എകെജി സെന്റര്‍ ആക്രമണക്കേസില്‍ യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാക്കളെ പ്രതികളാക്കി കുറ്റപത്രം സമർപ്പിച്ചു

Advertisement

തിരുവനന്തപുരം.എ.കെ.ജി സെന്റര്‍ ആക്രമണക്കേസില്‍ യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാക്കളെ പ്രതികളാക്കി
കുറ്റപത്രം സമർപ്പിച്ചു.കെ.പി.സി.സി ഓഫീസിന് നേര്‍ക്കുണ്ടായ ഡി.വൈ.എഫ്.ഐ പ്രതിഷേധത്തിന്റെ വൈരാഗ്യത്തിലാണ് എ.കെ.ജി സെന്ററിന് നേര്‍ക്ക് ബോംബെറിഞ്ഞതെന്ന് ക്രൈംബ്രാഞ്ച് കുറ്റപത്രത്തിൽ പറയുന്നു.ആക്രമണത്തിന് നിര്‍ദേശം നല്‍കിയ യൂത്ത് കോണ്‍ഗ്രസ് മുന്‍ ജില്ലാ സെക്രട്ടറി സുഹൈല്‍ ഷാജഹാന്‍ ഉള്‍പ്പടെ രണ്ട് പ്രതികളെ പിടികൂടിയിട്ടില്ല.

എകെജി സെന്ററിന് നേരെ ബോംബേറുണ്ടായി 22 മാസങ്ങള്‍ പിന്നിട്ടപ്പോളാണ് ക്രൈംബ്രാഞ്ച് കുറ്റപത്രം നല്‍കിയത്.യൂത്ത് കോണ്‍ഗ്രസ് കഴക്കൂട്ടം ബ്ളോക് സെക്രട്ടറി വി.ജിതിനാണ് ബോംബെറിഞ്ഞതെന്നാണ് കുറ്റപത്രം.ജിതിന് സ്കൂട്ടര്‍ എത്തിച്ച് നല്‍കിയതും ആക്രമണശേഷം തിരികെ കൊണ്ടുപോയതും കഴിഞ്ഞ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയായിരുന്ന ടി.നവ്യയാണന്നും കുറ്റപത്രത്തില്‍ പറയുന്നു.ഈ രണ്ട് പേര്‍ക്കെതിരെയുള്ള ഒന്നാംഘട്ട കുറ്റപത്രമാണ് നല്‍കിയിരിക്കുന്നത്.ആക്രമണത്തിന് രണ്ടാഴ്ച മുന്‍പ് സി.പി.ഐ.എം–ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ കെ.പി.സി.സി ആസ്ഥാനത്തേക്ക് മാര്‍ച്ച് നടത്തുകയും കോംപൗണ്ടില്‍ കയറി പ്രതിഷേധിക്കുകയും ചെയ്തിരുന്നു.

ഇതിനു തിരിച്ചടിയെന്ന രീതിയിലാണ് ബോംബേറ് ആസൂത്രണം ചെയ്തതെന്നാണ് കുറ്റപത്രത്തിലെ കണ്ടെത്തല്‍.യൂത്ത് കോണ്‍ഗ്രസിന്റെ ജില്ലാ സെക്രട്ടറിയായിരുന്ന സുഹൈല്‍ ഷാജഹാനാണ് ആക്രമണത്തിന് ജിതിനോട് നിര്‍ദേശിച്ചതും ബോംബ് ഉള്‍പ്പടെ എത്തിച്ച് നല്‍കിയതും.സുഹൈലിന്റെ ഡ്രൈവറായ സുധീഷിന്റേതാണ് ബോംബെറിയാനെത്തിയ സ്കൂട്ടര്‍. വിദേശത്തേക്ക് കടന്നതിനാല്‍ ഇവരെ രണ്ട്പേരെയും അറസ്റ്റ് ചെയ്യാനായിട്ടില്ല. അതിനാല്‍ ഇവര്‍ക്കെതിരെ വീണ്ടും പ്രത്യേകകുറ്റപത്രം നല്‍കും