ലീഗ് പ്രവർത്തകന്റെ തോളെല്ല് പൊട്ടിയ വിവരം മറച്ചുവെച്ച് പൊലീസിന് അറസ്റ്റിന് വഴിയൊരുക്കി,മെഡിക്കൽ കോളജിനെതിരെ ഗുരുതര ആരോപണവുമായി മുസ്‌ലിം ലീഗ്

Advertisement

കോഴിക്കോട് .മെഡിക്കൽ കോളജിനെതിരെ ഗുരുതര ആരോപണവുമായി മുസ്‌ലിം ലീഗ്. ലീഗ് പ്രവർത്തകന്റെ തോളെല്ല് പൊട്ടിയ വിവരം മറച്ചുവെച്ച് പൊലീസിന് അറസ്റ്റിന് വഴിയൊരുക്കിയെന്ന് എം കെ മുനീർ. സിപിഐഎമ്മിന് വേണ്ടിയാണ് പൊലീസും മെഡിക്കൽ കോളജ് അധികൃതരും നാടകം കളിക്കുന്നതെന്നും എം.കെ.മുനീർ ആരോപിച്ചു.


  • തെരഞ്ഞെടുപ്പ് കൊട്ടിക്കലാശത്തിനിടെ പേരാമ്പ്ര നൊച്ചാട് നടന്ന റാലിക്കിടെ യുഡിഎഫ് – സിപിഐഎം സംഘർഷം ഉണ്ടാകുകയും യുഡിഎഫ് പ്രവർത്തർക്ക് മർദ്ദനമേൽക്കുകയും ചെയ്തിരുന്നു. ഈ സംഘർഷത്തിലാണ് മുസ്‌ലിം ലീഗ് പ്രവർത്തകനായ പി.സി. ലിജാസിന്റെ തോളെല്ലിന് പൊട്ടലേറ്റത്. എന്നാൽ എക്സ്-റേ പരിശോധിച്ച കോഴിക്കോട് മെഡിക്കൽ കോളജ് അധികൃതർ തോളെല്ലിന് പൊട്ടലില്ല എന്ന് പറഞ്ഞ് ലിജാസിനെ ഡിസ്ചാർജ് ചെയ്തു. പിന്നാലെ പൊലീസ് അറസ്റ്റ് ചെയ്തു. 18 ദിവസം ജയിലിൽ കിടന്ന ശേഷം ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ ലിജാസ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി എക്സ്-റേ പരിശോധിച്ചപ്പോഴാണ് തോളെല്ലിന് പൊട്ടലുള്ള കാര്യം കണ്ടെത്തിയത്. തോളെല്ലിന് പൊട്ടലേറ്റ യുവാവിനെ സമ്മർദ്ദത്തിന് വഴങ്ങി ഡിസ്ചാർജ് ചെയ്തുവെന്ന് എം കെ മുനീർ ആരോപിച്ചു.

മൂന്നാഴ്ച വിശ്രമം ആവശ്യമായിരുന്ന തന്നെയാണ് തോളെല്ലിന് പൊട്ടലേറ്റ സംഭവം മറച്ചുവെച്ച് ഡോക്ടർമാർ പൊലീസിനെ കൊണ്ട് അറസ്റ്റ് ചെയ്യിച്ചതെന്ന് പി.സി.ലിജാസ് പറഞ്ഞു.

അനാരോഗ്യം മറച്ചുവെച്ച് കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്നും രോഗിയെ ഡിസ്ചാർജ് ചെയ്യിച്ച ഡോക്ടറെയും ചികിത്സ നടത്തിയ ഡോക്ടറെയും സസ്പെൻഡ് ചെയ്യണമെന്നാണ് മുസ്‌ലിം ലീഗിന്റെ ആവശ്യം. സിപിഐഎം ഒത്താശയോടെ നടന്ന ഗൂഡാലോചനയാണ് ഇതിന് പിറകിലെന്നും ലീഗ് നേതൃത്വം ആരോപിക്കുന്നു.

Advertisement