വാർത്താനോട്ടം

Advertisement

2024 ജൂൺ 08 ശനി

BREAKING NEWS

👉ഡി സി സി ഓഫീസിലെ കൂട്ടത്തല്ല്; ജില്ലാ പ്രസിഡൻ്റ് ജോസ് വളളൂർ ഉൾപ്പെടെ 20 പേർക്കെതിരെ പോലീസ് കേസ്സെടുത്തു.

👉 അങ്കമാലി പറക്കുളത്ത് വീടിൻ്റ ഒരു മുറിയിലുണ്ടായ തീപിടിത്തത്തിൽ ഒരു കുടുംബത്തിലെ 4 പേർ വെന്ത് മരിച്ചു.

👉 ഈ നാട് ഗ്രൂപ്പ് എംഡി റാമോജി റാവു ( 87)അന്തരിച്ചു.

👉 തൃക്കാക്കര പോലീസ് സ്റ്റേഷനിൽ നിന്നും പ്രതി മുങ്ങി കൊച്ചി മെട്രോ ജീവനക്കാരെ മർദ്ദിച്ച കേസിലെ പ്രതി ജയിംസ് ആണ് പോലീസുകാരെ വെട്ടിച്ച് കടന്നത്.

🌴 കേരളീയം 🌴

🙏 ലോക്‌സഭാ തിരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നാലെ സര്‍ക്കാരിന്റെ പ്രോഗ്രസ് റിപ്പോര്‍ട്ട് പ്രകാശനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയന്‍. 900 വാഗ്ദാനങ്ങള്‍ സര്‍ക്കാര്‍ നടപ്പിലാക്കിയെന്നാണ് 300 പേജുള്ള റിപ്പോര്‍ട്ടില്‍ അവകാശപ്പെടുന്നത്.

🙏 പ്രളയമാണ് സര്‍ക്കാരിനെ വീണ്ടും അധികാരത്തില്‍ കയറ്റിയത് എന്നാണ് ഒരു പുരോഹിതന്‍ പറയുന്നതെന്നും പുരോഹിതരുടെ ഇടയിലും വിവരദോഷികള്‍ ഉണ്ടാകുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ ഇടത് മുന്നണിയുടെ തോല്‍വിയില്‍ സിപിഎമ്മിനെ ശക്തമായി വിമര്‍ശിച്ച യാക്കോബായ സഭ നിരണം മുന്‍ ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസിന് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി.

🙏 ആശയങ്ങളില്‍ ഏറ്റുമുട്ടാം എന്നതല്ലാതെ വ്യക്തിപരമായ പരാമര്‍ശങ്ങളില്‍ താന്‍ പ്രതികരിക്കാറില്ലെന്ന് മുഖ്യമന്ത്രിയുടെ വിമര്‍ശനത്തോട് യാക്കോബായ സഭാ നിരണം മുന്‍ ഭദ്രാസനാധിപന്‍ ഡോ. ഗീവര്‍ഗീസ് മാര്‍ കൂറിലോസ് മെത്രാപ്പൊലീത്ത വ്യക്തമാക്കി.

🙏 മുഖ്യമന്ത്രിയുടെ മകള്‍ ഉള്‍പ്പെട്ട മാസപ്പടി കേസില്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ ആവശ്യപ്പെട്ടിട്ടും സംസ്ഥാന പൊലീസ് തയാറായില്ലെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഹൈക്കോടതിയെ അറിയിച്ചു. കൊച്ചിയിലെ സിഎംആര്‍എല്‍ കമ്പനി വ്യാജ പണമിടപാട് നടത്തിയെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടിക്ക് നിര്‍ദേശിച്ചത്.

🙏 സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ സ്വകാര്യ പ്രാക്ടീസ് നടത്തിയാല്‍ കര്‍ശന നടപടിയെന്ന് ആവര്‍ത്തിച്ച് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. ആരോഗ്യ വകുപ്പിന് കീഴിലുള്ള ഡോക്ടര്‍മാര്‍ക്ക് പുറത്ത് പ്രാക്ടീസ് നടത്താന്‍ അനുമതിയില്ല. ഇത് കണക്കിലെടുത്ത് ഡോക്ടര്‍മാര്‍ക്ക് നോണ്‍ പ്രാക്ടീസിംഗ് അലവന്‍സ് അനുവദിച്ചിട്ടുണ്ട്.

🙏 കോഴിക്കോട് കാപ്പാട് കടപ്പുറത്ത് മാസപ്പിറവി കണ്ടതിനാല്‍ ഇന്ന് ദുല്‍ഹിജ്ജ ഒന്നും, ഈമാസം 17 തിങ്കളാഴ്ച ബലിപെരുന്നാളും ആയിരിക്കും.

🙏 തിരഞ്ഞെടുപ്പു തോല്‍വിയെച്ചൊല്ലിയുള്ള ആരോപണ പ്രത്യാരോപണങ്ങള്‍ക്കൊടുവില്‍ തൃശൂര്‍ ഡിസിസി ഓഫിസില്‍ പ്രവര്‍ത്തകര്‍ തമ്മില്‍ അക്രമവും കയ്യാങ്കളിയും. ഡിസിസി’ സെക്രട്ടറി സജീവന്‍ കുരിയച്ചിറയെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മര്‍ദിച്ചുവെന്നാരോപിച്ച് അദ്ദേഹം ഓഫിസില്‍ പ്രതിഷേധിച്ചു.

🙏 കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന് അഭിവാദ്യങ്ങള്‍ അര്‍പ്പിച്ച് കൊല്ലത്ത് ചിന്നക്കടയില്‍ ഫ്ലക്സ് ബോര്‍ഡുകള്‍. കൊല്ലത്തെ കോണ്‍ഗ്രസുകാര്‍ എന്ന പേരിലാണ് ഫ്ലക്സ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

🙏 കോന്നി അടവി എക്കോ ടൂറിസം കേന്ദ്രം അനിശ്ചിതകാലത്തേക്ക് അടച്ചു. ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ സംഘടനയുടെ ആവശ്യപ്രകാരമാണ് നടപടി . ഇവിടെ ജോലി ചെയ്യാന്‍ കഴിയാത്ത സാഹചര്യമാണെന്ന് ഉദ്യോഗസ്ഥര്‍ സാക്ഷ്യപ്പെടുത്തുന്നു.

🙏 കത്വ ഫണ്ട് തട്ടിപ്പ് കേസില്‍ യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസും അഖിലേന്ത്യാ സെക്രട്ടറി സി.കെ. സുബൈറും കുന്നമംഗലം മജിസ്‌ട്രേറ്റ് കോടതിയില്‍ കീഴടങ്ങി. കോടതി രണ്ടുപേര്‍ക്കും ജാമ്യം അനുവദിച്ചു.

🙏 കാറഡുക്ക സൊസൈറ്റി തട്ടിപ്പില്‍ കോഴിക്കോട് അരക്കിണര്‍ സ്വദേശി വി. നബീല്‍ പിടിയിലായി. രണ്ട് കോടിയോളം രൂപ ഇയാളുടെ അക്കൗണ്ടില്‍ എത്തിയതായാണ് പൊലിസിന്റെ പ്രാഥമിക കണ്ടെത്തല്‍. ഇന്നലെ രാവിലെയാണ് നബീല്‍ പൊലീസിന്റെ പിടിയിലാകുന്നത്.

🙏 തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടത്തിയ 13 ലിംഗമാറ്റ ശസ്ത്രക്രിയകള്‍ വിജയിച്ചില്ലെന്ന പരാതിയില്‍, സാമ്പത്തിക സഹായം നല്‍കണമെന്ന മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ 3,06,772 രൂപ അനുവദിച്ചു.

🇳🇪 ദേശീയം 🇳🇪

🙏 ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎയുടെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി നരേന്ദ്ര മോദിയെ തിരഞ്ഞെടുത്തതിനു പിന്നാലെ സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ ക്ഷണിച്ച് രാഷ്ട്രപതി ദ്രൗപതി മുര്‍മു. പ്രധാനമന്ത്രിയായി നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞ ഞായറാഴ്ച രാത്രി 7.15ന് രാഷ്ട്രപതിഭവനില്‍ നടക്കും.

🙏 കങ്കണ റണാവത്തിനെ തല്ലിയ സിഐഎസ്എഫ് വനിതാ കോണ്‍സ്റ്റബിള്‍ കുല്‍വീന്ദര്‍ കൗറിനെതിരെ മൊഹാലി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ഗുരുതരമായ വകുപ്പുകള്‍ ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

🙏 കങ്കണ റണാവത്തിനെ മര്‍ദ്ദിച്ച സിഐഎസ്എഫ് ഉദ്യോഗസ്ഥയ്ക്ക് ജോലി വാഗ്ദാനം ചെയ്ത് ഗായകനും നടനും സംഗീത സംവിധായകനുമായ വിശാല്‍ ദദ്ലാനി.

🙏 മഹാരാഷ്ട്രയില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയ്ക്കുണ്ടായ തിരിച്ചടിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഉപമുഖ്യമന്ത്രി പദത്തില്‍നിന്ന് രാജി സമര്‍പ്പിച്ച ദേവേന്ദ്ര ഫഡ്‌നാവിസിനോട് തല്‍സ്ഥാനത്ത് തുടരാന്‍ നിര്‍ദേശിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.

🙏 ഛത്തീസ്ഗഢിലെ നാരായണ്‍പുര്‍ ജില്ലയിലുണ്ടായ ഏറ്റുമുട്ടലില്‍ സുരക്ഷാസേന ഏഴ് മാവോവാദികളെ വധിച്ചു. മൂന്ന് ജവാന്മാര്‍ക്ക് പരിക്കേറ്റു. ഇന്നലെ ഉച്ചയ്ക്ക് ഓര്‍ച്ച മേഖലയിലെ വനത്തിലാണ് ഏറ്റുമുട്ടലുണ്ടായത്.

🙏 നരേന്ദ്ര മോദിക്ക് അഭിനന്ദനവുമായി ഇലോണ്‍ മസ്‌ക്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ തെരഞ്ഞെടുപ്പിലെ വിജയത്തിന് അഭിനന്ദനങ്ങള്‍ എന്ന് അദ്ദേഹം തന്റെ സമൂഹ മാധ്യമമായ എക്സിലെ പ്രൊഫൈലില്‍ കുറിപ്പിട്ടു.

🙏 തെരഞ്ഞെടുപ്പ് ഫല പ്രഖ്യാപന ദിനത്തിലെ വീഴ്ചയ്ക്ക് ശേഷം ഇന്നലെ ഓഹരി വിപണി സര്‍വകാല ഉയരത്തിലെത്തി. സെന്‍സെക്സ് 1600 ലധികം പോയിന്റ് ഉയര്‍ന്ന് 76787 എന്ന റെക്കോര്‍ഡിട്ടു.

🙏തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപന ദിവസത്തെ ഓഹരി വിപണി തകര്‍ച്ചയില്‍ അന്വേഷണം ആവശ്യപ്പെട്ടും സെബിയോട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശിക്കണമെന്നും ആവശ്യപ്പെട്ടും സുപ്രീം കോടതിയില്‍ ഹര്‍ജി.

🏏 കായികം 🏏

🙏 ടി20 ലോകകപ്പ് അയര്‍ലന്‍ഡിനെതിരേ കാനഡക്ക് 12 റണ്‍സിന്റെ വിജയം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ കാനഡ, നിശ്ചിത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 137 റണ്‍സെടുത്തു.