വിവാദങ്ങൾക്കിടെ ലോകകേരള സഭയുടെ നാലാം പതിപ്പിന് തലസ്ഥാനത്ത് തുടക്കം

Advertisement

തിരുവനന്തപുരം.വിവാദങ്ങൾക്കിടെ ലോകകേരള സഭയുടെ നാലാം പതിപ്പിന് ഇന്ന് തലസ്ഥാനത്ത് തുടക്കം. കുവൈറ്റ് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ലോക കേരള സഭയുടെ ഉദ്ഘാടന സമ്മേളനവും സെമിനാറും അനുബന്ധ പരിപാടികളും ഒഴിവാക്കി.

14 , 15 തീയ്യതികളിൽ ലോക കേരളസഭാ സമ്മേളനം നിശ്ചയിച്ച പ്രകാരം നടക്കും. ആഘോഷ പരിപാടികൾ ഉണ്ടാവില്ല.

സ്ഥിരാംഗങ്ങൾക്ക് പുറമെ, 103 രാജ്യങ്ങളിൽ നിന്നുള്ള ഇരുനൂറോളം പ്രതിനിധികൾ പങ്കെടുക്കും. പ്രതിപക്ഷം ഇത്തവണയും ബഹിഷ്കരിക്കുമെങ്കിലും , പ്രതിപക്ഷ പ്രവാസി സംഘടകനകൾക്ക് വിലക്കില്ല. 14, 15 തീയതികളിൽ നിയമസഭ ശങ്കരനാരായണൻ തമ്പി ഹാളിലാണ് പ്രതിനിധി സമ്മേളനം.

കഴിഞ്ഞ മൂന്ന് സമ്മേളനങ്ങളിലെയും പോലെ വിവാദങ്ങളുടെ അകമ്പടിയോടെയാണ് നാലാം ലോക കേരള സഭയും തുടങ്ങുന്നത്. പ്രധാന നിർദേശങ്ങൾ നടപ്പാക്കിയില്ലെന്നും, വിദേശത്തെ മേഖലാ സമ്മേളനങ്ങളുടെ സ്പോൺസർഷിപ്പ് കണക്കുകൾ പുറത്തുവിട്ടില്ലെന്നുമുള്ള ആക്ഷേപങ്ങൾ ഒരു വശത്ത്. സർക്കാർ ഭരണഘടന സ്ഥാപനങ്ങളെ ദുർബലപ്പെടുത്തുന്നുവെന്ന് ഗവർണറും, ധൂർത്തെന്ന് പ്രതിപക്ഷവും കുറ്റപ്പെടുത്തുന്നുണ്ട്. ക്ഷണം നിരസിച്ച ഗവർണർക്ക് പകരം മുഖ്യമന്ത്രിയെ ഉദ്ഘാടനത്തിന് നിശ്ചയിച്ചെങ്കിലും കുവൈറ്റ് ദുരന്ത പശ്ചാത്തലത്തില്‍ ഇത് ഒഴിവാക്കി. മറ്റന്നാളാണ് ലോക കേരള സഭയുടെ പ്രതിനിധി സമ്മേളനം ആരംഭിക്കുക. ഇരുന്നൂറിലധികം പ്രവാസി പ്രതിനിധികള്‍ പങ്കെടുക്കുന്ന സമ്മേളനത്തില്‍ എട്ട് വിഷയാധിഷ്ഠിത ചര്‍ച്ചകളും മേഖല ചര്‍ച്ചകളും നടക്കും.15ന് ചര്‍ച്ചകളുടെ റിപ്പോര്‍ട്ടിംഗ്. ഇതിനുള്ള മുഖ്യമന്ത്രിയുടെ മറുപടി പ്രസംഗത്തോടെയും സ്പീക്കറുടെ സമാപന പ്രസംഗത്തോടെയും നാലാം ലോക കേരള സഭയ്ക്ക് തിരശ്ശീല വീഴും.