കുപ്പിയിലാക്കി മുലപ്പാൽ വിൽപന, 20 മില്ലിക്ക് വില 500 രൂപ

Advertisement
ചെന്നൈ.തമിഴ് നാട് ചെന്നൈയിൽ കുപ്പിയിലാക്കി മുലപ്പാൽ വിൽപന നടത്തിയ സ്ഥാപനം ഭക്ഷ്യ സുരക്ഷാ വകുപ്പ് സീൽ ചെയ്തു. മാധവാരത്തെ ലൈഫ് വാക്സിൻ സ്റ്റോറാണ് പൂട്ടിയത്. സ്ഥാപന ഉടമ മുത്തയ്യയ്ക്കെതിരെ ഭക്ഷ്യസുരക്ഷാ വകുപ്പ് കേസെടുത്തു.


മാധവാരം കെകെആർ ഗാർഡനിലെ ഒന്നാം സ്ട്രീറ്റിലാണ് സ്ഥാപനം പ്രവർത്തിച്ചിരുന്നത്. മൂന്ന് ദിവസം മുൻപാണ് ഭക്ഷ്യ സുരക്ഷാ വകുപ്പിന് സ്ഥാപനത്തെ സംബന്ധിച്ച് പരാതി ലഭിയ്ക്കുന്നത്. രണ്ടു ദിവസത്തെ നിരീക്ഷണത്തിന് ശേഷം ഇന്ന് സ്ഥാപനത്തിലെത്തി പരിശോധന നടത്തി. ഫ്രീസറിൽ സൂക്ഷിച്ച നിലയിലാണ് 45 കുപ്പി മുലപ്പാൽ കണ്ടെത്തിയത്. 20 എംഎൽ ബോട്ടിൽ അഞ്ഞൂറ് രൂപയ്ക്കാണ് ഇയാൾ വിൽപന നടത്തിയിരുന്നത്.


ബോട്ടിലുകൾക്ക് മുകളിൽ പാൽ ശേഖരിച്ചയാളുകളുടെ വിവരങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്. ഇവരെകൂടി അന്വേഷണത്തിന്റെ പരിധിയിൽ കൊണ്ടുവരുമെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് അറിയിച്ചു. പ്രൊട്ടിൻ പൗഡർ വിൽകാനുള്ള ലൈസൻസിന്റെ മറവിലായിരുന്നു മുലപ്പാൽ വിൽപന.പിടിച്ചെടുത്ത കുപ്പികൾ ശാസ്ത്രീയ പരിശോധന നടത്തിയ ശേഷം മറ്റ് നടപടികൾ സ്വീകരിയ്ക്കുമെന്നും ഭക്ഷ്യസുരക്ഷാ വകുപ്പ് അറിയിച്ചു. 
Advertisement