തൊടുന്യായങ്ങൾ കൊണ്ട് കാര്യമില്ല,കൊച്ചിയിലെ വെള്ളക്കെട്ടില്‍ അതിരൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി

Advertisement

കൊച്ചി. വെള്ളക്കെട്ടില്‍ അതിരൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി.
തൊടുന്യായങ്ങൾ കൊണ്ട് കാര്യമില്ലെന്നും ഒരു മഴ പെയ്താൽ തന്നെ ജനം ദുരിതത്തിലാണെന്നും ഹൈക്കോടതി തുറന്നടിച്ചു.
ജലാശയങ്ങളിലും മറ്റും മാലിന്യമിടുന്ന ജനത്തിന്റെ മനോഭാവത്തിന് ഒരു മാറ്റവും വന്നിട്ടില്ലെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ആവർത്തിച്ചു. കേസ് വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും.

കൊച്ചിയിലെ വെള്ളക്കെട്ട് പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള നടപടികൾ നാളെ വോട്ടെണ്ണൽ ആണെന്ന് കരുതി മാറ്റി വയ്ക്കരുത്. ഇനിയും ന്യായം പറഞ്ഞുകൊണ്ടിരിക്കാതെ മാലിന്യവും കനാലുകളിലെ ചെളിയും നീക്കുന്നത് അടക്കമുള്ള ജോലികൾ വേഗത്തിൽ പൂർത്തിയാക്കണം. കഴിഞ്ഞവ‍ർഷം ഭേദപ്പെട്ട രീതിയിൽ മഴക്കാലപൂർവ മാലിന്യനീക്കം നടന്നിരുന്നു. അതേ മാതൃകയിൽ ഇത്തവണയും ഉണ്ടാകുമെന്നാണ് കരുതിയത്. എന്നാൽ അത് നടപ്പായില്ല. മഴ മാറി നിൽക്കുന്ന സാഹചര്യത്തിൽ അതൊരു അവസരമായി കണ്ട് എത്രയും വേഗം ജോലികൾ പൂർത്തിയാക്കണമെന്നും കോടതി പറഞ്ഞു.

ജലാശയങ്ങളിലും മറ്റും മാലിന്യം വലിച്ചെറിയുന്നതിനെതിരെ നടപടികൾ ഉണ്ടാവണം. വ്യക്തിയോ സ്ഥാപനമോ ആകട്ടെ, മാലിന്യം വലിച്ചെറിയുന്നതിനെതിരെ കോർപറേഷൻ ശക്തമായ നടപടികൾ സ്വീകരിക്കണമെന്നും കോടതി ഉത്തരവിട്ടു.പി ആന്‍ഡ് ടി കോളനി നിവാസികളെ പുനരധിവസിപ്പിച്ച ലൈഫ് മിഷന്റെ ഫ്ലാറ്റ് സമുച്ചയം ചോർന്നൊലിച്ച സംഭവത്തിലും രൂക്ഷമായ പ്രതികരണമാണ് കോടതിയിൽ നിന്നുണ്ടായത്.സാധാരണ ജനങ്ങൾ ആയതുകൊണ്ടല്ലേ ഇതൊക്കെ മതി എന്നു കരുതിയത്. ഒരു വിഐപി പാർപ്പിട സമുച്ചയം ആയിരുന്നെങ്കിൽ ഇങ്ങനെ ചെയ്യുമായിരുന്നോ എന്നും കോടതി വിമര്‍ശിച്ചു.

Advertisement