കനത്ത തോൽവിക്ക് കാരണം ഭരണവിരുദ്ധ വികാരമെന്ന് ഘടകകക്ഷികളുടെ വിമർശനം

Advertisement

തിരുവനന്തപുരം. ലോക്സഭ തിരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് കാരണം ഭരണവിരുദ്ധ വികാരം ഉൾപ്പടെയെന്നു ഇടതു മുന്നണിയിൽ ഘടകകക്ഷികളുടെ വിമർശനം.ഭരണവിരുദ്ധ വികാരവും കരുവന്നൂർ ഉൾപ്പെടെയുള്ള വിഷയങ്ങളും തോൽവിക്കിടയാക്കിയെന്നു തൃശൂർ സിപിഐ ജില്ലാ സെക്രട്ടറി കെ.കെ വത്സരാജ് പ്രതികരിച്ചു.ഭരണ വിരുദ്ധ വികാരമുണ്ടോ എന്നത് സംബന്ധിച്ച് ആഴത്തിൽ പഠിക്കണമെന്ന് ആർജെഡി
നേതാവ് എം.വി ശ്രേയാംസ്‌ കുമാറും പറഞ്ഞു.അതിനിടെ ഇന്ന് ചേർന്ന സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിൽ തിരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് പ്രാഥമിക ചർച്ചകൾ നടന്നു.

2019 ലേതിന് സമാനമായി ഒറ്റ സീറ്റിൽ ഒതുങ്ങേണ്ടി വന്നതും ജയം പ്രതീക്ഷിച്ച പല മണ്ഡലങ്ങളിലും തിരിച്ചടി നേരിട്ടതുമാണ് ഘടകകക്ഷികളിൽ ചിലരുടെ പരസ്യ വിമർശനത്തിന് കാരണം.
ബിജെപി അകൗണ്ട് തുറന്ന തൃശ്ശൂരിലെ തോൽവിയെക്കുറിച്ച് വിശദമായ പരിശോധന ആവശ്യമെന്ന് സിപിഐ ജില്ലാ സെക്രട്ടറി കെ കെ വത്സരാജ് പ്രതികരിച്ചു.മറ്റെല്ലായിടത്തും കോൺഗ്രസിന് സീറ്റ് കൂടിയപ്പോൾ തൃശ്ശൂരിൽ സുരേഷ് ഗോപിക്ക് എങ്ങനെ വോട്ട് വർധിച്ചുവെന്ന് പരിശോധിക്കണമെന്നാണ് ആവശ്യം

പെൻഷൻ ഉൾപ്പടെ നൽകാൻ കഴിയാതെ പോയത് തിരിച്ചടി ആയെന്നും,ഭരണ വിരുദ്ധ വികാരമുണ്ടോ എന്നത് വിശദമായി പരിശോധിക്കണമെന്നും എം വി ശ്രേയാംസ് കുമാറും പ്രതികരിച്ചു

തമിഴ്നാട്ടിൽ ഉണ്ടായതുപോലെ കേരളത്തിൽ ഘടക കക്ഷികളെ വിശ്വാസത്തിലെടുത്തില്ലെന്ന് ആർജെഡി ജനറൽ സെക്രട്ടറി ഡോ വർഗീസ് ജോർജും കുറ്റപ്പെടുത്തി.ഇന്ന് ചേർന്ന സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് വിശദമായ തിരഞ്ഞെടുപ്പ് വിലയിരുത്തലിലേക്ക് കടന്നിട്ടില്ല.ദേശീയതലത്തിൽ ബി.ജെ.പിക്കെതിരായ വികാരം യു.ഡി.എഫിന് അനുകൂലമായി എന്നാണ് നേതാക്കന്മാരുടെ നിരീക്ഷണങ്ങൾ.വിവിധ മണ്ഡലങ്ങളിൽ നിന്ന് വരുന്ന വോട്ടിന്റെ കണക്കുകൾ അനുസരിച്ച് വിശദമായ വിലയിരുത്തൽ 16ന് ആരംഭിക്കുന്ന സംസ്ഥാന നേതൃയോഗങ്ങളിൽ ആയിരിക്കും.കെ.രാധാകൃഷ്ണൻ മന്ത്രിസ്ഥാനം രാജിവെക്കുമ്പോൾ പകരം മന്ത്രി വേണമോ, മറ്റാർക്കെങ്കിലും ചുമതല നൽകണമോ എന്നത് സംബന്ധിച്ചും തീരുമാനം എടുക്കേണ്ടതായിട്ടുണ്ട്.