തിരുവനന്തപുരം.സ്‌കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതിക്കുള്ള തുക നിശ്ചയിക്കുന്നതില്‍ മാറ്റം വരുത്തി സംസ്ഥാന സര്‍ക്കാര്‍. നിലവിലുള്ള സ്ളാബ് സമ്പ്രദായം ഒഴിവാക്കി കേന്ദ്രം നിശ്ചയിച്ച നിരക്കില്‍ തുക നല്‍കും. പാലും മുട്ടയും പദ്ധതിക്കായി പ്രത്യേകം തുക അനുവദിക്കാനും തീരുമാനിച്ചു. യു.പി ക്ലാസുകളിലേക്കുള്ള തുക വര്‍ധിപ്പിച്ചതായി പൊതു വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു.
150 കുട്ടികള്‍ വരെ ഒരു കുട്ടിക്ക് 8 രൂപ, 151 മുതല്‍ 500 കുട്ടികള്‍ വരെ 7 രൂപ, 500 കുട്ടികള്‍ക്ക് മുകളില്‍ 6 രൂപ എന്നിങ്ങനെ സ്്‌ളാബ് സമ്പ്രദായത്തിലാണ് ഉച്ചഭക്ഷണത്തിനുള്ള നിരക്ക് നിശ്ചയിച്ചിരുന്നത്. ഇത് ഒഴിവാക്കാനാണ് സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം. പ്രൈമറി സ്‌കൂള്‍ കുട്ടിക്ക് 6 രൂപയും അപ്പര്‍ പ്രൈമറി വിഭാഗത്തില്‍ 8.17 രൂപയും നല്‍കാനാണ് തീരുമാനം. എത്ര കുട്ടികളുണ്ടെങ്കിലും ഇതേ നിരക്കിലായിരിക്കും തുക അനുവദിക്കുക. ഇതോടെ സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതിയിലെ പ്രതിസന്ധി ഒഴിവായെന്ന് മന്ത്രി വി.ശിവന്‍കുട്ടി ചാനലിനോട് പറഞ്ഞു. ആഴ്ചയില്‍ കുട്ടികള്‍ക്ക് പാലും മുട്ടയും നല്‍കുന്ന പദ്ധതി ഉച്ചഭക്ഷണ പദ്ധതിയില്‍ നിന്നും ഒഴിവാക്കും. ഇതിനായി 233 കോടി പ്രത്യേകം അനുവദിക്കും.
ഉച്ചഭക്ഷണ പദ്ധതിയുടെ ചുമതല ഹെഡ്മാസ്റ്റര്‍മാരില്‍ നിന്നും മാറ്റണമെന്ന് ആവശ്യം ഉയര്‍ന്നിരുന്നു. എന്നാല്‍ അധ്യയനം പോലെ തന്നെ ഏറ്റവും പ്രധാനപ്പെട്ടതാണ് ഉച്ചഭക്ഷണ പദ്ധതിയെന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍. അതിനാല്‍ ഹെഡ്മാസ്റ്റര്‍മാര്‍ തന്നെ ഈ ചുമതല തുടരണം. തുക വര്‍ധിപ്പിച്ചതോടെ പദ്ധതിക്ക് പര്യാപ്തമായ തുക ലഭിക്കുമെന്നും ആര്‍ക്കും ആശങ്ക വേണ്ടെന്നും മന്ത്രി ശിവന്‍കുട്ടി പറഞ്ഞു.