അറിവിന്‍റെ പുതുലോകത്തേക്ക് ഇന്ന് 2,40,000കുരുന്നുകള്‍

Advertisement

തിരുവനന്തപുരം. മധ്യവേനല്‍ അവധിക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകള്‍ ഇന്നു തുറക്കും. രണ്ടു ലക്ഷത്തി നാല്‍പ്പതിനായിരം കുരുന്നുകള്‍ അറിവിന്റെ ആദ്യക്ഷരം നുകരാന്‍ ഒന്നാം ക്ലാസുകളിലേക്ക് എത്തും. എല്ലാ സ്‌കൂളിലും പ്രവേശനോത്സവത്തോടെയാണ് കുട്ടികളെ വരവേല്‍ക്കുന്നത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിലുള്ള അധ്യാപക പരിശീലനവും എസ്.എസ്.എല്‍.സി മൂല്യനിര്‍ണയത്തിലെ മാറ്റവും ഈ വര്‍ഷത്തെ പ്രത്യേകതയാണ്.

ഒന്നാം ക്ലാസ്സിലേക്ക് ഇതുവരെ വന്നുചേര്‍ന്നത് രണ്ട് ലക്ഷത്തിനാല്‍പത്തി നാലായിരത്തി അറുന്നൂറ്റി നാല്‍പത്തിയാറ് കുട്ടികളാണ്. ഇതുള്‍പ്പെടെ മധ്യവേനല്‍ അവധി കഴിഞ്ഞ് മുപ്പത്തിയൊമ്പത് ലക്ഷത്തി തൊണ്ണൂറ്റി നാലായിരത്തി തൊള്ളായിരത്തി നാല്‍പത്തി നാല് കുട്ടികള്‍ ഇന്നു സ്‌കൂളുകളിലേക്ക് എത്തും. ഓരോ സ്‌കൂളിലും പ്രവേശനോത്സവം സംഘടിപ്പിച്ചാണ് കുട്ടികളെ വരവേല്‍ക്കുന്നത്. ഈ അധ്യയന വര്‍ഷത്തെ സ്‌കൂള്‍ പ്രവേശനോത്സവം എറണാകുളം ജില്ലയിലെ എളമക്കര ജി.എച്ച്.എസ്.എസില്‍
മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. പോക്‌സോ നിയമത്തിന്റെ ബോധവത്ക്കരണം, ലഹരി ഉപയോഗത്തിന്റെ ദൂഷ്യഫലങ്ങള്‍ എന്നിവ വിദ്യാര്‍ത്ഥികളെ പരിചയപ്പെടുത്തുന്നതിന് ഈ വര്‍ഷം ഊന്നല്‍ നല്‍കും. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സില്‍ അധ്യാപകര്‍ക്ക് നല്‍കിയ പരിശീലനമായിരുന്നു ഇത്തവണത്തെ പ്രത്യേകത. ലഹരിക്കെതിരെ എക്സൈസ് വകുപ്പ് തയ്യാറാക്കിയ സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് പ്രൊസീജര്‍ സ്‌കൂളുകളില്‍ നടപ്പാക്കും. പരാതികള്‍ എക്സൈസ് വകുപ്പിനെ അറിയിക്കുന്നതിന് സ്‌കൂളുകളിലെ ജന ജാഗ്രത സമിതികള്‍ക്ക് വാട്സ്ആപ്പ് നമ്പര്‍ നല്‍കി. എസ്.എസ്.എല്‍.സി പരീക്ഷയ്ക്ക് വിജയിക്കാന്‍ ഓരോ വിഷയത്തിനും മിനിമം മാര്‍ക്ക് ഏര്‍പ്പെടുത്താനുള്ള തീരുമാനം ഈ വര്‍ഷം മുതല്‍ നടപ്പാകും. മൂന്നാം ക്ലാസിലെ മലയാള പാഠപുസ്തകത്തില്‍ സ്ത്രീ പുരുഷ തുല്യത ഉള്‍പ്പെടുത്തിയതിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്.

Advertisement