കൊല്ലത്തെ സാമ്പത്തിക തട്ടിപ്പുകാരിയായ ഉദ്യോഗസ്ഥയെ വിദ്യാഭ്യാസ വകുപ്പ് സംരക്ഷിക്കുന്നതായി ആക്ഷേപം

Advertisement

കൊല്ലം. സാമ്പത്തിക തട്ടിപ്പുകാരിയെ സംരക്ഷിച്ച് വിദ്യാഭ്യാസ വകുപ്പ്.
80 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയ ജീവനക്കാരിയെ സസ്പെൻഡ് ചെയ്തിട്ടും വിവരം പോലീസിന് കൈമാറിയില്ല.
പെൻഷൻ പദ്ധതിയിലേക്കുള്ള ജീവനക്കാരുടെ വിഹിതമാണ് ഇവർ തട്ടിയെടുക്കാൻ നോക്കിയത്.
കൊല്ലം ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിലെ ക്ലർക്ക് ആയിരുന്ന സി ആർ അനുഷ ക്കെതിരായാണ് പരാതി പോലീസിന് കൈമാറാത്തത്.
സാമ്പത്തിക തട്ടിപ്പ് കേസിൽ സസ്പെൻഡ് ചെയ്യപ്പെട്ടാൽ വിവരം പോലീസിനെ അറിയിക്കണം എന്നാണ് ചട്ടം.
ആറുമാസമായിട്ടും പരാതി കൈമാറാതെ ഉദ്യോഗസ്ഥയെ സംരക്ഷിക്കുന്നു എന്നാണ് പരാതി.
എൻജിഒ യൂണിയൻ അംഗമാണ് സസ്പെൻഡ് ചെയ്യപ്പെട്ട സി ആർ അനുഷ. തട്ടിപ്പിനെ കുറിച്ച് പരാതി ഉയർന്നതോടെ കഴിഞ്ഞ ഡിസംബർ നാലിന് സംസ്ഥാന എസ്.എസ്.കെ പ്രൊജക്റ്റ് ഡയറക്ടർ അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിച്ചിരുന്നു.തുടർന്ന് ഇവരെ സസ്പെൻഡ് ചെയ്തു. സസ്പെൻഷൻ ഓർഡറിലും സാമ്പത്തിക തിരിമറുടെ കാര്യം വ്യക്തമായി പറയുന്നു

എന്നാൽ തട്ടിപ്പ് കണ്ടെത്തി ആറുമാസം പിന്നിട്ടിട്ടും വിദ്യാഭ്യാസ വകുപ്പ് പൊലീസിലോ വിജിലൻസിലോ പരാതി കൊടുത്തില്ല. ഇത് തട്ടിപ്പ് കാരി അനുഷ ജയിലിൽ പോകുന്നത് ഒഴിവാക്കാൻ എന്നാണ് പരാതി. സർവീസ് ചട്ടപ്രകാരം സാമ്പത്തിക തിരുമറി കണ്ടെത്തിയാൽ പോലീസിൽ വിവരം അറിയിക്കണം. യൂണിയനകളുടെ ഇടപെടലാണ് പരാതി പോലീസിലേക്ക് കൈമാറാതെ തടഞ്ഞു വയ്ക്കപ്പെട്ടതിന് പിന്നിൽ ‘ മാസങ്ങൾക്ക് മുമ്പ് കുട്ടികളുടെ ഉച്ചഭക്ഷണ പദ്ധതിയിൽ നിന്നും 28 ലക്ഷം രൂപയോളം അടിച്ച് മാറ്റിയ സംഭവത്തിൽ പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിലെ ക്ലർക്ക് വയനാട് സ്വദേശി ദിലീപ് ഡി ദിനേശിനെതിരെ പോലീസ് നേരത്തെ കേസ് എടുത്തിരുന്നു.സീനിയർ അഡ്മിനിസ്ട്രേറ്റിവ് ഓഫീസർ ആർ.പി രഞ്ജൻ രാജ് നൽകിയ പരാതിയിലാണ് കേസ് എടുത്തത്. പോലീസ് കേസ് എടുത്തെങ്കിലും പ്രതിയെ പിടികൂടിയിട്ടില്ല. ഈ കേസിൽ പോലീസ് ഒളിച്ചുകളി തുടരുന്നതിനിടെയാണ് പുതിയ കേസ്.
നിരന്തരമായി വകുപ്പിൽ ഉണ്ടാകുന്ന സാമ്പത്തിക തിരിമറി വിജിലൻസും. ധനകാര്യ പരിശോധന വിഭാഗവും അടിയന്തരമായി പരിശോധിക്കണമെന്നാണ് ഒരുവിഭാഗം ജീവനക്കാരുടെ ആവശ്യം.