വാർത്താനോട്ടം

Advertisement

2024 ജൂൺ 04 ചൊവ്വ
🌴കേരളീയം🌴

🙏. പ്രസിദ്ധമാധ്യമപ്രവര്‍ത്തകന്‍ ബിആര്‍പി ഭാസ്‌കര്‍(93) അന്തരിച്ചു.

🙏 കൊല്ലം ജില്ലയില്‍ വോട്ടെണ്ണല്‍ കേന്ദ്രത്തിന്റെ പരിസരത്ത് കലക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. വോട്ടെണ്ണുന്ന തങ്കശ്ശേരി സെന്റ് അലോഷ്യസ് സ്‌കൂള്‍ പരിസരത്താണ് നിരോധനാജ്ഞ . ഇവിടെ പൊതുയോഗമോ അഞ്ചുപേരില്‍ കൂടുതല്‍ ആളുകള്‍ കൂട്ടം കൂടാനോ പാടില്ല. രാവിലെ 5 മണി മുതല്‍ വൈകിട്ട് 5 മണി വരെയാണ് നിരോധനജ്ഞ.


🙏 ചക്രവാത ചുഴി കേരളത്തിന് മുകളില്‍  നിലനില്‍ക്കുന്നുവെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. കേരളാ തീരത്ത് ശക്തമായ പടിഞ്ഞാറന്‍ കാറ്റും വീശുന്നുണ്ട്. അതിനാല്‍   അടുത്ത അഞ്ച് ദിവസം വ്യാപകമായി ഇടത്തരം മഴ പെയ്യുമെന്നാണ് വിലയിരുത്തല്‍. ഇതോടൊപ്പം ഇടിമിന്നലും 40 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റും ഉണ്ടാകാനിടയുണ്ട്.



🙏 വാഹനങ്ങളില്‍ രൂപമാറ്റം വരുത്തുന്നവര്‍ക്കെതിരെ നടപടിയെടുക്കാന്‍ ഹൈക്കോടതി നിര്‍ദേശം നല്‍കി. നിയമലംഘനങ്ങള്‍ യുട്യൂബില്‍ പോസ്റ്റ് ചെയ്യുന്ന വ്‌ളോഗര്‍മാര്‍ക്കെതിരെയും നടപടി വേണമെന്ന് ഹൈക്കോടതി ഉത്തരവില്‍ പറയുന്നു.



🙏 യൂട്യൂബര്‍ സഞ്ജു ടെക്കിക്കെതിരെ എംവിഡി കുറ്റപത്രം നല്‍കി. ആലപ്പുഴ മജിസ്ട്രേറ്റ് കോടതിയില്‍ എന്‍ഫോഴ്സ്മെന്റ് ആര്‍ടിഒ കുറ്റപത്രം സമര്‍പ്പിച്ചു . സഞ്ജുവും കാര്‍ ഓടിച്ച സൂര്യനാരായണനുമെതിരെ പ്രൊസിക്യൂഷന്‍ നടപടികളും ആരംഭിച്ചു.  ആറ് മാസം മുതല്‍ ഒരുവര്‍ഷം വരെ ജയില്‍ ശിക്ഷ ലഭിക്കാവുന്ന അപകടമുണ്ടാക്കുന്ന രീതിയില്‍ വണ്ടിയോടിച്ചുവെന്ന കുറ്റമാണ് പ്രതികള്‍ക്കെതിരെ ചുമത്തിയത്.



🙏 കൊച്ചിയിലെ കാനകളുടെ ശുചീകരണത്തില്‍ കോടതി തുടര്‍ച്ചയായി ഇടപെട്ടിട്ടും നടപടികള്‍ കാര്യക്ഷമമാകുന്നില്ലെന്ന് ഹൈക്കോടതി. സര്‍ക്കാരിനോടും ബന്ധപ്പെട്ട അധികൃതരോടും പറഞ്ഞുമടുത്തുവെന്നും ഒരു മണിക്കൂര്‍ തുടര്‍ച്ചയായി മഴ പെയ്താല്‍ തന്നെ ജനങ്ങള്‍ ദുരിതത്തിലാവുകയാണെന്നും കോടതി പറഞ്ഞു.

🙏 പെരിയാര്‍ മത്സ്യക്കുരുതിയില്‍  കുഫോസിന്റെ രാസപരിശോധനാഫലം അടുത്തയാഴ്ചയോടെ പുറത്തുവരും . രാസപരിശോധനാ ഫലം വൈകുന്നതിനാലാണ് തുടര്‍നടപടികളും നീളുന്നത്. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വേണം ഏത് കമ്പനിയാണ് മാലിന്യം ഒഴുക്കിയതെന്ന് കണ്ടെത്താന്‍.



🙏പാലക്കാട്ട് താലൂക്ക് സര്‍വേയര്‍ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സിന്റെ പിടിയില്‍. നാല്‍പ്പതിനായിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ മണ്ണാര്‍ക്കാട് താലൂക്ക് സര്‍വേയര്‍ പി.സി.രാമദാസാണ് പാലക്കാട് വിജിലന്‍സ് സംഘത്തിന്റെ പിടിയിലായത്.


🙏 കേരള പൊലീസ് കണ്ണൂര്‍ ക്യാമ്പിലെ ക്യാമ്പ് ഫോളോവര്‍ ട്രെയിനില്‍ കുഴഞ്ഞു വീണ് മരിച്ചു. തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ കണ്ണൂര്‍ കണ്ണവം സ്വദേശി രവി എ(54) ആണ് മരിച്ചത്. പഞ്ചാബിലെ ലുധിയാനയില്‍ നിന്ന്
കേരളത്തിലേക്കുള്ള മടക്കയാത്രയിലാണ് സംഭവം.


🇳🇪    ദേശീയം  🇳🇪

🙏 രാജ്യം അടുത്ത അഞ്ചുവര്‍ഷം ആര് ഭരിക്കുമെന്നറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. ലോക്‌സഭ തെരഞ്ഞെടുപ്പിലെ വോട്ടെണ്ണല്‍ ഇന്ന് രാവിലെ എട്ട് മണി മുതല്‍ ആരംഭിക്കും. ആദ്യം പോസ്റ്റല്‍ ബാലറ്റും, പിന്നീട് ഇലക്ട്രോണിക് വോട്ടിംഗ് മെഷീനിലെ വോട്ടുകളും എണ്ണും.



🙏 മഹാരാഷ്ട്രയിലെ കോല്‍ഹപൂരിലെ  സൈബര്‍ ചൗക്ക് ജംഗ്ഷനില്‍   അമിത വേഗതയിലെത്തിയ കാര്‍ ബൈക്കുകളിലേക്ക് ഇടിച്ചുകയറി മൂന്ന് മരണം.  പാഞ്ഞെത്തിയ കാര്‍ അഞ്ച് ബൈക്കുകളെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പരുക്കേറ്റ ആറ് പേരില്‍ രണ്ട് പേരുടെ നില ഗുരുതരമായി തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.



🙏 ഡല്‍ഹി സരിതാ വിഹാറില്‍ ട്രെയിനില്‍ തീപിടുത്തം. താജ് എക്സ്പ്രസിന്റെ 4 കോച്ചുകള്‍ക്കാണ് തീപിടിച്ചത്.യാത്രക്കാരെല്ലാം സുരക്ഷിതരാണെന്നും ആര്‍ക്കും പരിക്കില്ലെന്നും പൊലീസ് അറിയിച്ചു. സംഭവത്തില്‍ റെയില്‍വേ പൊലീസ് അന്വേഷണം ആരംഭിച്ചു.

🙏 ജമ്മു കശ്മീര്‍ പുല്‍വാമയില്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ സുരക്ഷാസേന വധിച്ചു.  സ്ഥലത്ത് സേനയുടെ തെരച്ചില്‍ തുടരുകയാണ്.പുല്‍വാമയിലെ ഒരു വീടിനുള്ളില്‍ ലഷ്‌കര്‍ ഇ തോയ്ബയുടെ രണ്ട് ഭീകരര്‍ ഒളിച്ച് താമസിക്കുന്നു എന്ന വിവരം ലഭിച്ചതോടെയാണ് സുരക്ഷാസേന തെരച്ചില്‍ ആരംഭിച്ചത്.




🙏 കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്കെതിരേ ഉന്നയിച്ച ആരോപണത്തില്‍, തെളിവ് സമര്‍പ്പിക്കാന്‍ ഒരാഴ്ചത്തെ സമയം തേടിയ ജയ്‌റാം രമേശിന്റെ  ആവശ്യം തെരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളി. ഇന്നലെ രാത്രി ഏഴ് മണിക്കുള്ളില്‍ തെളിവടങ്ങുന്ന വിശദാംശങ്ങള്‍ സമര്‍പ്പിക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ നിര്‍ദേശിച്ചു.



🙏 ഡല്‍ഹി മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ബി.ആര്‍.എസ്. നേതാവ് കെ. കവിതയ്‌ക്കെതിരേ അനുബന്ധ കുറ്റപത്രവുമായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. 177 പേജുള്ള പുതിയ കുറ്റപത്രമാണ് ഇ.ഡി. തിങ്കളാഴ്ച ഡല്‍ഹി കോടതിയില്‍ സമര്‍പ്പിച്ചത്.

🙏 കൊടും കുറ്റവാളികള്‍ക്കുപോലും തിഹാര്‍ ജയിലിനുള്ളില്‍ കൂളര്‍ സൗകര്യം നല്‍കുമ്പോള്‍ ചുട്ടുപൊള്ളുന്ന ചൂടിലും മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് തിഹാര്‍ ജയിലില്‍ കൂളര്‍ സൗകര്യം നല്‍കിയില്ലെന്ന പരാതിയുമായി ഡല്‍ഹി മന്ത്രിയും എ.എ.പി. നേതാവുമായ അതിഷി.

🙏 പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും അധികാരത്തിലെത്തുമെന്ന എക്സിറ്റ് പോള്‍ റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് ഓഹരി വിപണിയില്‍ വന്‍ കുതിപ്പ്. മികച്ച ഭൂരിപക്ഷത്തില്‍ സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ നിലവിലുള്ള നയങ്ങള്‍ തുടരുമെന്ന വിലയിരുത്തലാണ് വിപണിയിലെ മുന്നേറ്റത്തിന്റെ കാരണം.


🏏  കായികം  🏏

🙏 ട്വന്റി20 ലോകകപ്പില്‍ ശ്രീലങ്കയ്ക്കെതിരെ ദക്ഷിണാഫ്രിക്കക്ക് ആറു വിക്കറ്റിന്റെ വിജയം. ശ്രീലങ്കയെ തകര്‍ത്തെറിഞ്ഞ ബൗളര്‍മാരുടെ മികവിലാണ് ദക്ഷിണാഫ്രിക്ക ആദ്യ ജയം സ്വന്തമാക്കിയത്. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്കയെ 77 റണ്‍സിനാണ് ദക്ഷിണാഫ്രിക്ക എറിഞ്ഞുവീഴ്ത്തിയത്.




🙏 ഫ്രാന്‍സ് സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെ ഇനി റയല്‍ മാഡ്രിഡില്‍. ഫ്രഞ്ച് ക്ലബായ പി.എസ്.ജി.യില്‍നിന്ന് ഫ്രീ ട്രാന്‍സ്ഫര്‍ വഴി
താരത്തെ ടീമിലെത്തിച്ചതായി റയല്‍ ഔദ്യോഗികമായി അറിയിച്ചു. പ്രതിവര്‍ഷം ഏകദേശം 135 കോടി രൂപ എന്ന കണക്കില്‍ അഞ്ചുവര്‍ഷത്തേക്ക് റയലുമായി കരാര്‍ ഒപ്പിട്ടെന്നാണ് സൂചനകള്‍.