സെവൻസ് ഫുട്ബോൾ മത്സരത്തിന് എത്തിയ വിദേശ താരത്തെ പ്രതിഫലം നൽകാതെ വഞ്ചിച്ചു

Advertisement

മലപ്പുറം. സെവൻസ് ഫുട്ബോൾ മത്സരത്തിന് എത്തിയ വിദേശ താരത്തെ പ്രതിഫലം നൽകാതെ വഞ്ചിച്ചതായി പരാതി. യുണൈറ്റഡ് എഫ്സി നെല്ലിക്കുത്തിന് വേണ്ടി കളിക്കാനെത്തിയ ഐവറികോസ്റ്റ് സ്വദേശി കാങ്ക കൗസി ക്ലൗഡാണ് പൊലീസിനെ സമീപിച്ചത്. ആറ് മാസമായി താമസ സൌകര്യമോ ഭക്ഷണമോ ലഭിച്ചിട്ടില്ലെന്നും ആരോപണം.

ഓരോ മത്സരത്തിനും നിശ്ചിതതുക എന്ന കരാർ അനുസരിച്ചാണ് 24 കാരനായ കാങ്ക കൗസി കേരളത്തിൽ കളിക്കാനെത്തിയത്. എന്നാൽ സീസണിൽ കളിപ്പിച്ചത് രണ്ടു മത്സരങ്ങളിൽ മാത്രം. വാഗ്‌ദാനം ചെയ്ത താമസമോ ഭക്ഷണമോ ലഭിച്ചില്ലെന്നും ഇതുവരെ ഒരു രൂപ പോലും പ്രതിഫലം കിട്ടിയിട്ടില്ലെന്നും പരാതി.

ഏജന്റായ കെ.പി. നൗഫൽ എന്ന വ്യക്തിയുടെ കരാറിലാണ് താരം കേരളത്തിൽ എത്തിയത്. വിസാ കാലാവധി തീരാനിരിക്കെ തിരിച്ച് പോകാനുള്ള ടിക്കറ്റ് പോലും ഏജന്റ് നൽകിയിട്ടില്ല. ഇതോടെയാണ് മലപ്പുറം എസ്പി ഓഫീസിൽ കാങ്ക കൗസി പരാതിയുമായി എത്തിയത്. കരാർ ഉണ്ടാക്കിയ വ്യക്തിയോട് ഹാജരാകാൻ മലപ്പുറം എസ്പി എസ് ശശിധരൻ ആവശ്യപ്പെട്ടു. അതെ സമയം താരത്തിൻ്റെ ആരോപണം യുണൈറ്റഡ് എഫ്സി നെല്ലിക്കുത്ത് നിഷേധിച്ചു.തങ്ങളുടെ പേരിൽ വ്യാജ കരാർ നിർമ്മിച്ച മറ്റാരോ ആണ് കാങ്ക കൗസിനെ കേരളത്തിൽ എത്തിച്ചതെന്ന് ക്ലബ്ബ് ഭാരവാഹികൾ ആരോപിച്ചു