ഇതോക്കെ ശ്രദ്ധിക്കണ്ടേ അമ്പാനേ…. രംഗണ്ണന്റെയും അമ്പാന്റെയും പോസ്റ്റര്‍ പിന്‍വലിച്ച് വനിതാ ശിശുക്ഷേമ വകുപ്പ്

Advertisement

ആവേശം സിനിമയിലെ കഥാപാത്രങ്ങളായ രംഗണ്ണനും അമ്പാനും കുട്ടികളുടെ കൈപിടിച്ച് നടക്കുന്ന പോസ്റ്റര്‍ പിന്‍വലിച്ച് വനിതാ ശിശുക്ഷേമ വകുപ്പ്. സ്‌കൂള്‍ പ്രവേശനത്തിന്റെ ഭാഗമായി പുറത്തിറക്കിയ പോസ്റ്റര്‍ ആണ് വിമര്‍ശനത്തെത്തുടര്‍ന്ന് പിന്‍വലിച്ചത്. പോസ്റ്ററിലെ അനൗചിത്യം ചൂണ്ടിക്കാണിച്ച് മനോരോഗ ചികിത്സാവിദഗ്ധന്‍ ഡോ. സി ജെ ജോണ്‍ ഫെയ്‌സ്ബുക്കില്‍ കുറിപ്പിട്ടതോടെയാണ് വകുപ്പ് പോസ്റ്റര്‍ പിന്‍വലിച്ചത്. പകരം തിരുത്തിയ പോസ്റ്റര്‍ സമൂഹ മാധ്യമത്തില്‍ പങ്കുവയ്ക്കുകയും ചെയ്തു. ചൂണ്ടിക്കാണിച്ചപ്പോള്‍ത്തന്നെ അനൗചത്യം തിരുത്തിയ വനിതാ ശിശുക്ഷേമ വകുപ്പിന്റെ നടപടിയെ ഡോ. സി ജെ ജോണ്‍ അഭിനന്ദിച്ചു.
രംഗണ്ണന്റെ ചിത്രത്തെ വിമര്‍ശിച്ച് സിജെ ജോണിന്റെ കുറിപ്പിലെ പ്രസക്തഭാഗം ഇങ്ങനെയായിരുന്നു. : ‘യുവ പ്രേക്ഷകരുടെ മനം കവരാന്‍ പോന്ന വിധത്തില്‍ അടിയും കുടിയും പുകവലിയുമൊക്കെ മാന്യവത്കരിക്കുന്ന കാര്‍ട്ടൂണ്‍ പരിവേഷം ചാര്‍ത്തിയ കഥാപാത്രങ്ങളാണ് രംഗണ്ണനും അമ്പാനും. ഇവരാണ് കുട്ടികളുടെ മാതൃകയാകേണ്ടവരെന്ന് പരോക്ഷമായി പറയുന്നത് പോലെയായായി ഇത്. ജനപ്രിയതയെ മാത്രം മുന്‍നിര്‍ത്തിയാകരുത് കുട്ടികള്‍ക്കായുള്ള പ്രചാരണ പോസ്റ്ററുകള്‍. കോപ്പി ക്യാറ്റ് പ്രവണത കൂടുതലുള്ള വിഭാഗമാണവര്‍. അവരുടെയും മാതാപിതാക്കളുടെയും മനസ്സിലേക്ക് ഉപദേശകരുടെ കുപ്പായം നല്‍കി ഈ കഥാപാത്രങ്ങളെ ഇറക്കിവിട്ടവര്‍ സിനിമ ഒന്ന് കൂടി കാണുക. ഇവര്‍ക്ക് സെന്‍സര്‍ ബോര്‍ഡ് നല്‍കിയ റേറ്റിങ് ശ്രദ്ധിക്കുക. നിര്‍ദോഷമെന്ന് തോന്നുന്ന ഇത്തരം ചെയ്തികള്‍ സോഷ്യല്‍ ലേണിങ് തിയറി പ്രകാരം കുട്ടികളില്‍ ചെയ്യാന്‍ ഇടയുള്ള അപകടങ്ങളെ കുറിച്ച് പഠിക്കുക. ഇതൊക്കെ മാതൃകയാക്കിയുള്ള പെരുമാറ്റ വൈകല്യങ്ങളുമായി മാനസികാരോഗ്യ ക്ലിനിക്കുകളില്‍ വരുന്ന കുട്ടികളെയും മാതാപിതാക്കളെയും കണ്ട് നെടുവീര്‍പ്പിടാം’.

https://www.facebook.com/share/p/CTFgspU89ZxRpNA2