പോലീസുകാരൻ ഹോട്ടൽ അടിച്ചു തകർത്ത സംഭവത്തിൽ വധശ്രമത്തിന് കേസ്സെടുത്തു; അന്വേഷണ റിപ്പോർട്ട് ഇന്ന് നൽകും, വകുപ്പ് തല നടപടിയും ഇന്നുണ്ടാകും

Advertisement

ആലപ്പുഴ:
ഹോട്ടലിനകത്തേക്ക് ബൈക്ക് ഇടിച്ചു കേറ്റിയ ശേഷം വടിവാൾ ഉപയോഗിച്ച് ഹോട്ടൽ അടിച്ചു തകർക്കുകയും ജീവനക്കാരെ വെട്ടിപ്പരിക്കേൽപ്പിക്കാൻ ശ്രമിക്കുകയും ചെയ്ത സംഭവത്തിൽ പ്രതിയ പോലീസുകാരനെതിരെ വധശ്രമത്തിന് കേസ്സെടുത്തു.വകുപ്പ് തല നടപടിയും ഇന്ന് തന്നെ ഉണ്ടായേക്കും.സംഭവത്തെ സംബന്ധിച്ച് ഇന്ന് തന്നെ റിപ്പോർട്ട് നൽകണമെന്ന് കോട്ടയം എസ് പി നിർദ്ദേശിച്ചിട്ടുണ്ട്.
ആലപ്പുഴ ദേശീയപാതയ്‌ക്കരികിൽ കളർകോടുള്ള അഹലൻ കുഴിമന്തിയിലാണ് സംഭവം. ഇവിടെ നിന്ന് കഴിച്ച ഭക്ഷണത്തിൽ നിന്ന് ഭക്ഷ്യവിഷബാധയുണ്ടായി എന്ന് ആരോപിച്ചായിരുന്നു ആക്രമണം. അക്രമം നടത്തിയ ചങ്ങനാശേരി ട്രാഫിക്സ്റ്റേഷനിലെ സിപിഒ കെ ജെ ജോസഫിനെ ആലപ്പുഴ സൗത്ത് പൊലീസ് ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു.

ബൈക്കിനു മുന്നിൽ വടിവാൾ വെച്ചുകൊണ്ടായിരുന്നു സിപിഒ കെ ജെ ജോസഫ് ഹോട്ടലിൽ എത്തിയത്. ആദ്യം ഹോട്ടലിന്റെ ചില്ലുകൾ അടിച്ചു തകർത്തു ഇരുചക്രവാഹനം ഹോട്ടലിലേയ്ക്ക് ഓടിച്ചു കയറ്റി. ഹോട്ടൽ ജീവനക്കാരെ വടിവാളു വാളുമായി ആക്രമിക്കാൻ ശ്രമിച്ചു. ദേശീയപാതയ്ക്കരികിലെ ഹോട്ടലിൽ അരമണിക്കൂറോളം ഭീകരാന്തരീക്ഷം സൃഷ്ടിച്ച ജോസഫ് മദ്യലഹരിയിൽ ആയിരുന്നു. ആലപ്പുഴ സൗത്ത് സ്റ്റേഷനിൽ നിന്ന് രണ്ട് പോലീസുകാർ എത്തിയിട്ടും ജോസഫ് പിന്മാറാൻ തയ്യാറായില്ല. പിന്നീട് നാട്ടുകാർ കൂടിയതോടെ പോലീസുകാർ ഓട്ടോയിൽ കയറ്റിയാണ് അക്രമി ജോസഫിനെ ആലപ്പുഴ സൗത്ത് പോലീസ് സ്റ്റേഷനിൽ എത്തിച്ചത്. വൈദ്യ പരിശോധനയിൽ ജോസഫ്
അമിതമായി മദ്യപിച്ചിട്ടുണ്ട് എന്ന് തെളിഞ്ഞിരുന്നു.
തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തി. പ്രതിയെ ഇന്ന് രാവിലെ കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു. ഒരാഴ്ച മുമ്പ് ഭാര്യയും മകനുമൊപ്പം ജോസഫ് ഇവിടെ ഭക്ഷണം കഴിക്കാനെത്തിയിരുന്നു. ഭക്ഷണം കഴിച്ച ശേഷം മകന് ദേഹാസ്വാസ്ഥ്യമുണ്ടായെന്നും വിവിധ ആശുപത്രികളിൽ ചികിത്സ തേടിയതായും പറഞ്ഞായിരുന്നു ആക്രമണം.

Advertisement