വയനാട് കൈ വിടുമോ, രാഹുല്‍ഗാന്ധി നാളെ എത്തും

Advertisement

വയനാട്.മണ്ഡലമൊഴിയുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ രാഹുല്‍ഗാന്ധി നാളെ വയനാട്ടിലെത്തും. ലോക്സഭ മണ്ഡലങ്ങളിലെ വോട്ടര്‍മാര്‍ക്ക് നന്ദി രേഖപ്പെടുത്താനാണ് രാഹുല്‍ എത്തുന്നത്. രാഹുലിന് പകരമാര് എന്നകാര്യത്തിലാണ് ആകാംഷ ബാക്കി നില്‍ക്കുന്നത്

ഉത്തര്‍പ്രദേശിലെ രാഷ്ട്രീയ കാലാവസ്ഥയില്‍ ഇക്കുറി മാറ്റമുണ്ടായതോടെ റായ്ബറേലിയില്‍ രാഹുല്‍ തുടരണമെന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്‍റെ നിലപാട്. ഈ സാഹചര്യത്തില്‍ തന്‍റെ വീടാണ് വയനാടെന്ന് എപ്പോഴും പറയാറുള്ള രാഹുല്‍ഗാന്ധി മണ്ഡലത്തെ കൈവിടുമെന്ന് ഉറപ്പായി. ഇക്കാര്യം നാളെ മണ്ഡലത്തിലെത്തുന്ന രാഹുല്‍ പ്രഖ്യാപിക്കുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. ശനിയാഴ്ചയാണ് ലോക്സഭാ സ്പീക്കര്‍ക്ക് ഏത് മണ്ഡലം നിലനിര്‍ത്തുമെന്ന കാര്യത്തില്‍ കത്തുനല്‍കുക. വയനാട് മണ്ഡലത്തില്‍നിന്നുള്ള കോണ്‍ഗ്രസ് നേതാക്കള്‍ രാഹുല്‍ഗാന്ധിയെ നേരില്‍കണ്ട് തുടരാന്‍ അഭ്യര്‍ത്ഥിച്ചിരുന്നു.

മറിച്ചൊരുതീരുമാനമെങ്കില്‍ പ്രിയങ്കാ ഗാന്ധിയെ പരിഗണിക്കണമെന്നാണ് നേതൃത്വത്തിന്‍റെ താല്‍പര്യം. പ്രിയങ്ക വന്നാല്‍ വിഐപി മണ്ഡലമായി വയനാട് തുടര്‍ന്നേക്കും. പ്രിയങ്കയില്ലെങ്കില്‍ പകരം കെ മുരളീധരന്‍റെ പേരാണ് പറഞ്ഞുകേള്‍ക്കുന്നത്. തൃശൂരില്‍ മൂന്നിലേക്ക് കൂപ്പുകുത്തിയ മുരളീധരന്‍ നീരസം പ്രകടിപ്പിച്ച് മാറിനില്‍ക്കുകയാണ്. അനുനയനീക്കമെന്ന സാധ്യതയില്‍ മുസ്ലീം ലീഗിനും സമ്മതനായ മുരളി വന്നാല്‍ വയനാട് കൂടെ നിര്‍ത്താനാകുമെന്നാണ് യുഡിഎഫ് പ്രതീക്ഷ.

മണ്ഡല രൂപീകരണത്തിന് ശേഷം നടന്ന 2009ലെ തെരഞ്ഞെടുപ്പില്‍ ഡിഐസി സ്ഥാനാര്‍ത്ഥിയായിരുന്ന മുരളീധരന്‍ 99,663വോട്ടുകള്‍ പിടിച്ചിരുന്നു. മണ്ഡലമൊഴിയുന്ന കാര്യത്തില്‍ യുഡിഎഫിനെ പോലെ രാഹുലിന്‍റെ തീരുമാനത്തെ കാത്തിരിക്കുകയാണ് എല്‍ഡിഎഫും ബിജെപിയും.