വിവേകാനന്ദ പാറയില്‍ ധ്യാനമിരിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെത്തുന്നു. ഏഴാം ഘട്ട വോട്ടെടുപ്പിന്റെ പ്രചാരണം കഴിയുന്ന മേയ് 30 മുതല്‍ രണ്ടു ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി കന്യാകുമാരിയില്‍ ധ്യാനമിരിക്കും.

🙏 ബി.ജെ.പി.യില്‍ ചേരാന്‍ തനിക്കുമേല്‍ സമ്മര്‍ദമുണ്ടെന്ന് ആരോപിച്ച ആം ആദ്മി പാര്‍ട്ടി മുതിര്‍ന്ന നേതാവുമായ അതിഷിയ്ക്ക് സമന്‍സ് അയച്ച് കോടതി. ബി.ജെ.പി വക്താവ് പ്രവീണ്‍ ശങ്കര്‍ കപൂര്‍ നല്‍കിയ മാനനഷ്ടക്കേസില്‍ ഡല്‍ഹിയിലെ കോടതിയാണ് സമന്‍സ് അയച്ചത്.

🙏 നവീന്‍ പട്‌നായിക്കിന്റെ പിന്നില്‍നിന്ന് ഒഡിഷയെ ഒരു തമിഴന്‍ ഭരിക്കുന്നത് അംഗീകരിക്കാന്‍ കഴിയുമോയെന്ന് കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷാ. അതിന് കഴിയില്ലെങ്കില്‍ ബി.ജെ.പിക്ക് വോട്ടുചെയ്ത് അധികാരത്തിലെത്തിക്കണമെന്നും പറഞ്ഞു.

🏏 കായികം 🏏

🙏 ഗൗതം ഗംഭീര്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പുതിയ കോച്ചായേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ട്വന്റി 20 ലോകകപ്പിന് ശേഷം സ്ഥാനമൊഴിയുന്ന രാഹുല്‍ ദ്രാവിഡിന്റെ പകരമാണ് ബിസിസിഐ പുതിയ കോച്ചിനെ നിയമിക്കുന്നത്.

Advertisement