തമിഴ് സിനിമ മാതൃകയിൽ ഫോണ്‍ വാങ്ങി തട്ടിപ്പ്,ആമസോണിന്‍റെ പരാതിയില്‍ അറസ്റ്റ്

Advertisement

കൂത്താട്ടുകുളം.തമിഴ് സിനിമ മാതൃകയിൽ തട്ടിപ്പ് നടത്തിയ മണ്ണത്തൂർകാരനെ
കൂത്താട്ടുകുളം പോലീസ് പിടികൂടി. ഓൺലൈൻ സൈറ്റിൽ നിന്നും മൊബൈൽ ഫോണുകൾ വാങ്ങി തട്ടിപ്പ് നടത്തിയ മണ്ണത്തൂർ സ്വദേശി നിമിൽ ജോർജ് സന്തോഷിനെ ആണ് കൂത്താട്ടുകുളം പോലീസ് അറസ്റ്റ് ചെയ്തത്.

ഓൺലൈൻ ഷോപ്പിംഗ് സൈറ്റായ ആമസോൺ ഇന്ത്യ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ്
കൂത്താട്ടുകുളം പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്.
ആമസോണിന്റെ ഷോപ്പിംഗ് സൈറ്റിൽ നിന്നും സാംസങ് കമ്പനിയുടെ പ്രീമിയം ഫോണുകൾ വ്യാജ അക്കൗണ്ട് ഉപയോഗിച്ച് വാങ്ങിയായിരുന്നു തട്ടിപ്പ്. ഓർഡർ ചെയ്ത ഫോൺ കൂത്താട്ടുകുളത്തെ ഒരു വ്യാപാര സ്ഥാപനത്തിൽ ഏൽപ്പിക്കാൻ നിർദ്ദേശം നൽകിയ ശേഷം ഓൺലൈനായി പണം നൽകുകയായിരുന്നു.
പിന്നീട് രണ്ടു ദിവസം കഴിഞ്ഞപ്പോൾ ഫോണിന് കേടുപാടുകൾ ഉണ്ട് എന്ന് കാണിച്ച് ഫോൺ മാറ്റി നൽകുവാൻ കമ്പനിയോട് ആവശ്യപ്പെട്ടു. ഇയാളുടെ ആവശ്യപ്രകാരം കമ്പനി ഫോൺ മാറ്റി നൽകി. ഇത്തരത്തിൽ രണ്ടാമത് ലഭിച്ച ഫോണിനും സമാന കംപ്ലൈന്റ്റ് ഉണ്ട് എന്ന് കാണിച്ച് വീണ്ടും പരാതി നൽകി. ഇനി ഫോൺ വേണ്ട എന്നും പണം തിരികെ നൽകിയാൽ മതിയെന്നും കമ്പനിയോട് ആവശ്യപ്പെടുകയായിരുന്നു. ഇതനുസരിച്ച് ആമസോൺ, ഫോൺ തിരിച്ചെടുത്ത ശേഷം പണം പൂർണമായും തിരിച്ച് നൽകുകയും ചെയ്തു.
എന്നാൽ ആമസോണിന് തിരികെ ലഭിച്ചിട്ടുള്ള രണ്ട് ഫോണുകളും ഒറിജിനൽ അല്ല എന്ന് സാംസങ് കമ്പനിയുടെ ടെക്നിക്കൽ ടീം കണ്ടെത്തുകയായിരുന്നു. ഇടപാടിലെ ചതി മനസ്സിലാക്കിയ ആമസോൺ കൂത്താട്ടുകുളം പോലീസിൽ പരാതി നൽകുകയായിരുന്നു.
ആമസോണിന്റെ സോണൽ മാനേജരുടെ പരാതി പ്രകാരം രണ്ട് കേസുകളാണ് കൂത്താട്ടുകുളം പോലീസ് എടുത്തിട്ടുള്ളത്. രണ്ട് വ്യാജ അക്കൗണ്ടുകൾ ഉപയോഗിച്ച് ആമസോൺ കമ്പനിയിൽ നിന്നും 4,50,000 രൂപയോളം തട്ടിയെടുത്തതാണ് പരാതി. രണ്ട് തീയതികളിലായി സമാന രീതിയിലുള്ള രണ്ട് തട്ടിപ്പുകളാണ് നടത്തിയിട്ടുള്ളത്.
പോലീസ് കേസെടുത്ത്‌ അന്വേഷണം ആരംഭിച്ചെങ്കിലും, മൊബൈൽ വാങ്ങാൻ ഉപയോഗിച്ച അക്കൗണ്ടും
സിം കാർഡും വ്യാജമാണെന്ന് കണ്ടെത്തി. ഇലഞ്ഞിയിലെയും കൂത്താട്ടുകുളത്തെയും കോളേജുകളിലെ വിദ്യാർത്ഥികളുടെ
അഡ്രസ്സ് ഉപയോഗിച്ചാണ് സിം കാർഡുകൾ എടുത്തിട്ടുള്ളത്. ശാസ്ത്രീയ അന്വേഷണത്തിലാണ് പ്രതി നിമിൽ ജോർജ് സന്തോഷിനെ പിടികൂടിയത്. ചോദ്യം ചെയ്യലിൽ പ്രതിക്കുറ്റം സമ്മതിച്ചു.
ബിസിഎ ബിരുദധാരിയായ നിമിൽ,
ദുൽഖർ സൽമാൻ നായകനായുള്ള കണ്ണും കണ്ണും കൊള്ളായ്യടിത്താല്‍ എന്ന തമിഴ് ചിത്രത്തിലെ മോഷണ രീതി പിന്തുടർന്നതാണ് എന്നാണ് കരുതുന്നത്. സമാന രീതിയിലാണ് തട്ടിപ്പുകൾ നടന്നിട്ടുള്ളത്. കൂത്താട്ടുകുളം സ്റ്റേഷന് പുറമേ പിറവം, വാഴക്കുളം, കോതമംഗലം പോലീസ് സ്റ്റേഷനുകളിൽ സമാന രീതിയിൽ പരാതികൾ ലഭിച്ചിട്ടുണ്ട്.
ഇതിനുമുൻപും സമാന രീതിയിൽ ഓൺലൈൻ തട്ടിപ്പ് നടത്തിയതിന് പ്രതിയുടെ പേരിൽ എറണാകുളം, മണർകാട് പോലീസ് സ്റ്റേഷനുകളിൽ കേസ് നിലവിലുണ്ട്.
സാമ്പത്തികഭദ്രതയുള്ള കുടുംബത്തിൽ ജനിച്ച പ്രതി, തട്ടിപ്പിലൂടെ സമ്പാദിക്കുന്ന പണം ആഡംബര ജീവിതം നയിക്കുന്നതിനായാണ് ഉപയോഗിച്ചുവരുന്നത്