കെ മുരളീധരനെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു

Advertisement

തിരുവനന്തപുരം.തൃശ്ശൂരിലെ തിരഞ്ഞെടുപ്പ് തോൽവിയിൽ കെ മുരളീധരനെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു കോൺഗ്രസ്. നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പിലെ സീറ്റ് വാഗ്ദാനത്തിൽ മുരളിയുടെ നിലപാട് നിർണായകമാകും. ഈ മാസം 12ന് ചേരുന്ന യുഡിഎഫ് യോഗത്തിൽ തൃശ്ശൂരിലെയും ആലത്തൂരിലെയും തോൽവി ചർച്ചയാകും

പൊതുരംഗത്ത് നിന്ന് താൽക്കാലികമായി മാറി നിൽക്കുന്നുവെന്ന കെ മുരളീധരന്റെ പ്രഖ്യാപനമാണ് നേതൃത്വത്തിന് തിരിച്ചടിയായത്. പാർട്ടിക്ക് വേണ്ടി വിട്ടുവീഴ്ച ചെയ്തിട്ടും തൃശ്ശൂരിൽ പരാജയപ്പെട്ടതിന് ജില്ലാ നേതാക്കളെയാണ് മുരളി കുറ്റപ്പെടുത്തുന്നത്. വയനാട് സീറ്റ് രാഹുൽ ഒഴിഞ്ഞേക്കുമെന്നാണ് സൂചന. അങ്ങനെയെങ്കിൽ അവിടെ മുരളിയെ മത്സരിപ്പിക്കാൻ ആലോചനയുണ്ട്. മറ്റൊരു സാധ്യത ലോക്സഭയിലേക്ക് വീണ്ടും തിരഞ്ഞെടുക്കപ്പെട്ട കെ. സുധാകരന് പകരം കെ.പി.സി അധ്യക്ഷ സ്ഥാനം നൽകുക എന്നതാണ്. സംസ്ഥാന അധ്യക്ഷസ്ഥാനം കൊടുക്കുന്നത് സംബന്ധിച്ച് തീരുമാനം എഐസിസിയുടേതാണ്. അക്കാര്യത്തിൽ മറ്റ് ഗ്രൂപ്പുകളെയും വിശ്വാസത്തിലെടുക്കേണ്ടി വരും. പകരം യുഡിഎഫ് കൺവീനർ സ്ഥാനം നൽകുന്നതും ആലോചിക്കുന്നുണ്ട്. നേതൃത്വത്തിനെതിരായ പരസ്യപ്രസ്താവന വരാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പുകളിൽ തിരിച്ചടിയാകും എന്നിരിക്കെ പ്രശ്നപരിഹാരത്തിന് തിരക്കിട്ട നീക്കങ്ങളാണ് കോൺഗ്രസിൽ നടക്കുന്നത്. ഈ മാസം 12ന് ചേരുന്ന യുഡിഎഫ് യോഗത്തിൽ മുരളീധരന്റെ തോൽവി ചർച്ചയാകും

Advertisement