കെ. മുരളീധരനെ അനുനയിപ്പിക്കാൻ കെ.സുധാകരൻ ഇന്ന് കോഴിക്കോട്ട്, രാഹുൽ സ്ഥാനമൊഴിഞ്ഞാൽ വയനാട്ടിൽ പരിഗണിച്ചേക്കും

Advertisement

കോഴിക്കോട്:
തൃശ്ശൂരിൽ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടതിന് പിന്നാലെ പാർട്ടി നേതൃത്വവുമായി ഇടഞ്ഞ് നിൽക്കുന്ന കെ മുരളീധരനെ ഏതുവിധേനയും അനുനയിപ്പിക്കാനൊരുങ്ങി കോൺഗ്രസ് നേതൃത്വം.കെ പി സി സി പ്രസിഡൻ്റ് കെ.സുധാകരൻ ഇന്ന് ഉച്ചയ്ക്ക് ശേഷം കോഴിക്കോട്ടെത്തി കെ.മുരളീധരനെ കാണും. രാഹുൽ ഗാന്ധി സ്ഥാനമൊഴിഞ്ഞാൽ വയനാട്ടിൽ കെ മുരളീധരനെ പരിഗണിക്കുമെന്നാണ് വിവരം. തൃശ്ശൂരിലെ തോൽവിയിൽ മുരളീധരനുണ്ടായ വിഷമം മാറ്റുകയാണ് കോൺഗ്രസ് നേതൃത്വത്തിന്റെ ലക്ഷ്യം.
പാലക്കാട് നിയമസഭയിലേക്കുള്ള ഉപതെരഞ്ഞെടുപ്പിൽ രാഹുൽ മാങ്കൂട്ടത്തിലിനെ മത്സരിപ്പിക്കാനും സാധ്യതയുണ്ട്. ചേലക്കര ഉപതെരഞ്ഞെടുപ്പിൽ ആലത്തൂരിൽ തോറ്റ രമ്യ ഹരിദാസിനെ മത്സരിപ്പിക്കാനും ആലോചനയുണ്ട്.

തൃശ്ശൂരിലെ തോൽവി കെ മുരളീധരൻ ഒട്ടും പ്രതീക്ഷിച്ചിരുന്നതല്ല. ഇനി പൊതുരംഗത്തേക്കില്ലെന്ന പ്രഖ്യാപനത്തോടെയാണ് മുരളീധരൻ തൃശ്ശൂരിൽ നിന്നും മടങ്ങിയത്. റായ്ബറേലി മണ്ഡലമാകും രാഹുൽ ഗാന്ധി നിലനിർത്താൻ കൂടുതൽ സാധ്യതയുള്ളത്. അങ്ങനെ വന്നാൽ വയനാട്ടിൽ ഉപതെരഞ്ഞെടുപ്പ് വേണ്ടി വരും. ഇവിടെ മുരളീധരൻ മത്സരിക്കട്ടെയെന്നാണ് നിർദേശം.