കൊച്ചി. പൂക്കോട് വെറ്ററിനറി കോളേജിലെ സിദ്ധാർഥന്‍റെ മരണത്തിൽ പ്രതികളായ വിദ്യാർത്ഥികൾക്ക് ഉപാധികളോടെ ജാമ്യം. ജസ്റ്റിസ് സി. എസ്. ഡയസാണ് സിബിഐയുടെ എതിർപ്പ് തളളി ഉപാധികളോടെ ജാമ്യം അനുവദിച്ചത്. റാഗിങ്, ആത്മഹത്യാപ്രേരണ, മർദനം, ഗൂഢാലോചന കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിട്ടുള്ളത്.
പ്രതിഭാഗം, സിബിഐ, സിദ്ധാര്‍ത്ഥന്റെ കുടുംബം എന്നിവരെ വിശദമായി കേട്ട ശേഷമാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ വിധി. കേസിലെ 19 പ്രതികള്‍ക്കും ഹൈക്കോടതി ജാമ്യം അനുവദിച്ചു. പ്രതികൾ വയനാട് ജില്ലയിൽ പ്രവേശിക്കരുത്,
വിചാരണ പൂർത്തിയാകുന്നത് വരെ സംസ്ഥാനം വിടരുത്, പ്രതികളുടെ പാസ്പോർട്ട് സറണ്ടർ ചെയ്യണം എന്നിങ്ങനെ കര്‍ശന ഉപാധികളോടെയാണ് ജാമ്യം. അതേസമയം കോടതിക്ക് വേണ്ടത് തെളിവുകളാണെന്നും അത് ലഭിക്കും മുന്‍പേ
എല്ലാം നശിപ്പിച്ചിട്ടുണ്ടാകുമെന്നും സിദ്ധാര്‍ത്ഥന്റെ പിതാവ് പ്രതികരിച്ചു. ജാമ്യം കിട്ടാൻ പാടില്ലായിരുന്നുവെന്നും വലിയ വിഷമത്തിലാണെന്നും സിദ്ധാര്‍ത്ഥന്റെ അമ്മ.
നേരത്തെ കേസില്‍ പ്രാഥമിക കുറ്റപത്രം സമർപ്പിച്ചെന്നും പ്രതികൾക്ക് ജാമ്യം നൽകരുതെന്നും സിബിഐ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ജാമ്യം തടയുകയെന്ന ലക്ഷ്യത്തോടെയുളള കുറ്റപത്രം നിയമപരമല്ലെന്നാണ് പ്രതിഭാഗം വാദിച്ചത്. സിദ്ധാർത്ഥിനെതിരെ നടന്നത് ആൾക്കൂട്ട വിചാരണയാണെന്നും അടിയന്തര വൈദ്യ സഹായംപോലും നൽകിയില്ലെന്നും കുറ്റപത്രത്തിൽ സിബിഐ ചൂണ്ടിക്കാട്ടിയിരുന്നു.