ആശാനും ഗ്രൗണ്ടില്‍ വേണം, ഡ്രൈവിംഗ് ടെസ്റ്റുകൾ വീണ്ടും പ്രതിസന്ധിയിൽ

Advertisement

തിരുവനന്തപുരം. സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റുകൾ വീണ്ടും പ്രതിസന്ധിയിൽ ആയേക്കും. ടെസ്റ്റ് പരിഷ്കരണത്തിൽ ഇനി ഒരു മാറ്റവും ഉണ്ടാകില്ല എന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് വകുപ്പ് മന്ത്രിയായ കെ ബി ഗണേഷ്‌കുമാർ. അതെ സമയം ഡ്രൈവിംഗ് ഇൻസ്ട്രക്ടർമാർ ടെസ്റ്റ് ഗ്രൗണ്ടിൽ എത്തണം എന്ന പുതിയ തീരുമാനത്തിൽ പ്രതിഷേധം ഉയരുന്നുണ്ട്. ഇതടക്കമുള്ള വിഷയങ്ങൾ ഉയർത്തി ഈ മാസം പത്ത് മുതൽ സെക്രട്ടറിയേറ്റിന് മുന്നിൽ വീണ്ടും സമരത്തിന് ഒരുങ്ങുകയാണ് സിഐടിയു.

ഡ്രൈവിംഗ് ഇൻസ്ട്രക്ടർമാർ ടെസ്റ്റ് ഗ്രൗണ്ടിൽ ഹാജരാകണം എന്ന് പുതിയ പരിഷ്കരണത്തിൽ പറയുന്നുണ്ട്. ഉദ്യോഗസ്ഥർ ഇത് നടപ്പാക്കാൻ തുടങ്ങിയതോടെ ഒരു വിഭാഗം ഡ്രൈവിംഗ് സ്‌കൂൾ അധികൃതർ വീണ്ടും പ്രതിഷേധം ഉയർത്തുന്നുണ്ട്. സിഐടിയു സംഘടനായ ഓൾ കേരള ഡ്രൈവിംഗ് സ്‌കൂൾ വർക്കേഴ്സ് യൂണിയനും ഇക്കാര്യത്തിൽ കടുത്ത അതൃപ്ത്തിയിലാണ്. പരിഷ്കരണത്തിൽ വീണ്ടും മാറ്റങ്ങൾ വരുത്തണമെന്ന് ആവശ്യപ്പെട്ട് ഈ മാസം 10 മുതൽ സെക്രട്ടറിയേറ്റിന് മുന്നിൽ അനിശ്ചിതകാല ധർണ്ണ നടത്തുമെന്ന് സിഐടിയു അറിയിച്ചു. അതേസമയം ഇൻസ്‌ട്രക്ടർമാർ ഗ്രൗണ്ടിൽ വേണം എന്നത് കേന്ദ്ര നിയമം ആണെന്നും ആദ്യം തീരുമാനം അംഗീകരിച്ചവർ ഇപ്പോൾ എന്തിനാണ് വീണ്ടും സമരത്തിന് ഇറങ്ങുന്നതെന്നും മന്ത്രി കെബി ഗണേഷ്‌കുമാർ.

പല സ്‌കൂളുകളിലും ലൈസൻസ് ലഭിച്ച ഇൻസ്‌ട്രക്ടർമാർ അല്ല ഡ്രൈവിംഗ് പഠിപ്പിക്കുന്നത് എന്ന് ഗതാഗത വകുപ്പിൻ്റെ കണ്ടെത്തലുണ്ട്. ഇതിൻ്റെ അടിസ്ഥാനത്തിലാണു ഡ്രൈവിംഗ് ഇൻസ്ട്രക്ടർമാർ ടെസ്റ്റ് ഗ്രൗണ്ടിൽ ഹാജരാകണം എന്നത് നിർബന്ധമാക്കിയത്. ഡ്രൈവിംഗ് സ്‌കൂളുകൾ വീണ്ടും പ്രതിഷേധം കടുപ്പിച്ചാൽ ടെസ്റ്റുകൾ വീണ്ടും പ്രതിസന്ധിയിൽ ആകും. ടെസ്റ്റ് പരിഷ്കരണത്തിനെതിരെ ആഴ്ചകൾ നീണ്ട ബഹിഷ്കരണ സമരം ഗതാഗത മന്ത്രിയുമായി ഡ്രൈവിംഗ് സ്‌കൂൾ സംഘടനകൾ നടത്തിയ ചർച്ചകൾക്കൊടുവിലാണ് പിൻവലിച്ചത്.

Advertisement