തൃശൂരിലേയും ആലത്തൂരിലേയും പരാജയത്തെ ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

Advertisement

തൃശൂര്‍,പാലക്കാട്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തൃശൂരിലേയും ആലത്തൂരിലേയും പരാജയത്തെ ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി. തൃശ്ശൂരില്‍ ടി എന്‍ പ്രതാപനും ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂരിനും എതിരെയാണ് പ്രതിഷേധം. ആലത്തൂരിലെ പരാജയത്തിന് കാരണം സ്ഥാനാര്‍ത്ഥിയുടെ പിഴവുകളാണെന്ന് പാലക്കാട് ഡിസിസി പ്രസിഡന്റ് എ തങ്കപ്പന്‍ തുറന്നടിച്ചു. പിഴവുണ്ടെങ്കില്‍ നേരത്തെ പറയണമായിരുന്നു എന്നാണ് രമ്യ ഹരിദാസിന്റെ മറുപടി.തൃശൂരില്‍ ജില്ലാ കമ്മറ്റിക്ക് ഗുരുതര വീഴ്ച സംഭവിച്ചതായി ഡിസിസി പ്രസിഡന്റ് ജോസ് വളളൂര്‍ പ്രതികരിച്ചു

യുഡിഎഫ് 18 സീറ്റുകള്‍ നേടിയെങ്കിലും തൃശ്ശൂരില്‍ മൂന്നാം സ്ഥാനത്തായതും ആലത്തൂരില്‍ പരാജയപ്പെട്ടതും കോണ്‍ഗ്രസില്‍ വന്‍ വിവാദത്തിനാണ് വഴിവെച്ചത്. തൃശ്ശൂരില്‍ ടി എന്‍ പ്രതാപനും ഡി സി സി പ്രസിഡന്റ് ജോസ് വള്ളൂരിനും എതിരെ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. ടി എന്‍ പ്രതാപന് ഇനി വാര്‍ഡില്‍ പോലും സീറ്റില്ലെന്നും ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂര്‍ രാജിവെയ്ക്കണം എന്നുമാണ് പോസ്റ്റര്‍. ഇരുനേതാക്കള്‍ക്കും എതിരെ യൂത്ത് കോണ്‍ഗ്രസ് പരസ്യമായി രംഗത്തെത്തി. ഡിസിസി ഓഫീസിന് മുന്നിലായിരുന്നു വാര്‍ത്താ സമ്മേളനം.

യൂത്ത് കോണ്‍ഗ്രസ് വിവാദത്തില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് പി സി വിഷ്ണുനാഥ് എംഎല്‍എ ആവശ്യപ്പെട്ടു.തൃശൂരില്‍ ഗുരുതരമായ വീഴ്ചസംഭവിച്ചെന്നും തോല്‍വിലുടെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതായും ഡിസിസി പ്രസിഡന്റ് ജോസ് വളളൂര്‍ പറഞ്ഞു

പാലക്കാട്ടെ തിളക്കമാര്‍ന്ന വിജയത്തിന്റെ ശോഭ കെടുത്തുന്നതാണ് കോണ്‍ഗ്രസിന് ആലത്തൂരിലെ തോല്‍വി. കൂടുതല്‍ വിലയിരുത്തലുകളിലേക്ക് കടക്കും മുന്‍പേ വീഴ്ച പറ്റിയത് സ്ഥാനാര്‍ത്ഥിയ്ക്കാണെന്ന് ജില്ലാ നേതൃത്വം വിമര്‍ശിച്ചു. മുതിര്‍ന്ന നേതാക്കള്‍ നല്‍കിയ നിര്‍ദേശങ്ങള്‍ പലപ്പോഴും രമ്യാ ഹരിദാസ് പാലിച്ചില്ലെന്ന് പാലക്കാട് ഡിസിസി പ്രസിഡന്റ് എ തങ്കപ്പന്‍.

വിമര്‍ശനങ്ങള്‍ ഉണ്ടെങ്കില്‍ ഉന്നയിക്കേണ്ടിയിരുന്നത് പാര്‍ട്ടി യോഗത്തില്‍ ആണെന്ന് രമ്യ ഹരിദാസ്. ഒറ്റക്ക് നിന്നാലും തനിക്ക് പലതും ചെയ്യാന്‍ കഴിയുമെന്ന് വിമത കോണ്‍ഗ്രസ് നേതാവ് എ വി ഗോപിനാഥ് പറഞ്ഞു. കോണ്‍ഗ്രസ് വീഴ്ചയില്‍ നിന്ന് പാഠങ്ങള്‍ ഉള്‍ക്കൊളളാന്‍ തയ്യാറാകണമെന്നും എ വി ഗോപിനാഥ് പറഞ്ഞു.

Advertisement