ലോക്സഭാ തിരഞ്ഞെടുപ്പിൽ മൂന്നിടത്ത് നിർണായകമായത് ക്രൈസ്തവ വോട്ടുകൾ

Advertisement

തിരുവനന്തപുരം . ലോക്സഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരത്തും ആറ്റിങ്ങലും തൃശ്ശൂരും നിർണായകമായത് ക്രൈസ്തവ വോട്ടുകൾ. തിരുവനന്തപുരത്ത് ലത്തീൻ അതിരൂപത വോട്ടുകൾ ബിജെപിക്കും കോൺഗ്രസിനും ഒരുപോലെ പോൾ ചെയ്തു. തൃശ്ശൂരിലും ക്രിസ്ത്യൻ വോട്ടുകൾ ബിജെപിക്ക് അനുകൂലമായി. പ്രതീക്ഷിച്ച ന്യൂനപക്ഷ വോട്ടുകൾ ലഭിക്കാത്തത് ഇടതുമുന്നണിക്ക് തിരിച്ചടിയായി

തൃശ്ശൂരിൽ സുരേഷ് ഗോപിയുടെ ജയം വ്യക്തികേന്ദ്രീകൃതമായിരുന്നെങ്കിലും നിർണായക സ്വാധീനം ചെലുത്തിയത് ന്യൂനപക്ഷ വോട്ട്. തൃശ്ശൂർ അതിരൂപതയ്ക്ക് കീഴിൽ വരുന്ന ഒരു ലക്ഷത്തിലധികം വോട്ടുകളിൽ ഭൂരിഭാഗവും സുരേഷ് ഗോപിക്ക് നേട്ടമായി. ചാവക്കാട് മുതൽ ഏങ്ങണ്ടിയൂർ വരെയുള്ള തീരദേശ മേഖലകളിലെ മുസ്ലിം വോട്ടുകളിലും വിള്ളൽ ഉണ്ടായെന്നാണ് വിലയിരുത്തൽ. അതേ സാഹചര്യമാണ് തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിലും പ്രകടമായത്. തോൽവി മുന്നിൽ കണ്ട തരൂരിനെ കൈപിടിച്ച് കയറ്റിയ തീരദേശ മേഖലയിൽ നിന്ന് പോലും പ്രതീക്ഷിച്ച വോട്ടുകൾ ലഭിച്ചില്ല. പരസ്യമായി ആർഎസ്എസ് വിരുദ്ധ നിലപാട് ലത്തീൻ അതിരൂപത സ്വീകരിച്ചെങ്കിലും ഒരു വിഭാഗം ന്യൂനപക്ഷ വോട്ടുകൾ ബിജെപിയിലേക്ക് പോയി. ഒരു ഘട്ടത്തിലും തീരദേശ മേഖലകളിൽ ഇടതുമുന്നണിക്ക് മുന്നേറ്റം ഉണ്ടാക്കാൻ ആയില്ല.  ആറ്റിങ്ങലിലെ ന്യൂനപക്ഷ വോട്ടുകൾ പൂർണ്ണമായി യുഡിഎഫിലേക്ക് പോയതാണ് തോൽവിക്ക് കാരണമായി എൽഡിഎഫ് പ്രാഥമിക വിലയിരുത്തൽ.  ക്രൈസ്തവ സഭകൾ സമദൂര നിലപാട് സ്വീകരിച്ചെങ്കിലും വോട്ടെടുപ്പിലെ അവസാനവട്ട അടിയൊഴുക്കുകൾ നിയന്ത്രിക്കാനായില്ല. ഇതാണ് മുന്നണികളെ മുന്നണികളുടെ ജയപരാജയങ്ങളിൽ ഏറെ നിർണായകമായതും.

ക്രൈസ്തവരെ അടുപ്പിക്കാനുള്ള ബിജെപി നേതൃത്വത്തിന്‍റെ ശ്രമങ്ങള്‍ ഒരു പരിധിവരെ വിജയം കണ്ടുവന്ന് വ്യക്തം. അത് ഭാവിയില്‍ നിയമസഭാതിരഞ്ഞെടുപ്പിലേക്കും കലരുമ്പോഴാണ് ഇടതും കോണ്‍ഗ്രസും ഞെട്ടാനിരിക്കുന്നത്.