രാഹുൽ ഗാന്ധി പ്രതിപക്ഷ നേതാവാകും, ഇന്ത്യ മുന്നണി ചെയർമാൻ പദത്തിൽ ആര്?

Advertisement

ന്യൂഡെല്‍ഹി. രാഹുൽ ഗാന്ധി പ്രതിപക്ഷ നേതാവായാൽ ഇന്ത്യ മുന്നണി ചെയർമാൻ പദത്തിൽ വിട്ട് വീഴ്ചയ്ക്ക് ഒരുങ്ങി കോൺഗ്രസ്‌. മുന്നണിയുടെ അധ്യക്ഷസ്ഥാനം ശരത് പവാറിനോ അഖിലേഷിനോ നൽകാൻ നീക്കം. പ്രതിപക്ഷ നേതൃസ്ഥാനവും അധ്യക്ഷ സ്ഥാനവും ഒരു പാർട്ടിയിൽ നിന്ന് വേണ്ടെന്ന തീരുമാനത്തിൽ കോൺഗ്രസ്. അഭിപ്രായം ഘടകകക്ഷി നേതാക്കളോട് തേടും.

ഇന്ത്യ സഖ്യ രൂപീകരണത്തിന് പിന്നാലെ ചെയർമാൻ സ്ഥാനവും കൺവീനർ സ്ഥാനവും മുന്നണിയിൽ സജീവ ചർച്ചയായിരുന്നു. ഇന്ന് എൻഡിഎയ്ക്കൊപ്പമുള്ള നിതീഷ് കുമാറിനെ ഇന്ത്യ മുന്നണിയുടെ കൺവീനർ സ്ഥാനത്തേക്ക് അന്ന് പരിഗണിച്ചിരുന്നെങ്കിലും അദ്ദേഹം താൽപര്യം പ്രകടിപ്പിച്ചില്ല. ലോക്സഭ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യം നില നിന്നത് കൊണ്ടുതന്നെ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുന ഖാർഗെയെ ഇന്ത്യ മുന്നണിയുടെ അധ്യക്ഷനായി തിരഞ്ഞെടുക്കുകയായിരുന്നു. ഭൂരിപക്ഷം നേതാക്കളും ഖാർഗെയുടെ പേര് നിർദ്ദേശിച്ചതോടെയാണ് പദവി ഏറ്റെടുത്തത്. ഈ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് 101 സീറ്റ് ലഭിച്ചതോടെ പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് രാഹുൽഗാന്ധിയെ കൊണ്ടുവരാനാണ് കോൺഗ്രസിന്റെ ശ്രമം. കോൺഗ്രസിന്റെ അധ്യക്ഷസ്ഥാനം മല്ലികാർജുന ഖാർഗെ തുടരുന്നതിനാൽ മുന്നണിയുടെ അധ്യക്ഷ സ്ഥാനം ഒഴിയാൻ ഖാർഗെ താല്പര്യം അറിയിച്ചതാണ് വിവരം.

ഘടകകക്ഷി നേതാക്കളിൽ ഒരാൾക്ക് മുന്നണിയുടെ അധ്യക്ഷ സ്ഥാനം നൽകിക്കൊണ്ട് സഖ്യത്തിന് കെട്ടുറപ്പ് ശക്തമാക്കാനുമാണ് ശ്രമം.അങ്ങനെയെങ്കിൽ ശരത് പവാറിലേക്കാണ് അധ്യക്ഷ സ്ഥാനം വച്ചുനീട്ടുന്നത്. ശിവസേന ഉദ്ദവ് വിഭാഗവുമായി അടുത്ത ബന്ധം പവാറിനുള്ളത് കൊണ്ട് തന്നെ അധ്യക്ഷസ്ഥാനം നൽകുന്നതിലൂടെ ആ കെട്ടുറപ്പും ദൃഢമാകും. യുപിയിലെ വിജയം ദേശീയതലത്തിൽ ഇന്ത്യ മുന്നണിക്ക് മേൽക്കൈ സൃഷ്ടിച്ചത് കൊണ്ട് തന്നെ അഖിലേഷ് യാദവിന്റെ പേരും അധ്യക്ഷ സ്ഥാനത്തേക്ക് ഉയരുന്നുണ്ട്. മൂന്നാം മോദി സർക്കാർ അധികാരത്തിൽ വന്നതിനുശേഷം വിശാലയോഗം ചേരാനാണ് ഇന്ത്യ മുന്നണിയുടെ തീരുമാനം. ആ യോഗത്തിൽ അധ്യക്ഷസ്ഥാനം സംബന്ധിച്ചുള്ളതിൽ അന്തിമ തീരുമാനം കൈക്കൊള്ളും.