വാർത്താനോട്ടം

Advertisement

വാർത്താനോട്ടം

2024 ജൂൺ 03 തിങ്കൾ

BREAKING NEWS

👉സംസ്ഥാനത്ത് ഇന്നും മഴയ്ക്ക് സാധ്യത. കണ്ണൂരിൽ യെല്ലോ അലർട്ട്

👉 പുതിയ അധ്യായന വർഷത്തിന് ഇന്ന് തുടക്കം. സംസ്ഥാന തല പ്രവേശനോത്സവം എറണാകുളത്ത്.

👉പാലക്കാട് -തൃശൂർ ദേശീയപാതയിൽ ബസ്സും ലോറിയും കൂട്ടിയിടിച്ചു. ആർക്കും പരിക്കില്ല.പുലർച്ചെ 4നായിരുന്നു അപകടം.

🌴 കേരളീയം 🌴

🙏 വേനലവധിക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകള്‍ ഇന്ന് തുറക്കും. മൂന്ന് ലക്ഷത്തോളം നവാഗതര്‍ ഒന്നാം ക്ലാസിലേക്കെത്തുമെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ പ്രതീക്ഷ. പ്രവശനോത്സവത്തോടെ ഈ വര്‍ഷത്തെ അധ്യയനം തുടങ്ങാന്‍ കുട്ടികളെ ക്ഷണിച്ച് കാത്തിരിക്കുകയാണ് സ്‌കൂളുകള്‍.

🙏 സ്‌കൂള്‍ തുറക്കുന്നതിനോടനുബന്ധിച്ച് വനിതാ ശിശുക്ഷേമ വകുപ്പ് പുറത്തിറക്കിയ സോഷ്യല്‍മീഡിയ പോസ്റ്റര്‍ വിമര്‍ശനത്തിന് പിന്നാലെ പിന്‍വലിച്ചു. ആവേശം എന്ന ചിത്രത്തിലെ കഥാപാത്രങ്ങളായ രംഗണ്ണനും അമ്പാനും കുട്ടികളുടെ കൈപിടിച്ച് സ്‌കൂളിലേക്ക് നടത്തുന്ന കോമിക് ചിത്രമാണ് പോസ്റ്റില്‍ ഉപയോഗിച്ചിരുന്നത്.

🙏സംസ്ഥാന സിലബസില്‍ ഒന്നാം ക്ലാസിലേക്ക് പ്രവേശനം നേടിയ കുട്ടികളുടെ എണ്ണത്തില്‍ കുറവ്. 2.44 ലക്ഷം കുട്ടികളാണ് ഇത്തവണ പ്രവേശനം നേടിയത്. ഒരു ലക്ഷത്തലധികം കുട്ടികളാണ് മൂന്ന് വര്‍ഷത്തിനിടെ കുറഞ്ഞത്. ഇത്തവണ സംസ്ഥാനത്ത് സര്‍ക്കാര്‍ സ്‌കൂളുകളില്‍ 11.19 ലക്ഷം പേരും എയ്ഡഡ് സ്‌കൂളുകളില്‍ 20.30 ലക്ഷം പേരും അണ്‍എയ്ഡഡ് സ്‌കൂളുകളില്‍ 2.99 ലക്ഷം പേരും പ്രവേശനം നേടി.

🙏 കോട്ടയം ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍. വേളൂര്‍ സെന്റ് ജോണ്‍ എല്‍.പി.എസ്, പുളിനാക്കല്‍ സെന്റ് ജോണ്‍ യു.പി.എസ്, കല്ലുപുരയ്ക്കല്‍ ഗവണ്‍മെന്റ് എല്‍.പി.എസ്, കല്ലുപുരയ്ക്കല്‍ ഗവണ്‍മെന്റ് യു.പി.എസ് എന്നീ സ്‌കൂളുകള്‍ക്കും അവധി പ്രഖ്യാപിച്ചതായി കളക്ടര്‍ അറിയിച്ചു.

🙏 പാലക്കാട് പന്നിയങ്കര ടോള്‍ പ്ലാസയില്‍ ഇന്ന് മുതല്‍ ടോള്‍ നിരക്ക് കൂടും. സ്‌കൂള്‍ വാഹനങ്ങള്‍ക്കും ടോള്‍ നല്‍കണം. ടോള്‍ നിരക്ക് വര്‍ധനക്കെതിരെ ടോള്‍ പ്ലാസയില്‍ ജനകീയ കൂട്ടായ്മ പ്രതിഷേധ സമരം നടത്തും. പാലിയേക്കര, പന്നിയങ്കര ടോള്‍ ബൂത്തുകളില്‍ ഒന്ന് നിര്‍ത്തലാക്കുന്ന കാര്യം പരിശോധിക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍ ഉറപ്പ് നല്‍കിയിരുന്നെങ്കിലും ഇപ്പോഴും നടപ്പായിട്ടില്ല.

🙏 കീം പരീക്ഷയുടെ പശ്ചാത്തലത്തില്‍ കെഎസ്ആര്‍ടിസി കൂടുതല്‍ സര്‍വീസുകള്‍ നടത്തും. പരീക്ഷാര്‍ത്ഥികളുടെ തിരക്കിന് അനുസരിച്ച് സര്‍വീസുകള്‍ ലഭ്യമാക്കും. എല്ലാ ജില്ലകളില്‍ നിന്നും വിപുലമായ രീതിയില്‍ സര്‍വീസുകള്‍ ക്രമീകരിക്കണമെന്ന ഗതാഗത വകുപ്പ് മന്ത്രി ഗണേഷ് കുമാറിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് തീരുമാനം.

🙏 പൂക്കോട് വെറ്ററിനറി കോളജ് വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്റെ മരണം അന്വേഷിക്കുന്ന ജുഡീഷ്യല്‍ കമ്മിറ്റി മുന്‍പാകെ കുടുംബം ഹാജരായി മൊഴി നല്‍കി. സിദ്ധാര്‍ത്ഥിന്റെ അച്ഛന്‍ ജയപ്രകാശ്, അമ്മ ഷീബ, അമ്മാവന്‍ ഷിജു എന്നിവരാണ് റിട്ട. ജസ്റ്റിസ് എ ഹരിപ്രസാദ് മുന്‍പാകെ ഹാജരായി രേഖകള്‍ കൈമാറിയത്.

🙏 കോഴിക്കോട് ഐസിയു പീഡന കേസില്‍ മൊഴിയെടുത്ത ഡോക്ടര്‍ക്കെതിരായ അതിജീവിതയുടെ പരാതിയില്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. നര്‍ക്കോട്ടിക് ഡിവൈഎസ്പി ആണ് അന്വേഷണ റിപ്പോര്‍ട്ട് കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് കൈമാറിയത്.

🙏 യൂട്യൂബര്‍ സഞ്ജു ടെക്കിക്ക് പണക്കൊഴുപ്പും അഹങ്കാരവുമാണെന്ന് ഗതാഗത മന്ത്രി കെ.ബി. ഗണേഷ്‌കുമാര്‍. പണമുള്ളവന്‍ കാറില്‍ സ്വിമ്മിങ് പൂള്‍ പണിതല്ല നീന്തേണ്ടതെന്നും വീട്ടില്‍ സ്വിമ്മിങ് പൂള്‍ പണിയണമെന്നും ഭ്രാന്തന്മാര്‍ സമനില തെറ്റി കാണിക്കുന്ന വേലകള്‍ക്ക് റീച്ച് ഉണ്ടാക്കിക്കൊടുക്കരുതെന്നും മന്ത്രി പറഞ്ഞു.

🙏 പത്തനംതിട്ട അടൂര്‍ കിളിവയല്‍ ഓര്‍ത്തഡോക്സ് പള്ളിയില്‍ പ്രാര്‍ത്ഥന സമയത്ത് കാട്ടുപന്നി പാഞ്ഞുകയറി. പള്ളിയുടെ വരാന്തയില്‍ നിന്ന സ്ത്രീയെ ഇടിച്ചിട്ടു. സിനി സുനില്‍ എന്ന യുവതിക്കാണ് കാട്ടുപന്നിയുടെ ആക്രമണത്തില്‍ പരിക്കേറ്റത്.

🙏 കോട്ടയം മണിമല സ്വദേശിയായ വയോധിക മണിമലയാറ്റില്‍ മുങ്ങി മരിച്ചു. മണിമല മൂങ്ങാനി കളത്തിപ്ലാക്കല്‍ ഓമന നാരായണനാണ് മുങ്ങി മരിച്ചത്. കാല്‍ വഴുതി പുഴയില്‍ വീണതാകാമെന്നാണ് പ്രാഥമിക നിഗമനം.

🇳🇪 ദേശീയം 🇳🇪

🙏 മോദി സര്‍ക്കാരിന്റെ മൂന്നാമൂഴം പ്രവചിക്കുന്ന എക്‌സിറ്റ് പോളുകള്‍ പുറത്ത് വന്നതിന് പിന്നാലെ ഉന്നതതല യോഗം വിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്നലെ ഏഴ് വ്യത്യസ്ത യോഗങ്ങളാണ് പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്നതെന്നും യോഗങ്ങളില്‍ അടുത്ത സര്‍ക്കാരിന്റെ ആദ്യത്തെ 100 ദിന പരിപാടികള്‍ ചര്‍ച്ചയായെന്നും സൂചനകളുണ്ട്.

🙏 വോട്ടെണ്ണല്‍ സുതാര്യമാക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യ സഖ്യ നേതാക്കള്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ കണ്ടു. അതേസമയം വോട്ടെണ്ണല്‍ നാളെ നടക്കാനിരിക്കേ ഇന്ന് ദില്ലിയില്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറും കമ്മീഷണര്‍മാരും മാധ്യമങ്ങളെ കാണും.

🙏വിവാഹാഘോഷത്തി
നിടെ ട്രാക്ടര്‍ മറിഞ്ഞ് മധ്യപ്രദേശിലെ രാജ്ഗഢിലെ പിപ്ലോദിയില്‍ 13 പേര്‍ക്ക് ദാരുണാന്ത്യം. 15 പേര്‍ക്ക് പരിക്കേറ്റു. ഇന്നലെ രാത്രി എട്ടു മണിയോടെ വിവാഹാഘോഷ യാത്ര നടത്തുന്നതിനിടെയാണ് അപകടമുണ്ടായത്.

🙏 ജൂണ്‍ നാലിന് വോട്ടെണ്ണുമ്പോള്‍ എല്ലാ എക്‌സിറ്റ് പോളുകളും തെറ്റാണെന്ന് തെളിയുമെന്നും നരേന്ദ്ര മോദി പ്രധാനമന്ത്രിയായാല്‍ തല മൊട്ടയടിക്കുമെന്നും ദില്ലി ലോക്‌സഭാ സീറ്റിലെ ഇന്ത്യാ സഖ്യത്തിന്റെ സ്ഥാനാര്‍ഥി കൂടിയായ എംഎല്‍എ സോംനാഥ് ഭാരതി പറഞ്ഞു.

🙏 മഹാരാഷ്ട്രയില്‍ എക്സിറ്റ് പോള്‍ ഫലങ്ങളെ തളളി ഇരു മുന്നണികളും. സര്‍വേ ഫലങ്ങള്‍ കോര്‍പ്പറേറ്റ് കളിയെന്ന് പരിഹസിച്ച ഉദ്ദവ് പക്ഷ ശിവസേന. മഹാവികാസ് അഘാഡി 35 സീറ്റ് നേടുമെന്നും അവകാശപ്പെട്ടു. എന്നാല്‍ മഹായുതി സഖ്യത്തിന് കോട്ടമുണ്ടാകില്ലെന്നും കഴിഞ്ഞ തവണ നേടിയ അത്രയും സീറ്റുകള്‍ ഇത്തവണയും നേടുമെന്നും ശിവസേന ഷിന്‍ഡേ വിഭാഗം പറഞ്ഞു.

🙏 അരുണാചല്‍പ്രദേ
ശില്‍ ബിജെപിക്കും സിക്കിമില്‍ സിക്കിം ക്രാന്ത്രികാരി മോര്‍ച്ചക്കും മികച്ച ഭൂരിപക്ഷത്തോടെ തുടര്‍ഭരണം. അരുണാചല്‍പ്രദേശ് നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ 60 ല്‍ 46 സീറ്റും നേടിയാണ് ബിജെപി അധികാരത്തിലെത്തിയത്. എന്‍പിപി 5ഉം കോണ്‍ഗ്രസ് 1 സീറ്റും നേടി. സിക്കിം നിയമസഭാ തെരഞ്ഞെടുപ്പില്‍ 32ല്‍ 31 സീറ്റുകളും നേടിയാണ് സിക്കിം ക്രാന്തികാരി മോര്‍ച്ച അധികാരത്തിലെത്തിയത്.

🙏 ജാമ്യകാലാവധി അവസാനിച്ചതോടെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ജയിലിലേക്ക് തിരിച്ചു. ജയിലില്‍ തനിക്ക് എന്ത് സംഭവിക്കുമെന്ന് അറിയില്ല. സംഭവിക്കുന്നത് സംഭവിക്കട്ടെ. എനിക്ക് ഭയമില്ല. എന്റെ ശരീരവും മനസും ഈ രാജ്യത്തിന് വേണ്ടിയാണെന്നും അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു.

🇦🇴 അന്തർദേശീയം 🇦🇽

🙏 യുഎഇയില്‍ താപനില ഉയരുന്നു. വെള്ളിയാഴ്ച 50 ഡിഗ്രി സെല്‍ഷ്യസിന് അരികെയാണ് താപനില രേഖപ്പെടുത്തിയത്. രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലും താപനില ഉയരുകയാണ്. 45 ഡിഗി സെല്‍ഷ്യസിനും 48 ഡിഗ്രി സെല്‍ഷ്യസിനുമിടയിലാണ് മറ്റ് പ്രദേശങ്ങളിലും ഉച്ചയ്ക്ക് താപനില രേഖപ്പെടുത്തിയത്.

🏏 കായികം ⚽

🙏 പാരീസ് ഒളിമ്പിക്‌സിന് യോഗ്യത നേടി ഇന്ത്യന്‍ ബോക്‌സിങ് താരം അമിത് പംഗല്‍. ബാങ്കോക്കില്‍ നടന്ന യോഗ്യതാ ടൂര്‍ണമെന്റില്‍ ചൈനയുടെ ചുവാങ് ലിയുവിനെ കീഴടക്കി സെമിയില്‍ കടന്നതോടെയാണ് അമിത് ഒളിമ്പിക്‌സ് യോഗ്യത ഉറപ്പാക്കിയത്. 51 കിലോ വിഭാഗത്തിലാണ് താരം മത്സരിക്കുന്നത്.

🙏 ട്വന്റി 20 ലോകകപ്പ് ക്രിക്കറ്റിന്റെ ഉദ്ഘാടന മത്സരത്തില്‍ അമേരിക്ക കാനഡയെ ഏഴ് വിക്കറ്റിന് തകര്‍ത്തു. ആദ്യം ബാറ്റ് ചെയ്ത കാനഡ 5 വിക്കറ്റ് നഷ്ടത്തില്‍ 194 റണ്‍സെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ അമേരിക്ക 40 പന്തില്‍ പുറത്താകാതെ 94 റണ്‍സെടുത്ത ആരോണ്‍ ജോണ്‍സിന്റെ മികവില്‍ ലക്ഷ്യത്തിലെത്തി.

🙏 ട്വന്റി 20 ലോകകപ്പ് ക്രിക്കറ്റില്‍ ഇന്നലെ നടന്ന രണ്ടാമത്തെ മത്സരത്തില്‍ മുന്‍ ചാംപ്യന്മാരായ വെസ്റ്റ് ഇന്‍ഡീസിന് പാപുവ ന്യൂ ഗിനിയക്കെതിരെ 5 വിക്കറ്റിന്റെ വിജയം. ആദ്യം ബാറ്റ് ചെയ്ത പാപുവ ന്യൂ ഗിനിയക്ക് 8 വിക്കറ്റ് നഷ്ടത്തില്‍ 136 റണ്‍സെടുക്കാനേ സാധിച്ചുള്ളു. മറുപടി ബാറ്റിംഗിനിറങ്ങിയ വെസ്റ്റ് ഇന്‍ഡീസ് ഒരോവര്‍ ബാക്കി നില്‍ക്കേ 5 വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി.