തിരുവനന്തപുരം: ഒരു ഘട്ടത്തിൽ പരാജയത്തിൻ്റെ നടുക്കടലിൽ മുങ്ങാൻ തുടങ്ങിയ തരൂർ ഒടുവിൽ തുഴയെറിഞ്ഞ് തീരം അണഞ്ഞു. കേരളത്തെ ആകാംഷയുടെ കൊടുമുടിയിൽ നിർത്തിയ വോട്ടെണ്ണലാണ് തലസ്ഥാനത്ത് കണ്ടത്. ഒരു സന്ദർഭത്തിൽ 23000 ത്തിലേറെ വോട്ടിന് മുന്നേറിയ എൻ ഡി എ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിനെ തീരദേശ വോട്ടിന്‍റെ കരുത്തിലാണ് തരൂർ പിന്നിലാക്കിയത്. പിന്നീട് ക്രമാനുഗതമായി ലീഡ് വർധിപ്പിച്ച തരൂർ
പതിനയ്യായിരത്തിലേറെ വോട്ടിന് മുന്നിലായി.
ഓരോ ഘട്ടത്തിലും വോട്ട് നില മാറി മറിയുന്ന സ്ഥിതിയാണ് അനന്തപുരിയിൽ കണ്ടത്. പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിയപ്പോള്‍ രാജീവ് ചന്ദ്രശേഖറായിരുന്നു മുന്നിൽ. എന്നാല്‍, ഇവിഎമ്മിലെ വോട്ട് എണ്ണി തുടങ്ങിയപ്പോള്‍ ശശി തരൂര്‍ മുന്നിലേക്ക് പോയി. പക്ഷേ, ലീഡ് നില കുത്തനെ ഉയര്‍ത്താൻ ശശി തരൂരിന് ആദ്യഘട്ടത്തിൽ സാധിച്ചില്ല. പിന്നീട് രാജീവ് ചന്ദ്രശേഖറിന്‍റെ മുന്നേറ്റമാണ് കണ്ടത്. 23000 വരെ ലീഡ് ഉയര്‍ത്താൻ രാജീവ് ചന്ദ്രശേഖറിന് കഴിഞ്ഞിരുന്നു. എന്നാൽ അവസാന ലാപ്പിൽ തരുർ തുഴയെറിഞ്ഞ് നില മെച്ചപ്പെടുത്തി നാലാമൂഴത്തിന് വിജയ കൊടിനാട്ടി.തലസ്ഥാനത്തിൻ്റെ തലപ്പൊക്കത്തിൽ തരൂർ എത്തുമ്പോൾ പ്രതീക്ഷകൾ തകിടം മറിഞ്ഞ് എൻ ഡി എ ക്യാമ്പ് നിരാശയുടെ കയത്തിലാണ്.