വാർത്താനോട്ടം

Advertisement

2024 ജൂൺ 11 ചൊവ്വ

🌴കേരളീയം🌴

🙏 ദുരന്ത നിവാരണ അതോറിറ്റി സംസ്ഥാനത്ത് പലയിടങ്ങളിലായി സ്ഥാപിച്ചിട്ടുള്ള മുന്നറിയിപ്പ് സൈറണുകളുടെ പ്രവര്‍ത്തന പരീക്ഷണം ഇന്ന്.
85 സൈറണുകളാണ് പരീക്ഷിക്കുന്നത്. വിവിധ ജില്ലകളില്‍ സൈറണുകള്‍ സ്ഥാപിച്ചിരിക്കുന്ന സ്ഥലങ്ങളുടെ വിശദാംശങ്ങളും അവയുടെ പരീക്ഷണം നടക്കുന്ന സമയവും ദുരന്ത നിവാരണ അതോറിറ്റി പുറത്തുവിട്ടിട്ടുണ്ട്.

🙏 മൂന്നാം മോദി സര്‍ക്കാരില്‍ സുരേഷ് ഗോപിക്ക് ലഭിച്ചത് ടൂറിസം, പെട്രോളിയം – പ്രകൃതി വാതകം വകുപ്പുകളുടെ സഹമന്ത്രി സ്ഥാനം. ജോര്‍ജ് കുര്യന് ന്യൂനപക്ഷ ക്ഷേമം, മൃഗ സംരക്ഷണം, ഫിഷറീസ് വകുപ്പുകളുടെ സഹമന്ത്രി സ്ഥാനമാണ് ലഭിച്ചത്.

🙏 പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസിലെ പരാതിയില്‍ നിന്ന് വധു പിന്മാറി. ആരോപണങ്ങളില്‍ കുറ്റബോധമുണ്ടെന്നും താന്‍ പറഞ്ഞത് കളവാണെന്നും പറഞ്ഞ യുവതി രാഹുലിനെതിരെ ഉന്നയിച്ച ആരോപണങ്ങളില്‍ ക്ഷമാപണവും നടത്തി.

🙏 പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസില്‍ വധുവിനെ കാണാനില്ലെന്ന അച്ഛന്റെ പരാതിയില്‍ വടക്കേക്കര പൊലീസ് കേസെടുത്തു. അതേസമയം താന്‍ സുരക്ഷിതയാണെന്നും തന്നെ ആരും തട്ടി കൊണ്ടു പോയതല്ലെന്നും തനിക്ക് സ്വന്തം വീട്ടില്‍ നിന്ന് വധഭീഷണിയുണ്ടെന്നും വ്യക്തമാക്കി പെണ്‍കുട്ടി സാമൂഹ്യ മാധ്യമത്തിലൂടെ പിന്നേയും പ്രതികരിച്ചു.

🙏കെ മുരളീധരന്റെ തോല്‍വിയുമായി ബന്ധപ്പെട്ട വിവാദങ്ങളെ തുടര്‍ന്നുള്ള ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂരിന്റെ രാജി കെപിസിസി അധ്യക്ഷന്‍ കെ സുധാകരനും, യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ മുന്‍ എം.എല്‍.എ. എം.പി.വിന്‍സന്റിന്റെ രാജി യു ഡി എഫ് ചെയര്‍മാന്‍ വി ഡി സതീശനും അംഗീകരിച്ചു .

🙏 തൃശ്ശൂര്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി സെക്രട്ടറി സജീവന്‍ കുരിയച്ചിറയുടെ വീടിന് നേരെ ആക്രമണം. ഇന്നലെ രാത്രി രണ്ടു കാറുകളിലായി എത്തിയ അക്രമി സംഘം വീടിന്റെ ജനല്‍ ചില്ലുകള്‍ അടിച്ച് തകര്‍ത്തു. വീട്ടിലുണ്ടായിരുന്ന അമ്മയെയും സഹോദരിയെയും ഭീഷണിപ്പെടുത്തി.

🙏രാജ്യസഭാംഗങ്ങളുടെ തിരഞ്ഞെടുപ്പില്‍ സിപിഎമ്മിന്റെ രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസ് എമ്മിന് വിട്ടുനല്‍കി. അതില്‍ ഒന്നിലാണ് കേരള കോണ്‍ഗ്രസ് എം മത്സരിക്കുക. ഒരു സീറ്റില്‍ സിപിഐ സ്ഥാനാര്‍ത്ഥി മത്സരിക്കും. ജോസ് കെ മാണിയാണ് കേരള കോണ്‍ഗ്രസ് എമ്മില്‍ നിന്ന് രാജ്യസഭയിലേക്ക്
മത്സരിക്കുക.

🙏 പിപി സുനീര്‍ സിപിഐയുടെ രാജ്യസഭ സ്ഥാനാര്‍ത്ഥി. സുനീര്‍ നിലവില്‍ സിപിഐയുടെ സംസ്ഥാന അസി സെക്രട്ടറിയാണ്. പൊന്നാനി, വയനാട് മണ്ഡലങ്ങളില്‍ നിന്ന് ലോക്സഭയിലേക്ക് മത്സരിച്ചിട്ടുണ്ട്. സിപിഐ മലപ്പുറം ജില്ലാ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

🙏 കലാഭവന്‍ മണിയുടെ സഹോദരനും മോഹിനിയാട്ടം കലാകാരനുമായ ആര്‍എല്‍വി രാമകൃഷ്ണനെ ജാതീയമായി അധിക്ഷേപിച്ചെന്ന
കേസില്‍ നര്‍ത്തകി സത്യഭാമയോട് ഒരാഴ്ചക്കുളളില്‍ കേസ് പരിഗണിക്കുന്ന തിരുവനന്തപുരത്തെ കോടതിയില്‍ ഹാജരാകാന്‍ നിര്‍ദേശം നല്‍കി.

🙏 കാലിക്കറ്റ് സര്‍വകലാശാല വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ കെ.എസ്.യു – എം.എസ്.എഫ് സഖ്യത്തിന് വിജയം. സര്‍വകലാശാല യൂണിയനിലെ മുഴുവന്‍ ജനറല്‍ സീറ്റുകളിലും കെ.എസ്.യു – എം.എസ്.എഫ് മുന്നണി സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചു.

🙏ചെറിയ വീടുകള്‍ക്ക് വൈദ്യുതി കണക്ഷന്‍ ലഭിക്കാന്‍ ഉടമസ്ഥാവകാശ രേഖയോ നിയമപരമായ കൈവശാവകാശ രേഖയോ ആവശ്യമില്ലെന്ന് കെഎസ്ഇബി. വെള്ളക്കടലാസിലെഴുതിയ സാക്ഷ്യപത്രം മാത്രം സമര്‍പ്പിച്ചാല്‍ മതിയെന്നും കെഎസ്ഇബി അറിയിച്ചു.

🙏 വിചാരണ നേരിടാനുള്ള മാനസിക ആരോഗ്യം നന്ദന്‍കോട് കൂട്ടക്കൊലപാതക കേസിലെ പ്രതി കേദല്‍ ജിന്‍സന്‍ രാജയ്ക്ക് ഉണ്ടെന്ന് ആരോഗ്യവകുപ്പിന്റെ റിപ്പോര്‍ട്ട്. പ്രതിയുടെ മനോരോഗനില പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ കോടതി നിര്‍ദ്ദേശിച്ചിരുന്നു.

🙏 ബാര്‍ക്കോഴ അഴിമതി ആരോപിച്ച് എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ യുഡിഎഫ്നടത്താ,ന്‍ നിശ്ചയിച്ച നിയമസഭാ മാര്‍ച്ച് മാറ്റിവെച്ചു. നാളെ നിശ്ചയിച്ചിരുന്ന നിയമസഭാ മാര്‍ച്ചും അന്ന് വൈകുന്നേരം മൂന്നിന് ചേരാനിരുന്ന യുഡിഎഫ് സംസ്ഥാന ഏകോപന സമിതിയും രാഹുല്‍ ഗാന്ധിയുടെ വയനാട് സന്ദര്‍ശനം നടക്കുന്നതിനാലാണ് മാറ്റിവെച്ചത്.

🙏 തൃൂശൂര്‍ പൂരം നടത്തിപ്പില്‍ കമ്മീഷണറുടെ നടപടികള്‍ക്കെതിരെ പ്രതിഷേധം ഉയര്‍ന്നതിനെതുടര്‍ന്ന് തൃശൂര്‍ കമ്മീഷണര്‍ അങ്കിത് അശോകനെ സ്ഥലം മാറ്റി. ആര്‍ ഇളങ്കോ ആണ് പുതിയ കമ്മീഷണര്‍. അങ്കിതിന് പുതിയ നിയമനം നല്‍കിയിട്ടില്ല.

🙏 ഡ്രൈ ഡേ പിന്‍വലിക്കുന്നതിനെക്കുറിച്ച് മന്ത്രിതലത്തില്‍ പ്രാഥമിക ചര്‍ച്ച നടത്തിയിട്ടില്ലെന്ന് മന്ത്രി എം ബി രാജേഷ്. കഴിഞ്ഞ വര്‍ഷം മദ്യനയം പ്രഖ്യാപിക്കാന്‍ വാര്‍ത്താസമ്മേളനം നടത്തുന്ന ദിവസം രാവിലെ വരെ ഡ്രൈ ഡേ പിന്‍വലിക്കാന്‍ പോകുന്നു എന്നതരത്തില്‍ വാര്‍ത്ത വന്നിരുന്നു.

🙏 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ വാര്‍ഡ് വിഭജനവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ സ്പീക്കര്‍ക്ക് കത്ത് നല്‍കി. വാര്‍ഡ് വിഭജനവുമായി ബന്ധപ്പെട്ട കേരള പഞ്ചായത്ത് രാജ്, മുന്‍സിപ്പാലിറ്റി ഭേദഗതി ബില്ലുകള്‍ സബ്ജക്ട് കമ്മിറ്റിയുടെ പരിഗണനയ്ക്ക് വിടാതെ പാസാക്കിയ നടപടിക്കെതിരെയാണ് വി ഡി സതീശന്‍ കത്ത് നല്‍കിയത്.

🇳🇪 ദേശീയം 🇳🇪

🙏 മൂന്നാം മോദി മന്ത്രിസഭയിലെ വകുപ്പ് വിഭജനം പൂര്‍ത്തിയായി. മന്ത്രി സഭയിലെ പ്രധാനികളായ അമിത് ഷാ ആഭ്യന്തര മന്ത്രിയായും രാജ്‌നാഥ് സിങ് പ്രതിരോധ മന്ത്രിയായും നിതിന്‍ ഗഡ്കരി ഉപരിതല ഗതാഗത മന്ത്രിയായും നിര്‍മല സീതാരാമന്‍ ധനകാര്യ മന്ത്രിയായും എസ് ജയശങ്കര്‍ വിദേശകാര്യ മന്ത്രിയായും അശ്വിനി വൈഷ്ണവ് റെയില്‍വേ മന്ത്രിയായും തുടരും. ജെപി നദ്ദക്ക് ആരോഗ്യവും, ശിവരാജ് സിങ് ചൗഹാന് കൃഷിയും മനോഹര്‍ ലാല്‍ ഖട്ടാറിന് നഗരവികസനവും ഊര്‍ജ്ജവും ജ്യോതിരാദിത്യ സിന്ധ്യക്ക് ടെലികോമും ധര്‍മ്മേന്ദ്ര പ്രധാന് വിദ്യാഭ്യാസവുമാണ് വകുപ്പുകള്‍.

🙏 പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും മോദി സര്‍ക്കാരിനേയും നാഗ്പൂരില്‍ നടന്ന ആര്‍എസ്എസ് സമ്മേളനത്തില്‍ നിശിതമായി വിമര്‍ശിച്ച് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്. ഒരു വര്‍ഷമായി കത്തുന്ന മണിപ്പൂരില്‍ സമാധാനം എത്രയും പെട്ടെന്ന് പുനഃസ്ഥാപിക്കണമെന്നാണ് ആര്‍എസ്എസിന്റെ ആവശ്യം. പ്രതിപക്ഷത്തെ ശത്രുവായി കാണരുതെന്നും പ്രതിപക്ഷത്തിന്റെ ശബ്ദം കേള്‍ക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശം നല്‍കി.

🙏 ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ക് ഹസീന സോണിയ ഗാന്ധിയെ സന്ദര്‍ശിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള വിഷയങ്ങള്‍ കൂടിക്കാഴ്ചയില്‍ സംസാരിച്ചതായാണ്
റിപ്പോര്‍ട്ട് .

🙏 ബിജെപി ഐ.ടി സെല്‍ മേധാവി അമിത് മാളവ്യ പഞ്ചനക്ഷത്ര ഹോട്ടലുകളിലും, പശ്ചിമ ബംഗാളിലെ പാര്‍ട്ടി ഓഫീസുകളിലും വച്ച് സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്തെന്ന് ആരോപണം. ഈ ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ അമിത് മാളവ്യയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കണമെന്നും അന്വേഷണം വേണമെന്നും നടപടി കോണ്‍ഗ്രസ് വക്താവ് സുപ്രിയ ശ്രീനെയ്റ്റ് ആവശ്യപ്പെട്ടു.

🙏 അജിത് ഡോവല്‍ ഇനി ദേശീയ സുരക്ഷാ ഉപദേഷ്ടാവിന്റെ പദവിയില്‍ തുടരുമോയെന്ന കാര്യത്തില്‍ അനിശ്ചിതത്വം. പദവിയില്‍ തുടരാന്‍ താല്‍പര്യമില്ലെന്ന് അജിത് ഡോവല്‍ അറിയിച്ചതായും എന്നാല്‍ തുടരണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടതായും സൂചനയുണ്ട്.

🇦🇴 അന്തർദേശീയം 🇦🇽

🙏 കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ മലാവിയുടെ വൈസ് പ്രസിഡന്റ് സോളോസ് ക്ലോസ് ചിലിമ കയറിയ വിമാനം കാണാതായി. ചിലിമയടക്കം 10 പേര്‍ കയറിയ സേനാവിമാനം തലസ്ഥാനമായ ലിലോങ്വേയില്‍നിന്ന് പറന്നുയര്‍ന്ന് ഒരു മണിക്കൂറിനകം റഡാറില്‍ നിന്ന് അപ്രത്യക്ഷമായി.

🏏 കായികം 🏏

🙏 ആവേശം അവസാന ഓവര്‍ വരെ നീണ്ടു നിന്ന ടി20 ലോകകപ്പിലെ മത്സരത്തില്‍ ദക്ഷിണാഫ്രിക്ക ബംഗ്ലാദേശിനെ 4 റണ്‍സിന് തോല്‍പിച്ചു. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 6 വിക്കറ്റ് നഷ്ടത്തില്‍ 113 റണ്‍സെടുത്തു. തുടര്‍ച്ചയായ മൂന്നാം ജയത്തോടെ ഗ്രൂപ്പ് ,ഡിയില്‍ നിന്ന് ദക്ഷിണാഫ്രിക്ക സൂപ്പര്‍ 8 ഉറപ്പിച്ചു

Advertisement