വിജിലന്‍സ് കോടി ജഡ്ജിക്ക് അറസ്റ്റ് വാറണ്ട്, പിന്നീട് നടന്നത്

Advertisement

മൂവാറ്റുപുഴ. വിജിലൻസ് കോടതി ജഡ്ജിക്ക് ഡൽഹിയിൽ നിന്ന് വ്യാജ അറസ്റ്റ് വാറൻ്റ്.മൂവാറ്റുപുഴ വിജിലൻസ് കോടതി ജഡ്ജി എൻ വി രാജുവിനാണ് വാട്സ്ആപ്പ് മുഖേന വ്യാജ അറസ്റ്റ് വാറൻറ് എത്തിയത്. ജഡ്ജിയുടെ പരാതിയിൽ മൂവാറ്റുപുഴ പോലീസ് കേസ് രജിസ്റ്റർ ചെയ്തു.

വ്യാജ അറസ്റ്റ് വാറന്റുകൾ വാട്സാപ്പിലൂടെ അയച്ചു പണം തട്ടുന്ന സംഭവങ്ങൾ കേരളത്തിൽ കൂടി വരുന്നതിനിടയിലാണ് വിജിലൻസ് കോടതി ജഡ്ജിക്കും വ്യാജ അറസ്റ്റ് വാറണ്ട് എത്തിയത്. ജഡ്ജിയുടെ പരാതി ലഭിച്ചതോടെ തീക്കട്ടയിൽ ഉറുമ്പരിക്കുമോ എന്നാണ് മൂവാറ്റുപുഴയിലെ പോലീസുകാർ ചോദിക്കുന്നത്. ഡൽഹി പോലീസിന്റെ പേരിലാണ് മൂവാറ്റുപുഴ വിജിലൻസ് കോടതി ജഡ്ജി എൻ വി രാജുവിന് വാട്സാപ്പിലൂടെ അറസ്റ്റ് വാറൻ്റ് എത്തിയത്. 15 മിനിറ്റിനുള്ളിൽ ഡൽഹി പോലീസ് അറസ്റ്റ് ചെയ്യുമെന്നായിരുന്നു വാട്സാപ്പിൽ എത്തിയ വാറൻറിൽ പറഞ്ഞിരുന്നത്. പോലീസ് ഉദ്യോഗസ്ഥൻ എന്ന് തോന്നിക്കുന്നയാൾ യൂണിഫോമിൽ നിൽക്കുന്ന ഫോട്ടോയും ഉത്തരവിനൊപ്പം ജഡ്ജിക്ക് അയച്ചുകൊടുത്തു. ഇതോടെയാണ് വിജിലൻസ് കോടതി ജഡ്ജി മൂവാറ്റുപുഴ പോലീസിൽ പരാതി നൽകിയത്. നേരത്തെ ഇ ഡി ഉദ്യോഗസ്ഥൻ എന്ന പേരിൽ മൂവാറ്റുപുഴ സ്വദേശിക്ക് കഴിഞ്ഞദിവസം മറ്റൊരു അറസ്റ്റ് വാറണ്ട് ലഭിച്ചിരുന്നു. ഈ പരാതിയിലും പോലീസ് കേസ് എടുത്തിട്ടുണ്ട്. ജഡ്ജിയുടെ പരാതിയിൽ അന്വേഷണം ആരംഭിച്ചതായും പോലീസ് അറിയിച്ചു

Advertisement