പറമ്പു വൃത്തിയാക്കുന്നതിനിടെ കിട്ടിയ കൂൺ കഴിച്ച് യുവാവ് മരിച്ചു

Advertisement

കൊച്ചി: പറമ്പു വൃത്തിയാക്കുന്നതിനിടെ കിട്ടിയ കൂൺ കഴിച്ച് വിഷബാധയേറ്റ് യുവാവ് മരിച്ചു. പനങ്ങാട് തച്ചോടിയിൽ പരേതനായ അബ്ദു റഹ്മാന്റെ മകൻ ഷിയാസാണ് (45) മരിച്ചത്. ചികിത്സയിൽ കഴിയുന്നതിനിടെയായിരുന്നു മരണം.
ഈ മാസം ആറിനാണ് സംഭവമുണ്ടായത്. രാവിലെ പതിനൊന്നോടെ വീടിനടുത്തുള്ള പറമ്പ് ശുചിയാക്കുന്നതിനിടെയാണ് ഷിയാസിന് കൂൺ ലഭിക്കുന്നത്. വിഷക്കൂൺ എന്ന് അറിയാതെ അദ്ദേഹം അത് ശേഖരിച്ച് വീട്ടിലെത്തിച്ച് കഴിക്കുകയായിരുന്നു. വീട്ടിലുണ്ടായിരുന്ന മറ്റുള്ള ആരും കൂൺ കഴിച്ചില്ല. ഉച്ചയോടെ അസ്വസ്ഥത തുടങ്ങി.
രക്തം ഛർദിച്ച് കുഴഞ്ഞുവീണ ഷിയാസിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും നില വഷളായി. വെന്റിലേറ്ററിലായിരുന്നു. തിങ്കളാഴ്ച വൈകിട്ട് അഞ്ചോടെ മരിച്ചു. കൂണിൽ നിന്നുള്ള വിഷബാധയെന്ന് സ്ഥിരീകരിച്ചു. അസ്വാഭാവിക മരണത്തിന് പനങ്ങാട് പൊലീസ് കേസെടുത്തിട്ടുണ്ട്. ചിത്രകാരനായിരുന്നു ഷിയാസ്. മാതാവ്: സീനത്ത്. ഭാര്യ: റസീന. മക്കൾ: ഐമാൻ, ദിയ.