വയനാട്ടില്‍ വിദ്യാര്‍ഥിക്ക് നേരെ സഹപാഠികളുടെ ആക്രമണം,അഞ്ച് പേര്‍ക്ക് സസ്പെന്‍ഷന്‍

Advertisement

വയനാട്. മൂലങ്കാവ് ഗവണ്‍മെന്‍റ് സ്കൂളില്‍ വിദ്യാര്‍ഥിയെ സഹപാഠികള്‍ ക്രൂരമായി ആക്രമിച്ച സംഭവത്തില്‍ അഞ്ച് പേര്‍ക്ക് സസ്പെന്‍ഷന്‍.

സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥി ശബരിനാഥനെയാണ് കത്രികകൊണ്ട് കുത്തി പരിക്കേല്‍പ്പിച്ചത്. കുട്ടിയെ കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. അതേസമയം വിദ്യാര്‍ത്ഥിയെ ഡിസ്ചാര്‍ജ് ചെയ്യാന്‍ ബത്തേരി താലൂക്ക് ആശുപത്രിയിലെ ഡ്യൂട്ടി ഡോക്ടറുടെ ഭാഗത്ത് നിന്ന് സമ്മര്‍ദമുണ്ടായതായി ശബരിനാഥന്‍റെ ബന്ധുക്കള്‍ ആരോപിച്ചു

ഇന്നലെ ഉച്ചയോടെയാണ് ശബരിനാഥനെ ക്ലാസില്‍ നിന്ന് ഇറക്കിക്കൊണ്ടുപോയി മര്‍ദിച്ചത്. മര്‍ദനത്തിനിടെ കത്രികകൊണ്ട് കുത്തി. നെഞ്ചിലും മുഖത്തുമാണ് പരിക്ക്. ഒരു ചെവിയില്‍ കമ്മല്‍ ധരിച്ചിരുന്നു. ഇടിയുടെ ആഘാതത്തില്‍ തുളഞ്ഞുകയറിയ കമ്മല്‍ ആശുപത്രിയില്‍ എത്തിയാണ് പുറത്തെടുത്തത്. വിദ്യാര്‍ത്ഥിയെ ആദ്യം നായ്ക്കട്ടിയിലെ ആശുപത്രിയിലേക്ക് എത്തിച്ചത് അധ്യാപകരാണ്. ബന്ധുക്കളെത്തി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി

അതേസമയം രാത്രിയില്‍ വന്ന ഡ്യൂട്ടി ഡോക്ടര്‍ മതിയായ ചികിത്സ നല്‍കാന്‍ തയാറായില്ലെന്നും പരിക്ക് ഗുരുതരമായിട്ടും ഡിസ്ചാര്‍ജ് ചെയ്യാന്‍ സമ്മര്‍ദ്ദപ്പെടുത്തിയെന്നും ബന്ധുക്കള്‍ ആരോപിച്ചു

കുട്ടിയെ പിന്നീട് കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. അതേസമയം സ്കൂളില്‍ അച്ചടക്ക സമിതി ചേര്‍ന്ന് അഞ്ച് വിദ്യാര്‍ത്ഥികളെ സസ്പെന്‍ഡ് ചെയ്തു. പൊലീസ് ഇന്നലെ ബത്തേരി താലൂക്ക് ആശുപത്രിയിലെത്തിച്ച് വിവരങ്ങള്‍ തേടി. ഇന്ന് കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം കേസെടുക്കുന്ന നടപടികളിലേക്ക് കടക്കുമെന്ന് പൊലീസ് വ്യക്തമാക്കി. അമ്പലവയല്‍ എംജി റോഡില്‍ ലക്ഷ്മി വിഹാറിലെ ബിനേഷ് കുമാര്‍ – സ്മിത ദമ്പതികളുടെ മകനായ ശബരിനാഥന്‍ ഈ വര്‍ഷമാണ് മൂലങ്കാവ് സര്‍ക്കാര്‍ സ്കൂളില്‍ ചേര്‍ന്നത്

Advertisement