ഇന്‍സ്റ്റഗ്രാമില്‍ റീല്‍സ് കണ്ട് അശ്ലീല സന്ദേശമയച്ച യുവാവിനെ ഭീഷണിപ്പെടുത്തി പണം തട്ടി; യുവതി ഉള്‍പ്പെടെ മൂന്ന് പേര്‍ അറസ്റ്റില്‍

Advertisement

കൊച്ചി: ഇന്‍സ്റ്റഗ്രാമില്‍ റീല്‍സ് കണ്ട് അശ്ലീല സന്ദേശമയച്ച യുവാവിനെ ഭീഷണിപ്പെടുത്തി പണം തട്ടിയ കേസില്‍ യുവതി ഉള്‍പ്പെടെ മൂന്ന് പേര്‍ അറസ്റ്റില്‍. ആലപ്പുഴ സ്വദേശിനി ജസ്ലി, ആലുവ സ്വദേശി അഭിജിത്, നിലമ്പൂര്‍ സ്വദേശി സല്‍മാന്‍ എന്നിവരാണ് അറസ്റ്റിലായത്.
അശ്ലീല സന്ദേശമയച്ചതിന് പോലീസില്‍ പരാതി നല്‍കിയ ശേഷം മൂവാറ്റുപുഴ സ്വദേശിയായ യുവാവില്‍ നിന്ന് കേസ് ഒത്തുതീര്‍പ്പാക്കാന്‍ 20 ലക്ഷം രൂപ ആവശ്യപ്പെടുകയായിരുന്നു. അഞ്ച് ലക്ഷം രൂപ നല്‍കാമെന്ന് പറഞ്ഞ യുവാവില്‍ നിന്ന് ആദ്യ ഗഡുവായി രണ്ടുലക്ഷം രൂപ തട്ടി.
കഴിഞ്ഞ ദിവസമാണ് ആലപ്പുഴ സ്വദേശിയായ യുവതി ഒരു സിനിമയെ കുറിച്ച് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. ഈ റീല്‍സ് കണ്ട മുവാറ്റുപുഴ സ്വദേശിയായ യുവാവ് യുവതിക്ക് സ്വകാര്യമായി അശ്ലീല സന്ദേശം അയക്കുകയായിരുന്നു.
ഇക്കാര്യം ചൂണ്ടികാട്ടി യുവതി ഏലൂര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ സംഭവത്തില്‍ സ്വമേധയാല്‍ കേസെടുക്കാന്‍ പോലീസിന് കഴിയാത്തതിനാല്‍ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. ഇതിനായി പോലീസ് റിപ്പോര്‍ട്ട് കോടതിക്ക് നല്‍കുകയും ചെയ്തു.
ഇതിനിടെയാണ് കേസ് ഒത്തുതീര്‍പ്പാക്കുന്നതിന് 20 ലക്ഷം രൂപ വേണമെന്ന് ആവശ്യപ്പെട്ട് യുവാവിനെയും കുടുംബത്തെയും യുവതിയും രണ്ട് സുഹൃത്തുക്കളും ചേര്‍ന്ന് ഭീഷണിപ്പെടുത്തുന്നത്. തുടര്‍ന്ന് ചര്‍ച്ചകള്‍ക്കൊടുവില്‍ അഞ്ച് ലഷം രൂപ നല്‍കാമെന്ന് കുടുംബം സമ്മതിച്ചു. രണ്ട് ലക്ഷം രൂപ ആലുവ സ്വദേശിയായ അഭിജിത്തിന്റെ അക്കൗണ്ടിലേക്ക് അയച്ചിരുന്നു.
മുവാറ്റുപുഴ സ്വദേശിയായ യുവാവിന്റെ സഹോദരിയുടെ വിവാഹം അടുത്തിടെയാണ് കഴിഞ്ഞത്. സഹോദരിക്ക് നല്‍കിയ സ്വര്‍ണം ഉള്‍പ്പെടെ പണയപ്പെടുത്തി ബാക്കി മൂന്ന് ലക്ഷം രൂപ നല്‍കാന്‍ കുടുംബം തയാറെടുക്കുകയായിരുന്നു. ഇക്കാര്യം പോലീസ് അറിയുകയും അന്വേഷണം ആരംഭിക്കുകയുമായിരുന്നു. തുടര്‍ന്നാണ് യുവതി ഉള്‍പ്പെടുന്ന മൂവര്‍ സംഘം അറസ്റ്റിലാകുന്നത്. സിനിമ രംഗവുമായി ബന്ധപ്പെട്ട ആവശ്യത്തിന് 20 ലക്ഷം രൂപ വേണമായിരുന്നു. ഇതിനായാണ് പണം ചോദിച്ചതെന്നാണ് പ്രതികള്‍ പൊലീസില്‍ നല്‍കിയിരിക്കുന്ന മൊഴി.