ആറ്റിങ്ങലിൽ പോസ്റ്റൽ വോട്ടിൽ റീ കൗണ്ടിംഗ്; നടപടി ഇടത് മുന്നണി ആവശ്യപ്രകാരം

Advertisement

തിരുവനന്തപുരം: 1708 വോട്ടിൻ്റെ നേരിയ ഭൂരിപക്ഷത്തിൽ കൈവിട്ട ആറ്റിങ്ങലിൽ പോസ്റ്റൽ വോട്ടുകൾ വീണ്ടും എണ്ണും. ഇടത് മുന്നണി ആവശ്യപ്രകാരമാണ് നടപടി. അവസാന നിമിഷം വരെ ഉദ്വേഗം നിറഞ്ഞ വോട്ടെണ്ണലിൽ കോൺഗ്രസിലെ അടൂർ പ്രകാശിൻ്റെ വിജയത്തെ ചോദ്യം ചെയ്താണ് ഇടത് മുന്നണി രംഗത്ത് എത്തിയത്.
അവസാനം വരെ ആറ്റിങ്ങല്‍ മണ്ഡലത്തില്‍ അനിശ്ചിതത്വം തുടരുന്ന കാഴ്ചയാണ് ഇത്തവണ ഉണ്ടായത്. തുടക്കത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയും സിറ്റിങ് എംപിയുമായ അടൂര്‍ പ്രകാശ് മുന്നിട്ടുനിന്നിരുന്ന മണ്ഡലത്തില്‍ നിമിഷങ്ങള്‍ക്കകം എല്‍ഡിഎഫിന്റെ വി. ജോയ് ലീഡ് തിരിച്ചുപിടിക്കുന്ന കാഴ്ചയാണുണ്ടായത്. ഒന്നും രണ്ടും സ്ഥാനക്കാരേക്കാള്‍ അധികം പിന്നിലല്ലാതെ കേന്ദ്രമന്ത്രി കൂടിയായ ബിജെപിയുടെ വി. മുരളീധരന്‍ കടുത്ത പോരാട്ടമാണ് കാഴ്ചവെച്ചത്. ഇങ്ങനെ ആര്‍ക്കും വ്യക്തമായ സാധ്യത നല്‍കാതെ, അല്ലെങ്കില്‍ മൂന്നുപേര്‍ക്കും ഒരുപോലെ സാധ്യത കല്‍പിക്കുന്ന തരത്തിലാണ് ആറ്റിങ്ങല്‍ മണ്ഡലത്തിലെ വോട്ടെണ്ണല്‍ കുതിച്ചത്.
ഒടുവില്‍ ലഭിച്ച വിവരമനുസരിച്ച് അടൂര്‍ പ്രകാശ് 1708 വോട്ടിന് ജയിക്കുകയായിരുന്നു.