മഴക്കെടുതിയിൽ സംസ്ഥാനത്ത് ഇന്ന് മൂന്ന് മരണം

Advertisement

തിരുവനന്തപുരം. മഴക്കെടുതിയിൽ സംസ്ഥാനത്ത് ഇന്ന് മൂന്ന് മരണം. കുട്ടനാട്ടിൽ വീട് വൃത്തിയാക്കുന്നതിനിടെ ഗൃഹനാഥൻ ഷോക്കേറ്റു മരിച്ചു.. കോഴിക്കോട് ചേലേമ്പ്രയിൽ 11കാരൻ സമീപത്തെ വെള്ളക്കെട്ടിൽ വീണു മരിച്ചു. കൊല്ലം പത്തനാപുരത്ത് ആറ്റിൽ വീണ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. അതേസമയം സംസ്ഥാനത്ത് വരും ദിവസങ്ങളിലും ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് . ഇടുക്കി, കോഴിക്കോട് ജില്ലകളിൽ അതിതീവ്ര മഴയ്ക്ക് സാധ്യത.

മഴക്കെടുതിയിൽ സംസ്ഥാനത്ത് ഇന്ന് പൊലിഞ്ഞത് മൂന്ന് ജീവനുകൾ. കുട്ടനാട് വീട്ടിൽ വെള്ളം കയറിയത് വൃത്തിയാക്കുന്നതിനിടെ ഷോക്കെറ്റ് ഗൃഹനാഥന് ദാരുണാന്ത്യം. പുളിങ്കുന്ന് സ്വദേശി മണിയനാണ് മരിച്ചത്. കോഴിക്കോട് ചേലേമ്പ്രയിൽ വീടിനു സമീപത്തെ വെള്ളക്കെട്ടിൽ വീണ് 11 വയസ്സുകാരൻ മുങ്ങി മരിച്ചു .പാറയിൽ ഫൈസലിന്റെ മകൻ മുഹമ്മദ് ഫാദിലിനാണ് ജീവൻ നഷ്ടമായത്. ഏറെ നേരത്തെ തെരച്ചിലിനൊടുവിൽ പുള്ളിക്കടവ് പാലത്തിന് സമീപത്തു നിന്നാണ് മൃതദേഹം കണ്ടെത്തിയത്. കൊല്ലം പത്തനാപുരത്ത് ആറ്റിൽ വീണ സ്ത്രീയുടെ മൃതദേഹവും കണ്ടെത്തി. കമുകം ചേരി സ്വദേശിനി വത്സലയുടെ മൃതദേഹം ആറിൽ നിന്ന് കണ്ടെടുത്തത്. അതേസമയം സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ ഏറ്റവും പുതിയ മുന്നറിയിപ്പ്.ഇടുക്കി, കോഴിക്കോട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.കോട്ടയം, എറണാകുളം, തൃശ്ശൂർ,പാലക്കാട്, മലപ്പുറം, വയനാട്, കണ്ണൂർ ജില്ലകളിൽ യെല്ലോ മുന്നറിയിപ്പുമുണ്ട്.തെക്ക് – കിഴക്കൻ അറബിക്കടലിൽ കേരളം തീരത്തിന് അരികെ ചക്രവാതച്ചുഴി രൂപപ്പെട്ടു. ഇതിന്റെ ഫലമായി കേരള തീരത്ത് ശക്തമായ പടിഞ്ഞാറൻ കാറ്റ് നിലനിൽക്കുന്നതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അടുത്ത 7 ദിവസം സംസ്ഥാനത്ത് വ്യാപകമായി ഇടി/മിന്നൽ/കാറ്റ് എന്നിവയോട് കൂടിയ മിതമായതോ അല്ലെങ്കിൽ ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പിന്റെ നിർദേശം.തെക്കൻ കേരള തീരത്തും, ലക്ഷദ്വീപ് പ്രദേശത്തും മത്സ്യബന്ധനത്തിനുള്ള വിലക്ക് തുടരും.