തൃശൂര്‍: തൃശൂര്‍ രാമവർമപുരം കേരള പൊലീസ് അക്കാദമിയിൽ വനിതാ ഉദ്യോഗസ്ഥയോട് ലൈംഗികാതിക്രമം നടത്തിയ ഉദ്യോഗസ്ഥന് സസ്‌പെൻഷൻ. അക്കാദമിയിലെ ആംഡ് റിസർവ് ഇൻസ്പെക്ടർ കെ പ്രേമനെ ആണ് അക്കാദമി ഡയറക്ടർ എഡിജിപി പി വിജയൻ സസ്‌പെൻഡ് ചെയ്തത്. വനിതാ ഉദ്യോഗസ്ഥയുടെ പരാതിയിൽ ആഭ്യന്തര അന്വേഷണ സമിതി നടത്തിയ അന്വേഷണ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. വിയ്യൂർ പൊലീസും പ്രേമനെതിരെ കേസ് രജിസ്റ്റർ ചെയ്തു. ലൈംഗികാതിക്രമം, സ്ത്രീത്വത്തെ അപമാനിക്കൽ എന്നീ വകുപ്പുകൾ ചുമത്തി.
ഈ മാസം 18നും 22നുമാണ് ഉദ്യോഗസ്ഥനിൽ നിന്നും അതിക്രമം നേരിട്ടതെന്നാണ് പരാതിയിൽ പറയുന്നത്. ഓഫീസിലേക്ക് വിളിച്ച് വരുത്തിയശേഷം ലൈംഗിക താത്പര്യത്തോടെ സംസാരിച്ചു. പിന്നീട് തൊട്ടടുത്ത ദിവസങ്ങളിലും ഇതാവര്‍ത്തിച്ചു. താല്‍പ്പര്യമില്ലെന്ന് അറിയിച്ചിട്ടും മോശമായി പെരുമാറിയെന്നാണ് വനിതാ പൊലീസ് ഉദ്യോഗസ്ഥയുടെ പരാതി.