അവയവ കടത്ത് കേസിലെ മുഖ്യ ഏജൻറ് മുങ്ങി

Advertisement

കൊച്ചി. അവയവ കടത്ത് കേസിലെ മുഖ്യ ഏജൻറ് വീട് പൂട്ടി കുടുംബസമേതം മുങ്ങി. കുമ്പളങ്ങി സൗത്ത് സ്വദേശി ഷാജിയാണ് പോലീസ് എഫ്ഐആർ ഇട്ടതിന് പിന്നാലെ മുങ്ങിയത്. ഇയാൾ ഹൈദരാബാദിലേക്ക് കടന്നതായാണ് സൂചന. യുവതിയുടെ കിഡ്നി കച്ചവടം ചെയ്ത ശേഷം പണം നൽകാം എന്നു പറഞ്ഞു വിളിച്ചുവരുത്തി ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് ഇയാൾക്കെതിരായ പരാതി. നെടുമ്പാശ്ശേരി അവയക്കടത്ത് കേസിലെ മുഖ്യപ്രതി സബിത് നാസറിനെയും ഇടനിലക്കാരൻ സജിത് ശ്യാമിനെയും അന്വേഷണസംഘം ചോദ്യം ചെയ്യൽ തുടരുകയാണ്

കൊച്ചി അവയവ കടത്ത് കേസിലെ മുഖ്യപ്രതി കുമ്പളങ്ങി സൗത്ത് സ്വദേശി ഷാജിയുടെ വീടാണിത്. യുവതിയുടെ വൃക്ക കച്ചവടം ചെയ്ത ശേഷം പണം നൽകാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തി ലൈംഗികമായി പീഡിപ്പിച്ചു എന്ന പരാതിയിൽ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തതോടെയാണ് ഷാജി കുടുംബസമേതം മുങ്ങിയത്. അവയവ കച്ചവടത്തിനായി കൊണ്ടുവരുന്ന ആളുകളെ ഇയാൾ താമസിപ്പിക്കുന്നതിനായി സ്വന്തമായി ഹോംസ്റ്റേ പ്രവർത്തിപ്പിച്ചിരുന്നതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. പ്രദേശത്ത് ജീവകാരുണ്യ പ്രവർത്തകൻ എന്ന രീതിയിലാണ് ഇയാൾ ഇടപെടൽ നടത്തിയിരുന്നത്. ഷാജിക്കെതിരെ കൂടുതൽ ആളുകൾ പരാതിയുമായി രംഗത്ത് എത്തിയിട്ടുമുണ്ട്. പോലീസ് കേസെടുത്തതോടെ ഹൈദരാബാദിലേക്ക് കടന്നതായാണ് സംശയം.

ഇയാൾക്ക് പ്രാദേശിക രാഷ്ട്രീയ സഹായങ്ങൾ ലഭിക്കുന്നതായി നാട്ടുകാരും പറയുന്നുണ്ട്. അതേസമയം അവയവ കടത് കേസിലെ മുഖ്യപ്രതി സബിത് നാസറിനെയും സജിത് ശ്യാമിനെയും അന്വേഷണസംഘം ചോദ്യം ചെയ്യൽ തുടരുകയാണ്. അവയവ കച്ചവടത്തിനായി ഇവർ ഇറാനിലേക്ക് കൊണ്ടുപോയ ഇതര സംസ്ഥാന തൊഴിലാളികളായ ചിലർ തിരികെ എത്തിയിട്ടില്ല എന്നതിലും പോലീസ് അന്വേഷണം നടത്തുന്നുണ്ട്. കിഡ്നി കച്ചവടത്തിനായി കൊണ്ടുപോയ ആളുകളുടെ കൂടുതൽ ശരീരഭാഗങ്ങൾ ഇവർ ഇരകളറിയാതെ കച്ചവടം നടത്തിയതായും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. കേസിൽ ഇരകളാക്കപ്പെട്ടവർ പരാതിയുമായി രംഗത്ത് വന്നാൽ കേസിൽ പ്രതികൾ ആകുമോ എന്ന് ഭയന്ന് അന്വേഷണ സംഘത്തിന് കൂടുതൽ വിവരങ്ങൾ നൽകാത്തത് അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്.

Advertisement