കൊല്ലം . സുരേഷ് ഗോപി കേന്ദ്ര മന്ത്രിയാകുമ്പോൾ കൊല്ലത്തിന് അതൊരു അഭിമാന നിമിഷമാണ്. കൊല്ലം മാടനടയിലാണ് സുരേഷ് ഗോപിയുടെ തറവാട്. കൊല്ലത്തെ നാട്ടുകാർക്കും മാതൃ കലാലയമായ ഫാത്തിമ മാതാ കോളേജിലെ സഹപാഠികൾക്കും തങ്ങളുടെ പ്രിയപ്പെട്ടവനെ കുറിച്ച് പറയാൻ ഒരുപാടുണ്ട്.
1958 ജൂൺ 26 ന് ജ്ഞാനലക്ഷ്മിയുടേയും ഗോപിനാഥൻ പിള്ളയുടേയും മകനായി ജനിച്ച സുരേഷ് ഗോപിക്ക് സുഭാഷ്, സുനിൽ, സനൽ എന്നി സഹോദരങ്ങളുണ്ട്. അച്ഛൻ ഗോപിനാഥൻപിള്ള സിനിമ വിതരണക്കമ്പനി നടത്തിയിരുന്നു. 1965-ൽ ഏഴാമത്തെ വയസിൽ കെ.എസ്.സേതുമാധവൻ സംവിധാനം ചെയ്ത ഓടയിൽ നിന്ന് എന്ന ചിത്രത്തിൽ ബാലതാരമായി അഭിനയിച്ച് കൊണ്ടാണ് സുരേഷ് ഗോപി അഭിനയരംഗത്തേക്ക് എത്തുന്നത്. തങ്കശ്ശേരി ഇൻഫൻ്റ് ജീസസ് ആംഗ്ലോ ഇന്ത്യൻ ഹൈസ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസം നേടിയ സുരേഷ് ഗോപി ഫാത്തിമാ മാതാ നാഷണല്‍ കോളജില്‍ നിന്നും സുവോളജിയിൽ ബിരുദവും ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദവും നേടി.
1984-ൽ നിരപരാധി എന്ന തമിഴ് സിനിമയിൽ ഒരു ചെറിയ വേഷം അഭിനയിച്ച് സിനിമരംഗത്തേക്ക് പ്രവേശിച്ചു. 1985-ൽ വേഷം എന്ന തമിഴ് സിനിമയിലും അഭിനയിച്ചു. 1986-ൽ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത് മോഹൻലാൽ നായകനായി അഭിനയിച്ച ടി.പി.ബാലഗോപാലൻ എം.എ എന്ന സിനിമയിലൂടെ മലയാള ചലച്ചിത്ര രംഗത്ത് എത്തി. 1986-ൽ രാജാവിൻ്റെ മകൻ എന്ന സിനിമയിലെ കഥാപാത്രത്തിലൂടെ ശ്രദ്ധേയനായി. 1986-ൽ പുറത്തിറങ്ങിയ പൂവിന് പുതിയ പൂന്തെന്നൽ, സായംസന്ധ്യ എന്നീ സിനിമകളിൽ മമ്മൂട്ടി നായകനും സുരേഷ് ഗോപി വില്ലനുമായി അഭിനയിച്ചത് പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റി. 1987-ൽ റിലീസായ മോഹൻലാൽ ചിത്രമായ ഇരുപതാം നൂറ്റാണ്ട് എന്ന സിനിമയിലെ വില്ലൻ വേഷം സുരേഷ് ഗോപിയുടെ അഭിനയ ജീവിതത്തിൽ വഴിത്തിരിവായി. സുന്ദരനായ വില്ലന്‍ നായകനിലേക്ക് നടന്നടുക്കുകയായിരുന്നു. 1994-ൽ റിലീസായ കമ്മീഷണർ എന്ന സിനിമയുടെ വിജയത്തോടെ സുരേഷ് ഗോപി സൂപ്പർ താര പദവിയിലെത്തി
അടിയന്തരാവസ്ഥക്കാലത്താണ് പ്രീഡിഗ്രിയ്ക്ക് ഫാത്തിമ കോളേജിൽ സുരേഷ് ഗോപി പഠിക്കുന്നത്.എസ് എഫ് ഐ പാനലിൽ നിന്ന് സുവോളജി വിഭാഗം വിദ്യാർത്ഥി പ്രതിനിധിയായി ജയിച്ച് കയറിയ പൊടിമീശക്കാരനായ സുരേഷ് ഗോപിയുടെ മുഖം ഇന്നുo സഹപാഠികളുടെ ഓർമ്മയിലുണ്ട്.
സുരേഷ് ഗോപി ഫാത്തിമ കോളേജിൻ്റെ പടിയിറങ്ങിയത് എം എ ഇംഗ്ലീഷും കഴിഞ്ഞാണ്. സിനിമാനടനായതോടെയാണ് കൊല്ലം സ്ഥിരം താവളമല്ലാതായത്. സുരേഷ്ഗോപിയും മുരളിയും മുകേഷുമാണ് ഏതാണ്ട് ഒരേ കാലം കൊല്ലത്തുനിന്നും ഉയര്‍ന്നുപൊങ്ങിയ താരങ്ങള്‍.
കൊല്ലത്ത് എത്തിയാൽ കുടുംബ ക്ഷേത്രമായ ഭരണിക്കാവ് അമ്പലത്തിൽ എത്താതെ സുരേഷ് ഗോപി മടങ്ങില്ല. കേന്ദ്ര മന്ത്രിയായി തിരിച്ചെത്തുന്ന പ്രിയപ്പെട്ടവന് വമ്പൻ സ്വീകരണം തന്നെ ഒരുക്കാനാണ് നാട്ടുകാരുടെയും സഹപാഠികളുടെയും തീരുമാനം