കളിപ്പാട്ടങ്ങള്‍, റെഡിമെയ്ഡ് ഡ്രസ് എന്നിവയുടെ മറവില്‍ ഗോവയില്‍ നിന്നും കൊറിയര്‍ സര്‍വ്വീസ് വഴി മയക്കുമരുന്ന് കടത്ത്; പ്രതിക്ക് 21 വര്‍ഷം കഠിന തടവ്

Advertisement

മലപ്പുറം: കളിപ്പാട്ടങ്ങള്‍, റെഡിമെയ്ഡ് ഡ്രസ് എന്നിവയുടെ കച്ചവടത്തിന്റെ മറവില്‍ ഗോവയില്‍ നിന്നും കൊറിയര്‍ സര്‍വ്വീസ് വഴി മയക്കുമരുന്ന് കടത്തിയ കേസില്‍ പ്രതിക്ക് 21 വര്‍ഷം കഠിന തടവും 210000 രൂപ പിഴയും വിധിച്ചു. കേസിലെ മൂന്നാം പ്രതി സക്കീര്‍ ഹുസൈനാണ് മയക്കുമരുന്ന് കേസില്‍ ശിക്ഷ വിധിച്ചത്.

  1. 12 ഗ്രാം എംഡിഎംഎ, 0.93 എല്‍എസ്ഡി സറ്റാമ്പ്, 1.15 കിലോഗ്രാം കഞ്ചാവ്, 325.85 ഗ്രാം ഹാഷിഷ് ഓയില്‍ എന്നിവയാണ് മലപ്പുറം എക്സൈസ് സംഘം പിടിച്ചെടുത്തത്. രണ്ടാം പ്രതിയുടെ വിചാരണ പൂര്‍ത്തിയായെങ്കിലും ഇയാള്‍ ഒളിവില്‍ പോയതിനാല്‍ ശിക്ഷ വിധിച്ചിട്ടില്ല. കേസിന്റെ വിചാരണ പൂര്‍ത്തിയാകുന്നതിന് മുമ്പ് തന്നെ ഒന്നാം പ്രതി ഒളിവില്‍ പോയിരുന്നു. ഇവര്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.
    2020 നവംബര്‍ 22ന് പരപ്പനങ്ങാടി എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ പി.കെ. മുഹമ്മദ് ഷഫീഖും സംഘവും ചേര്‍ന്നാണ് കേസ് എടുത്തത്. മാരക ലഹരി മരുന്നുകളുമായി, ഒന്നും രണ്ടു പ്രതികളായ, റമീസ് റോഷന്‍ (30), ഹാഷിബ് ശഹീന്‍ (29) എന്നിവരെ അന്ന് എക്സൈസ് അറസ്റ്റ് ചെയ്തു റിമാന്‍ഡ് ചെയ്തിരുന്നു.
    തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ മൂന്നാം പ്രതി സക്കീര്‍ ഹുസൈന്‍ (37) പിടിയിലായി. ഇയാള്‍ ഗോവയില്‍ നിന്നും ഒന്നും രണ്ടും പ്രതികള്‍ക്ക് കളിപ്പാട്ടങ്ങള്‍ക്കിടയില്‍ ഒളിപ്പിച്ച് കൊറിയര്‍ സര്‍വ്വീസ് വഴിയാണ് 30 ഗ്രാം എംഡിഎംഎ കടത്തിയത്. ഇത് രാമനാട്ടുകരയിലെ കൊറിയര്‍ സര്‍വീസില്‍ നിന്നുമാണ് പിടിച്ചെടുത്തത്. മഞ്ചേരി എന്‍ഡിപിഎസ് കോടതിയിലാണ് വിചാരണ പൂര്‍ത്തിയായി ശിക്ഷ വിധിച്ചത്.