മൂന്നാര്‍ വ്യാജ പട്ടയ കേസ്, രവീന്ദ്രന് എതിരെ എന്ത് നടപടി എടുത്തുവെന്ന് ഹൈക്കോടതി

Advertisement

കൊച്ചി.മൂന്നാറിലെ ഭൂമി കയ്യേറ്റ കേസില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. വ്യാജ പട്ടയ കേസില്‍ രവീന്ദ്രന് എതിരെ എന്ത് നടപടി എടുത്തുവെന്ന് ഹൈക്കോടതി ആരാഞ്ഞു. മൂന്നാർ ഭൂമി കേസുകൾ പരിഗണിക്കുന്ന ബെഞ്ചിന്‍റേതാണ് വിമർശനം. കേസിൽ സിബിഐയെ സ്വമേധയാ കക്ഷി ചേർക്കും എന്ന് ഹൈക്കോടതി വ്യക്തമാക്കി.

മൂന്നാറുമായി ബന്ധപ്പെട്ട വ്യാജ പട്ടയ കേസില്‍ രൂക്ഷ വിമര്‍ശനമാണ് ഹൈക്കോടതി നടത്തിയത്‌. 42 ഭൂമി കേസുകളിൽ സർക്കാർ കോടതിയിൽ തോറ്റു. എന്നിട്ടും എന്ത് കൊണ്ട് അപ്പീൽ ഫയൽ ചെയ്തില്ലെന്ന് കോടതി ചോദിച്ചു. വ്യാജപട്ടയ കേസിൽ ഗൂഢാലോചന കുറ്റം മാത്രം ചുമത്തിയത് തൃപ്തികരമല്ലെന്നും വൻ അഴിമതിയാണ് നടന്നതെന്നും കോടതി നിരീക്ഷിച്ചു. രവീന്ദ്രന് മാത്രമായി വ്യാജ പട്ടയം ഉണ്ടാക്കാനാകില്ല. പിന്നിൽ വേറെയും ചില ആളുകൾ ഉണ്ടാകും. കേസിൽ സിബിഐയെ സ്വമേധയാ കക്ഷി ചേർക്കുമെന്നും ഹൈക്കോടതി വ്യക്തമാക്കി.

അതേസമയം ഉദ്യോഗസ്ഥരെ ഒഴിവാക്കാനാവില്ലെന്ന് നിരീക്ഷിച്ച കോടതി. അവർക്കും കേസിൽ ഉത്തരവാദിത്വമുണ്ടെന്ന് ചൂണ്ടിക്കാട്ടി. 42 കേസുകളിലും കൃത്യമായ അന്വേഷണം ഉണ്ടായില്ല. ഒരു കേസിൽ തഹസിൽദാർ തന്നെ പ്രതികൾക്ക് അനുകൂലമായെന്നും ഹൈക്കോടതി നിരീക്ഷിച്ചു. പ്രതികളെ വെറുതെ വിട്ട കേസുകളുടെ എണ്ണവും നിലവിലുള്ള കേസുകളുടെ സ്ഥിതിയും അറിയിക്കാൻ സർക്കാരിന് നിർദ്ദേശം നല്‍കി. ഇതിനിടെ വ്യാജ പട്ടയം വിതരണം ചെയ്തതിൽ എം ഐ രവീന്ദ്രനെതിരെ ക്രിമിനല്‍ കേസ് എടുത്തിട്ടില്ലെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. കേസ് മറ്റന്നാള്‍ പരിഗണിക്കാനായി വീണ്ടും മാറ്റി.