ട്രോളിംഗ് നിരോധനം ജൂണ്‍ 9 അര്‍ധരാത്രി മുതല്‍

Advertisement

ഇക്കൊല്ലത്തെ ട്രോളിംഗ് നിരോധനം ജൂണ്‍ 9 അര്‍ധരാത്രി മുതല്‍ പ്രഖ്യാപിച്ച് ജില്ലാ കലക്ടര്‍ ഉത്തരവായി. ജൂലൈ 31 വരെ നീളുന്ന 52 ദിവസമാണ് നിരോധനകാലയളവ്. മത്സ്യസമ്പത്ത് നിലനിറുത്തുന്നതിന് നടപ്പാലിക്കുന്ന നിരോധനത്തോട് ബന്ധപ്പെട്ട എല്ലാവരും പൂര്‍ണമായി സഹകരിക്കണമെന്ന് ജില്ലാ എക്‌സിക്യുട്ടിവ് മജിസ്‌ട്രേറ്റ് കൂടിയായ ജില്ലാ കലക്ടര്‍ എന്‍. ദേവിദാസ് നിര്‍ദേശിച്ചു.

നീണ്ടകര പാലത്തിന് പടിഞ്ഞാറ്‌വശം, തങ്കശ്ശേരി, അഴീക്കല്‍ തുറമുഖങ്ങളാണ് അടച്ചിടുന്നത്. നിരോധനമേഖലയില്‍ ഉള്‍പ്പെടുന്ന നീണ്ടകര, ശക്തികുളങ്ങര, തങ്കശ്ശേരി, അഴീക്കല്‍ അഴിമുഖങ്ങളിലും ബാധകം. നീണ്ടകര തുറമുഖത്ത് ഇന്‍ബോര്‍ഡ് എഞ്ചിന്‍ ഘടിപ്പിച്ചിട്ടുള്ളവ ഒഴികെയുള്ള പരമ്പരാഗത യാനങ്ങള്‍ക്ക് പ്രവര്‍ത്തിക്കാം. മത്സ്യബന്ധനത്തിലേര്‍പ്പെടുന്ന യാനങ്ങള്‍ക്ക് അഷ്ടമുടി കായലിന്റെ കിഴക്ക് തീരങ്ങളിലുള്ള സ്വകാര്യ ബോട്ട്‌ജെട്ടികളില്‍/വാര്‍ഫുകളില്‍ ലാന്‍ഡിംഗ് അനുമതി ഉടമകള്‍ നല്‍കാന്‍ പാടില്ല.

നീണ്ടകര, ശക്തികുളങ്ങര, ആലപ്പാട്, അഴീക്കല്‍ തീരമേഖലകളിലെ ഡീസല്‍ പമ്പുകളെല്ലാം ജൂലൈ 28 വരെ അടച്ചിടണം. മത്സ്യഫെഡിന്റെ നീണ്ടകര, ശക്തികുളങ്ങര, അഴീക്കല്‍ തീരമേഖലകളിലെ നിശ്ചിത പമ്പുകള്‍ക്ക് പ്രവര്‍ത്തനാനുമതിയുണ്ട്. ജില്ലയിലെ ഇന്ധനപമ്പുകളില്‍ നിന്ന്  ജില്ലാ കലക്ടറുടെ അനുമതിയില്ലാതെ കാനുകളിലോ കുപ്പികളിലോ ഇന്ധനം നല്‍കാനും ഇതേകാലയളവില്‍ പാടില്ല.

ജില്ലയില്‍ നിന്ന് പ്രവര്‍ത്തിക്കുന്ന ഇതരസംസ്ഥാന മത്സ്യബന്ധനയാനങ്ങളെല്ലാം ട്രോളിംഗ് നിരോധനത്തിന് മുന്നോടിയായി തീരം വിട്ടുപോകണമെന്നും നിര്‍ദേശിച്ചു. നിരോധനകാലയളവിലെ ക്രമസമാധാനപാലനം ഉള്‍പ്പടെ നിയന്ത്രണങ്ങള്‍ നിര്‍വഹിക്കുന്നതിന് സബ്കലക്ടറെ നിയോഗിച്ചു. നിരോധനകാലയളവാകെ ക്രമസമാധാനം സംബന്ധിച്ച പ്രതിദിന റിപോര്‍ട്ട് ജില്ലാ കലക്ടര്‍ക്ക് സമര്‍പിക്കണം.  കൊല്ലം-കരുനാഗപ്പള്ളി തഹസില്‍ദാര്‍മാര്‍ എക്‌സിക്യുട്ടിവ് മജിസ്ട്രറ്റുമാരുടെ ചുമതല നിര്‍വഹിക്കണം. തീരമേഖലയില്‍ അടിയന്തര സാഹചര്യങ്ങളുണ്ടെങ്കില്‍ പൊലിസ് അസിസ്റ്റന്റ് കമ്മിഷണര്‍മാര്‍,. ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ എന്നിവര്‍ സബ്കലക്ടര്‍ക്ക് വിവരം കൈമാറി തുടര്‍നടപടി കൈക്കൊള്ളണം. നിരോധനം കൃത്യതയോടെ നടപ്പിലാക്കാന്‍ കോസ്റ്റല്‍ പൊലിസിനെ ചുമതലപ്പെടുത്തിയിട്ടുമുണ്ട് എന്ന് വ്യക്തമാക്കി

Advertisement